കൊച്ചി: ബ്‌ളാസ്‌റ്റേഴ്സിന്റെ മിന്നലാക്രമണത്തിന്റെ 24 ാം മിനുട്ടിൽ മുംബയ് എഫ്.സിയുടെ നെഞ്ച് തുളഞ്ഞ് പന്ത് പറന്നിറങ്ങി. സ്വന്തം തട്ടകത്തിൽ മഞ്ഞക്കിളികളുടെ ആരവങ്ങൾക്ക് മുമ്പിൽ കൊമ്പൻമാർ വീണ്ടും തലയുയർത്തി. പിന്നീട് പ്രതിരോധവും മുന്നേറ്റവും വിരിയിച്ചെടുത്ത അക്രമണ ഫുട്ബാളിന്റെ ആദ്യ പകുതി. രണ്ടാം പകുതിയിൽ മുംബയ് എഫ്.സിയുടെ താളത്തിനു മുമ്പിൽ ബ്ളാസ്‌റ്റേഴ്സ് പ്രതിരോധം ആടിയുലഞ്ഞു.അധികസമയത്തിൽ കളി തീരാൻ ഒരു മിനിട്ട് ബാക്കി നിൽക്കേ മുംബയ് എഫ്.സി, ബ്ളാസ്‌റ്റേഴ്സിന്റെ ഹൃദയത്തിൽ നൃത്തം ചവിട്ടി. സ്‌കോർ 1-1. ജയിച്ചില്ലെങ്കിലുംതോൽക്കാതെ മുംബയ് മടങ്ങി. പടിക്കൽ കൊണ്ടുപോയി കലം മുടച്ചതിന്റെ നിരാശയിൽ ബ്ളാസ്‌റ്റേഴ്സും ആരാധകരും. ഇൻജുറി ടൈമിൽ മുംബയുടെ ബൂമിജിംഗിന്റെ ലോംഗ് റേഞ്ചറിനു മുന്നിൽ ബ്‌ളാസ്‌റ്റേഴ്സ് ഗോളി ധീരജ് സിംഗിന് ഒന്നും ചെയ്യാനായില്ല.കൊമ്പൻമാർ നിലംപൊത്തി വിങ്ങി.
മിന്നലാക്രമണം
ഇരമ്പിയാർത്ത മഞ്ഞതിരമാലകൾക്ക് മുമ്പിൽ മൂന്നാം മിനിട്ടിൽ തന്നെ ബ്ളാസ്‌റ്റേഴ്സ് വിരുന്നൊരുക്കി.നിർഭാഗ്യവശാലാണ് ആ സുവർണനിമിഷം ഗോളിൽ കലാശിക്കാതിരുന്നത്. ഹലിചരൺ നർസാരി വലതു വിംഗിലൂടെ ഒരുക്കി കൊണ്ടുവന്ന അക്രമണ ഫുട്ബാളിന്റെ സൗന്ദര്യം ചെന്നു പതിച്ചത് സെമിംഗ്‌ലെൻ ദൗംഗലിന്റെ കാലുകളിൽ. മുംബയ് എഫ്.സി. ഗോളി അമരീന്ദർസിംഗ് മാത്രം മുമ്പിൽ നിൽക്കേ ദൗംഗലിന്റെ ഫിനീഷിംഗ് ദുർബലമായി.പന്തു കൈകളിലൊതുക്കിയ അമരീന്ദർസിംഗ് മുംബയുടെ രക്ഷകനായി, പിന്നീട് തുടർച്ചയായി സ്‌ളാവിറ്റ സ്‌റ്റൊയനോവിച്ച് - ദൗംഗൽ സഖ്യത്തിന്റെ വലതുവിംഗിലൂടെയുള്ള മനോഹരമായ മുന്നേറ്റങ്ങൾ. മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരേ പോലെ വേഗതയേറിയ നീക്കങ്ങൾ. 24 ാം മിനിട്ടിൽ മിന്നലാക്രമണത്തിന്റെ ഫലം കണ്ടു. സ്റ്റൊയനോവിച്ച് മധ്യനിര കടത്തികൊണ്ടു വന്ന പന്ത് ദുംഗലിന്റെ കാലുകളിൽ. അവിടെ നിന്ന് പറന്ന പന്ത് ഹലിചരൺ നർസാരിയിലൂടെ മുംബയുടെ വല കുലുക്കിയപ്പോൾ ആവേശത്തിന്റെ വെടിക്കെട്ടിന് മഞ്ഞപ്പട തിരികൊളുത്തി. ഒന്നാം പകുതി അവസാനിക്കുമ്പോഴും ബ്ളാസ്‌റ്റേഴ്സിന്റെ മുന്നേറ്റങ്ങളായിരുന്നു കളിയുടെ അഴക്.
ആടിയുലഞ്ഞ്
ആദ്യ പകുതിയിൽ കണ്ട ബ്‌ളാസ്‌റ്റേഴ്സ് ആയിരുന്നില്ല രണ്ടാം പകുതിയിൽ. മുന്നേറ്റത്തിന്റെ മൂർച്ച കുറഞ്ഞു. ഇടതു വിംഗിലൂടെ മുംബയ് എഫ്.സിയുടെ കടന്നാക്രമണങ്ങൾ. 54 ാം മിനിട്ടിൽ ദൗംഗലിനെ പിൻവലിച്ച് സി.കെ. വിനീതിനെ ബ്ളാസ്‌റ്റേഴ്സ് കളത്തിലിറക്കി. 60 ാം മിനിട്ടിൽ സ്‌ട്രൈക്കർ പൊപ്ളാട്നിക്കിനെ പിൻവലിച്ച് പ്രതിരോധ താരം കറേജ് പെകൂസണിനെ കളത്തിലിറക്കി കോച്ച് ഡേവിഡ് ജെയിംസ് പ്രതിരോധ കോട്ട ഭദ്രമാക്കാൻ ശ്രമിച്ചു. 63 ാം മിനിട്ടിൽ ഇടുതു വിംഗിലൂടെ പാഞ്ഞെത്തിയ ആർനോൾഡ് ബ്ളാസ്‌റ്റേഴ്സിന്റെ വല ചലിപ്പിക്കുമെന്ന് തോന്നിച്ചെങ്കിലും പിഴച്ചു. ഗോളി ധീരജ്സിംഗിന്റെ പിഴവായിരുന്നു മുംബയ്‌ക്ക് അവസരമൊരുക്കിയത്. 70 ാം മിനിട്ടിൽ മലയാളി താരം സഹൽ അബ്‌ദുൾ സമദിനെ പിൻവലിച്ച് കിസിറ്റോ കെസിറോണിനെ കളത്തിലിറക്കിയെങ്കിലും മുംബയ് ഇടുതു വിംഗിലൂടെ പാഞ്ഞു കയറുന്ന കാഴ്ചയാണ് കണ്ടത്. ഇതിനിടയിൽ സൗമിത് ചക്രവർത്തിയുടെ ഒരു ബുള്ളറ്റ് ഷോട്ട് നിർഭാഗ്യവശാൽ ബ്ളാസ്‌റ്റേഴ്സിന്റെ വലകുലുക്കിയില്ല. ഇവിടെയും ധീരജ്സിംഗിന്റെ പിഴവ് നിഴലിച്ചു. 90 മിനിട്ടുകൾ പിന്നിട്ടു. കൈപ്പിടിയിലൊതുങ്ങിയ കളി. അധികസമയമായി അഞ്ച് മിനിട്ട് സ്‌ക്രീനിൽ തെളിഞ്ഞു. പറക്കും താരങ്ങളായി പച്ചപട്ടുടുത്ത മൈതാനിയിൽ പാഞ്ഞ മുംബയ് എഫ്.സി നെഞ്ചുയർത്തി നിന്ന കൊമ്പൻമാരുടെ ഹൃദയത്തിലേക്ക് 30 വാരെ അകലെ നിന്ന് ബുള്ളറ്റ് പായിച്ചു. അതിന് വേഗതയുടെയും മുന്നേറ്റത്തിന്റെയും സൗന്ദര്യമുണ്ടായിരുന്നു. ആ ഒറ്റ ഷോട്ടിൽ ബൂമിജിംഗ് മുംബയുടെ താരമായി.കഴിഞ്ഞ സീസണിലും കൊച്ചിയിൽ നടന്ന മത്സരത്തിൽ ബ്ളാസ്‌റ്റേഴ്സിനോട് മുംബയ് എഫ്.സി സമനില വഴങ്ങിയിരുന്നു. കൊച്ചിയിൽ ഒരു മത്സരവും വിജയിച്ചിട്ടില്ല. എ.ടി.കെയ്‌ക്കെതിരെ കളിച്ച ആദ്യ ഇലവനെ തന്നെയാണ് ഇന്നലെയും ബ്ളാസ്‌റ്റേഴ്സ് കളത്തിലിറക്കിയത്. പ്രളയത്തിൽ രക്ഷകരായ മത്സ്യതൊഴിലാളികൾക്കും സൈനികർക്കും ആദരവർപ്പിച്ചുള്ള ജഴ്സിയാണ് ബ്ളാസ്‌റ്റേഴ്സ് അണിഞ്ഞത്.
സന്തോഷ് ജിംഗാൻ@60
ഐ.എസ്.എല്ലിൽ 60 മത്സരങ്ങൾ പൂർത്തിയാക്കും ലു്യ താരമായി ബ്ളാസ്‌റ്റേഴ്സ് ക്യാപ്‌ടൻ സന്തോഷ് ജിംഗാൻ. ബ്‌ളാസ്‌റ്റേഴ്സിന്റെ മുൻ താരമായ ഇയാൻ ഹ്യൂമിന്റെ റെക്കാഡാണ് തകർത്തത്. ഈ സീസണിൽ ഹ്യൂമിന് ഇതുവരെ കളത്തിലിറങ്ങാനായില്ല.