ന്യൂഡൽഹി:അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് പാർലമെന്റിന്റെശൈത്യകാലസമ്മേളനത്തിൽ നിയമം കൊണ്ടുവരണമെന്ന് വിശ്വഹിന്ദു പരിഷത്ത് കേന്ദ്ര സർക്കാരിന് അന്ത്യ ശാസനം നൽകി.
ക്ഷേത്രനിർമ്മാണത്തിന് അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിലുള്ളഹർജിയിൽ വിധിവരുന്നതു വരെകാത്തുനിൽക്കാനാവില്ല. പാർലമെന്റ് നിയമം കൊണ്ടുവന്നില്ലെങ്കിൽ ജനുവരിയിൽഅലഹബാദിൽ കുംഭമേളയോടനുബന്ധിച്ച് നടക്കുന്ന സന്യാസിമാരുടെ ധർമ്മസൻസദ് അന്തിമ തീരുമാനമെടുക്കും.
രാമജന്മഭൂമി ന്യാസ് പ്രസിഡന്റ് മഹന്ദ് നിത്യ ഗോപാൽദാസിന്റെ നേതൃത്വത്തിൽ ഇന്നലെ ഡൽഹിയിൽ നടന്ന വിശ്വഹിന്ദുപരിഷത്ത് ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം. രാമക്ഷേത്രം നിർമ്മിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയവും യോഗം പാസാക്കി. രാമക്ഷേത്രം എത്രയും വേഗം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരെ പ്രതിനിധി സംഘം സന്ദർശിച്ചു.
ഒക്ടോബർ മുതൽ എല്ലാ സംസ്ഥാനങ്ങളിലും ക്ഷേത്രനിർമ്മാണത്തിനായി ബോധവത്കരണം നടത്തും. നേതാക്കൾ ഗവർണർമാരെ നിയമനിർമ്മാണത്തിനായി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടാൻ അഭ്യർത്ഥിക്കും.എല്ലാ പാർലമെന്റ് മണ്ഡലങ്ങളിലും പൊതുയോഗങ്ങൾ വിളിക്കും. നിയമം കൊണ്ടുവരാൻ എം.പിമാർ വഴി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തും.
നിയമനിർമ്മാണത്തിനായി രാഷ്ട്രപതി ഇടപെടണമെന്നും വി.എച്ച്.പി അന്തർദ്ദേശീയ വർക്കിംഗ് പ്രസിഡന്റ് അലോക്കുമാർ, ദേശീയ ജനറൽ സെക്രട്ടറി സുരേന്ദ്രജെയിൻ, മഹന്ദ് നിത്യ ഗോപാൽദാസ്, പരമാനന്ദജി മഹാരാജ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.