രാജ്കോട്ട്:വെസ്‌റ്രിൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ സമ്പൂർണ ആധിപത്യം. ആദ്യ ദിനത്തിലെ സൂപ്പർസ്റ്രാർ പ്രിത്വി ഷായ്ക്ക് പിന്നാലെ ഇന്നലെ നായകൻ വിരാട് കൊഹ്‌ലിയും (139), രവീന്ദ്ര ജഡേജയും ( പുറത്താകാതെ 100) സെഞ്ച്വറി നേടിയതോടെ ഇന്ത്യ 649/9 എന്ന കൂറ്രൻ ടോട്ടൽ പടുത്തുയർത്തി ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. എന്നാൽ മറുപടിക്കിറങ്ങിയ വെസ്റ്റിൻഡീസ് രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ 94/6 എന്ന നിലയിൽ ഫോളോ ഓൺ ഭീഷണിയിലാണ്. 4 വിക്കറ്റ് മാത്രം കൈയിലിരിക്കേ ഇന്ത്യൻ സ്കോറിനെക്കാൾ 555 റൺസ് പിന്നിലാണ് വിൻഡീസ്. 27 റൺസുമായി റോസ്റ്റൺ ചേസും 13 റൺസെടുത്ത കീമോ പോളുമാണ് കളിനിറുത്തുമ്പോൾ ക്രീസിൽ.
രാവിലെ 364/4 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യയെ കൊഹ്‌ലിയും റിഷഭ് പന്തും (92) അനായാസം മുന്നോട്ടു കൊണ്ടുപോയി.ഇതിനിടയിൽ കൊഹ്‌ലി ടെസ്റ്റിലെ തന്റെ 24-ാം സെഞ്ച്വറിയും നേടി. തൊട്ടുപിന്നാലെ ടെസ്റ്റിൽ തുടർച്ചയായ രണ്ടാം സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന റിഷഭ് പന്ത് അപ്രതീക്ഷിതമായി പുറത്തായി. സെഞ്ച്വറിക്ക് എട്ട് റൺസ് അകലെ ബിഷുവിന്റെ ഗൂഗ്ലിയിൽ ഷോർട്ട് തേഡ്മാനിൽ പോളിന്റെ കൈയിൽ പന്തിന്റെ ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു. 84 പന്തിൽ നിന്ന് 8 ഫോറും 4 സിക്സും ഉൾപ്പെട്ടതാണ് പന്തിന്റെ ഇന്നിംഗ്സ്. പന്തിന് പകരം നിറഞ്ഞ കരഘോഷങ്ങളുടെ അകമ്പടിയോടെ ലോക്കൽ ബോയ് രവീന്ദ്ര ജഡേജയെത്തി. ഏറെ പരിചയമുള്ള രാജ്കോട്ടിലെ പിച്ചിൽ ജഡേജ പരിഭ്രമമില്ലാതെ ബാറ്റ് വീശി. ഇതിനിടെ ടീം സ്കോർ 534 ൽ വച്ച് കൊഹ്‌ലി ഷെർമാൻ ലൂയിസിന്റെ പന്തിൽ ബിഷുവിന് ക്യാച്ച് നൽകി മടങ്ങി. 230 പന്ത് നേരിട്ട് 10 ഫോറുൾപ്പെട്ടതാണ് കൊഹ്‌ലിയുടെ 139 റൺസിന്റെ ഇന്നിംഗ്സ്. തുടർന്ന് ആർ.അശ്വിൻ (7), കുൽദീപ് യാദവ് (12), മുഹമ്മദ് ഷാമി (22) എന്നിവർ പുറത്തായി. ജഡേജ സ്വന്തം നാട്ടുകാരെ സാക്ഷി നിറുത്തി ടെസ്റ്റിൽ തന്റെ കന്നി സെഞ്ച്വറി പൂർത്തിയാക്കിയ ഉടനേ ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. 132 പന്ത് നേരിട്ട് 5 വീതം സിക്സും ഫോറും ഉൾപ്പെടെയാണ് ജഡേജ കന്നിസെഞ്ച്വറി നേടിയത്. വിൻഡീസിനായി ബിഷു 4ഉം ലൂയിസ് 2 ഉം വിക്കറ്റുകൾ നേടി.
പിന്നീട് ഒന്നാം ഇന്നിംഗ്സിനിറങ്ങിയ വെസ്റ്റിൻഡീസിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ടീം സ്കോർ 7ൽ എത്തിയപ്പോൾ തന്നെ രണ്ട് ഓപ്പണർമാരെയും തിരിച്ചയച്ച് മുഹമ്മദ് ഷമി സന്ദർശകരെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. ബ്രാത്ത്‌വെയ്റ്റിനെ (2) ക്ലീൻബൗൾഡാക്കിയ ഷമി കെയ്റോൺ പവലിനെ (1) വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. പിന്നീട് ഹോപ്പിനെ (10) അശ്വിൻ ക്ലീൻബൗൾഡാക്കിയപ്പോൾ ഹെറ്റ്‌മെയറിനെ (10) ജഡേജ റണ്ണൗട്ടാക്കി. ആംബ്രിസ് (12) ജഡേജയുടെ പന്തിൽ രഹാനെയ്ക്ക് ക്യാച്ച് നൽകി മടങ്ങി. വിക്കറ്ര് കീപ്പർ ഡോവ്‌റിച്ചിനെ (12) കുൽദീപ് ക്ലീൻബൗൾഡാക്കിയതോടെ വിൻഡീസ് 74/6 എന്ന നിലയിൽ ആവുകയായിരുന്നു.