ഏറെനാൾ മുറവിളി ഉയർന്നിട്ടും അനങ്ങാതിരുന്ന മോദി സർക്കാർ അവസാനം പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടര രൂപ കുറവുവരുത്തി. രണ്ടുമാസത്തിനുള്ളിൽ നടക്കാൻ പോകുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുതന്നെയാകണം ഇൗ തീരുമാനത്തിന് പിന്നിൽ. റോക്കറ്റേറി പായുന്ന ഇന്ധനവിലയിൽ ക്ഷുഭിതരായ ജനങ്ങളെ തെല്ലെങ്കിലും ശാന്തരാക്കാൻ ഉദ്ദേശിച്ചാകണം ഇൗ ചെപ്പടിവിദ്യ. എന്തുതന്നെയായാലും ഏറെ നാളുകൾക്കുശേഷം പെട്രോളിനും ഡീസലിനും നാമമാത്രമായെങ്കിലും വില കുറയുമെന്നത് നല്ല ലക്ഷണംതന്നെയാണ്. കേന്ദ്ര തീരുമാനത്തെത്തുടർന്ന് ബി.ജെ.പി ഭരിക്കുന്ന പന്ത്രണ്ട് സംസ്ഥാനങ്ങളും ഇന്ധന നികുതിയിൽ ആനുപാതികമായ കുറവു വരുത്തിയിട്ടുണ്ട്. ഇതിന്റെ ഫലമായി ഇൗ സംസ്ഥാനങ്ങളിൽ ഇന്ധനത്തിന് ലിറ്ററിന് അഞ്ചുരൂപയുടെ കുറവുവരും. മഹാരാഷ്ട്ര സർക്കാർ പെട്രോളിന്റെ കാര്യത്തിൽ മാത്രമാണ് ആനുകൂല്യം പ്രഖ്യാപിച്ചത്. ഡീസലിന് കേന്ദ്രം വരുത്തിയ രണ്ടര രൂപയുടെ കുറവെ ഉണ്ടാകൂ.കേന്ദ്രം രണ്ടര രൂപ കുറച്ചെങ്കിലും കേരളം അതിന് മുതിരുകയില്ലെന്നാണ് ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ പ്രഖ്യാപനം. പല ഘട്ടങ്ങളിലായി കേന്ദ്രം വർദ്ധിപ്പിച്ച വില പൂർണമായും പിൻവലിക്കാൻ ഒരുക്കമാണെങ്കിൽ കേരളവും അതനുസരിച്ച് നികുതി കുറയ്ക്കാമെന്ന നിലപാടിലാണ് അദ്ദേഹം. ഇന്ധവിലക്കയറ്റത്തിനെതിരെ നിരന്തരം ഒച്ചവയ്ക്കുകയും കേന്ദ്രത്തെ ശകാരിക്കുകയും ചെയ്യാറുള്ള സംസ്ഥാന ധനമന്ത്രി നേരിയ തോതിലാണെങ്കിലും കേന്ദ്രം ഇപ്പോൾ വില കുറയ്ക്കാൻ തയ്യാറായപ്പോൾ തൊടുന്യായം പറഞ്ഞ് അതിൽനിന്ന് ഒഴിഞ്ഞുമാറുന്നത് ജനവികാരത്തിന് എതിരാണ്. ഇളവ് നിസാരമാണെങ്കിൽപ്പോലും അത് ജനങ്ങളിലേക്ക് കൈമാറുമ്പോഴാണ് സർക്കാരിന്റെ യഥാർത്ഥ ജനകീയമുഖം ദൃശ്യമാകുന്നത്.
പെട്രോളിനും ഡീസലിനും രണ്ടര രൂപ കുറവു വരുത്തിയതുവഴി കേന്ദ്രത്തിന് അടുത്ത ആറുമാസം 10,500 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി പറയുന്നത്. ഏത് നിലയിൽ നോക്കിയാലും ഇത് നഷ്ടമായി കരുതാനാവില്ല. കാരണം 2014 നവംബറിനുശേഷം ഇതുവരെ കേന്ദ്ര സർക്കാർ പെട്രോളിന്റെ എക്സൈസ് തീരുവയിൽ 19.48 രൂപയും ഡീസൽ തീരുവയിൽ 15.33 രൂപയും വർദ്ധിപ്പിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയ്ക്ക് ഏറ്റവും വില കുറഞ്ഞുനിന്ന കാലത്താണ് ഇവിടെ നിരന്തരം തീരുവ വർദ്ധിപ്പിച്ച് ഭീമമായ തോതിൽ കേന്ദ്രം വരുമാനമുണ്ടാക്കിയത്. ഇപ്പോൾ രണ്ടര രൂപയുടെ കുറവുവരുത്താനുള്ള കേന്ദ്ര തീരുമാനം പുറത്തുവന്ന ദിവസം ക്രൂഡ് വില 86 ഡോളറായി ഉയർന്നിട്ടുണ്ട്. അതിന്റെ ആഘാതം ഏതായാലും തിരഞ്ഞെടുപ്പുകാലം വരെ ഉണ്ടാകാനിടയില്ല. ജനങ്ങളെ ഭയപ്പെടേണ്ട നാളുകളാണല്ലോ തിരഞ്ഞെടുപ്പുകാലം. പെട്രോളിയം ഉത്പന്നങ്ങളുടെ തീരുവ വർദ്ധനവഴി സർക്കാർ ഇതിനകം 2.29 ലക്ഷം കോടി രൂപയുടെ അധിക വരുമാനം നേടിയിട്ടുണ്ടെന്നാണ് കണക്ക്. ജനങ്ങളെ ഇക്കാലമത്രയും പിഴിഞ്ഞുണ്ടാക്കിയ ഇൗ അധിക വരുമാനത്തിൽ ഒരുവർഷം 21,000 കോടി രൂപ കുറയുന്നതിൽ സങ്കടപ്പെടുന്ന കേന്ദ്ര ധനമന്ത്രി ഇന്ധനമേഖലയെ കറവപ്പശുവായാണ് കാണുന്നത്.
പെട്രോളിനും ഡീസലിനും മാത്രമല്ല എല്ലാത്തരം ഇന്ധനങ്ങൾക്കും ഉയർന്ന വിലയാണിപ്പോൾ. പാചകവാതക വിലയിൽ ഗണ്യമായ വർദ്ധനയാണുണ്ടായിരിക്കുന്നത്. മണ്ണെണ്ണ, സി.എൻ.ജി, വിമാന ഇന്ധനം എന്നിവയ്ക്കും അടിക്കടി വില കൂട്ടിക്കൊണ്ടിരിക്കുകയാണ്. സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം ഇന്ധനവിലയിൽ കുറവുവരുത്താൻ മടിച്ചിരുന്നത്. ഏറെ കരുതലെടുത്തിട്ടും പിടിച്ചുനിൽക്കാൻ കഴിയാത്തവിധം രൂപയുടെ വിനിമയമൂല്യം കുത്തനേ ഇടിയുന്ന പരിതാപകരമായ കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഇതിനിടയിലും ഇന്ധനവിലയിൽ നേരിയ കുറവെങ്കിലും വരുത്താൻ തയ്യാറായത് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി കണ്ടാൽ മതി. കേന്ദ്രം കുറയ്ക്കുന്ന രണ്ടര രൂപയിൽ ഒരു രൂപ എണ്ണക്കമ്പനി വക ഇളവായിരിക്കും. കേന്ദ്ര സർക്കാരിനൊപ്പം നാലഞ്ചുവർഷങ്ങളായി രാജ്യത്തെ എണ്ണക്കമ്പനികളും വല്ലാതെ തടിച്ചുകൊഴുക്കുകയായിരുന്നു. ഒരു രൂപയുടെ ഇളവ് നൽകേണ്ടിവരുമ്പോൾ മൂന്ന് പൊതുമേഖലാ എണ്ണക്കമ്പനികൾക്കുമായി ഒരുവർഷം 9000 കോടി രൂപയുടെ വരുമാനക്കുറവുണ്ടാകുമത്രേ. എന്നിരുന്നാലും ലാഭം കുമിഞ്ഞുകൂടുന്ന എണ്ണക്കമ്പനികളൊന്നും ഇപ്പോൾ പഴയ നഷ്ടക്കണക്കുകൾ പറയാറില്ല. വില നിർണയാധികാരം ലഭിച്ചതോടെ അവയ്ക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. സ്വകാര്യ എണ്ണക്കമ്പനികളുടെ കാര്യം പറയാനുമില്ല.
എണ്ണവില വർദ്ധന സകല മേഖലകളെയും പ്രത്യേകിച്ചും മോട്ടോർ വാഹന വ്യവസായത്തെ ഏറെ പ്രതികൂലമായി ബാധിച്ചുകഴിഞ്ഞു. ഡീസൽ വില താങ്ങാനാകാതെ പൊതുഗതാഗത മേഖല നിന്നു കിതയ്ക്കുകയാണ്. കേരളത്തിൽ പല സ്വകാര്യ ബസ് ഒാപ്പറേറ്റർമാരും പിടിച്ചുനിൽക്കാൻ കഴിയാതെ രംഗം വിട്ടൊഴിയുകയാണ്. രണ്ടായിരത്തിലധികം ബസുകൾ ഇതിനകം പിൻവാങ്ങിക്കഴിഞ്ഞു. കെ.എസ്.ആർ.ടി.സിയും ഉയർന്ന ഡീസൽ വില കാരണം നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നു. ഇന്ധനവിലയുടെ കാര്യത്തിൽ യാഥാർത്ഥ്യബോധത്തിലധിഷ്ഠിതമായ ഒരു നയം ഉണ്ടാകുന്നില്ലെങ്കിൽ സമ്പദ് രംഗം കൂടുതൽ ഗുരുതരമായ പ്രതിസന്ധികളിലേക്ക് നീങ്ങുമെന്ന് ഉറപ്പാണ്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാകരുത് വില നിർണയം. നാനാമേഖലകളും നേരിടുന്ന വിലക്കയറ്റത്തിന് അടിസ്ഥാനകാരണം ഉയർന്ന ഇന്ധനവില തന്നെയാണ്. അത് മനസിലായിട്ടും മനസിലായില്ലെന്ന് ഭാവിക്കുകയാണ് കേന്ദ്ര ഭരണാധികാരികൾ. പ്രശ്നത്തിൽ രാഷ്ട്രീയംകൂടി കലരുന്നതാണ് രാജ്യം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ബി.ജെ.പി ഇതര സംസ്ഥാനങ്ങളിൽ പെട്രോളിനും ഡീസലിനും രണ്ടര രൂപയുടെ കുറവുമാത്രമേ ഉണ്ടാകൂ. ഇൗ സംസ്ഥാനങ്ങൾ സംസ്ഥാന നികുതിയിൽ ഇളവ് വരുത്താൻ വിസമ്മതിക്കുകയാണ്. ഫലത്തിൽ നഷ്ടമുണ്ടാകുന്നത് ജനങ്ങൾക്കാണ്.