ശബരിമലയും ശാസ്താവും ഭക്തിയെക്കാളുപരി മലയാളികളുടെ സവിശേഷമായ ഒരു വികാരമാണ്. മണ്ഡലകാലം കേരളമൊട്ടാകെ വ്രതവിശുദ്ധിയുടെ കാലവുമാകുന്നു. വിവേചനങ്ങൾക്കെതിരെ നിയമങ്ങളും വിളംബരങ്ങളും വരും മുമ്പേ ഭക്തന്റെ ജാതിയും മതവും സമ്പത്തും തനിക്ക് ബാധകമല്ലെന്ന് പ്രഖ്യാപിച്ച ശാസ്താവിന്റെയും ശബരിമലയുടെയുംചരിത്രപരമായമൂല്യം അളവുകോലുകൾക്കപ്പുറമുള്ളതാണ്. തന്നെ തേടിയെത്തുന്ന ഭക്തനോട് 'അത് നീയാകുന്നു" എന്ന് പ്രഖ്യാപിക്കുന്നതാണ് ശബരീശന്റെ ഭക്തിമന്ത്രം. അനന്യമായ ആചാരങ്ങളും കീഴ് വഴക്കങ്ങളും വ്രതവിശുദ്ധിയുമെല്ലാം ശബരിമലതീർത്ഥാടകരും അവരുടെ കുടുംബങ്ങളും നാടും നാട്ടുകാരും സർവാത്മനാ നൂറ്റാണ്ടുകളായി അംഗീകരിച്ചിരിക്കുന്നു. ഇങ്ങനെയാരു വ്രതവിശുദ്ധി പേറുന്ന മറ്റൊരു തീർത്ഥാടനം വേറെങ്ങുമുണ്ടാകാനിടയില്ല. ആ സവിശേഷത കൊണ്ടുമാത്രമാണ് തീർത്ഥാടകരുടെ ഇഷ്ടക്ഷേത്രമായി ശബരിമല മാറുന്നത്.
ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതിവിധി ആഘോഷമാക്കുന്നവരും വിധി ഉടൻ നടപ്പിലാക്കാൻ ശ്രമിക്കുന്നവരുമൊക്കെ ശബരിമലയുടെ ഭക്തിയുടെ പവിത്രതയും ചരിത്ര പ്രാധാന്യവും തിരിച്ചറിയണം. വിശ്വാസികളുടെ മനസ് അറിയണം. സുപ്രീംകോടതി വിധി എന്നതു മാത്രമാകരുത് അവിടെ മാനദണ്ഡം. ഒരു കോടതി വിധിക്ക് നിർണയിക്കാവുന്നതാണോ ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങളും ഭക്തരുടെ വിശ്വാസങ്ങളും. സംശയമാണ്. ലോകത്തെ ഏറ്റവും പുരാതനമായ സംസ്കാരങ്ങളിലൊന്നാണ് ഹിന്ദുസംസ്കാരം. അറിഞ്ഞും കേട്ടും ആദരിച്ചും ആക്രമിച്ചും വന്നെത്തിയ മറ്റു മതങ്ങളെയും സംസ്കാരങ്ങളെയും സ്വാംശീകരിച്ച മറ്റൊരു സംസ്കാരം ലോകത്തുണ്ടോ. നൂറ്റാണ്ടുകൾ പിന്തുടർന്ന എത്രയോ പ്രാകൃതമായ ആചാരങ്ങളെയും മാമൂലുകളെയും ആധുനിക ഭാരതം നിസാരമായി തിരസ്കരിച്ചു. വിശ്വഗുരുവായ ശ്രീനാരായണഗുരുദേവൻ തന്നെ കേരളത്തിൽ നിലനിന്ന എത്രയോ അനാചാരങ്ങൾ അവസാനിപ്പിച്ചു. സതിയും ദേവദാസി സമ്പ്രദായവുമെല്ലാം ഇല്ലാതാക്കിയപ്പോൾ അതിനെ സർവാത്മനാ സ്വാഗതം ചെയ്തവരാണ് ഭാരതീയർ. എങ്കിലും ഇപ്പോഴും ചില അനാചാരങ്ങളുടെ അവശിഷ്ടങ്ങൾ പലരീതിയിൽ പല പേരിൽ ഒളിഞ്ഞും തെളിഞ്ഞും ഉണ്ടെന്നതും യാഥാർത്ഥ്യമാണ്. ഇതൊക്കെയുമായി താരതമ്യം ചെയ്താൽ തീർത്തും നിർദോഷമായ ഒരു പ്രായനിയന്ത്രണം മാത്രമാണ് ശബരിമലയിലുള്ളത്. അത് അയ്യപ്പസങ്കല്പത്തിന്റെ അടിസ്ഥാന പ്രമാണവുമാണ്.
കാനനവാസന്റെ യഥാർത്ഥ ഭക്തർ ആ നിഷേധം അനുഗ്രഹമായി കരുതുന്നവരാണ്. അതിലേക്ക് ആർത്തവവും ഭരണഘടനാ ലംഘനവുമൊക്കെ വലിച്ചുകൊണ്ടുവന്ന് ഭരണഘടനാ തത്വങ്ങളെ ഇഴകീറി പരിശോധിക്കേണ്ട കാര്യമില്ലായിരുന്നു. ആർത്തവത്തെ ഹൈന്ദവർ മോശപ്പെട്ടതായി കാണുന്നുവെന്ന പ്രചാരണങ്ങൾ ദുരുദ്ദേശപരമാണ്. പെൺകുട്ടികൾ ഋതുമതിയാകുന്നത് ആഘോഷമായി കാണുന്നവരാണ് നാം. ആർത്തവകാലത്ത് വീട്ടിൽ നിലവിളക്ക് പോലും കത്തിക്കാത്തവരാണ് ഹൈന്ദവ സ്ത്രീകൾ. അതാരും അടിച്ചേൽപ്പിക്കുന്നതല്ല. സ്വയം നിയന്ത്രണമാണ്. ഒരു ക്ഷേത്രകവാടത്തിലും ആർത്തവക്കാരെ പരിശോധിക്കാൻ ആൾക്കാരില്ല. എന്നിട്ടും എന്തിനാണ് ഇങ്ങിനെയൊരു ചർച്ച തന്നെ. ഭരണഘടന അടിസ്ഥാനമാക്കി മതാചാരങ്ങളെ നിർവചിക്കാൻ തുടങ്ങിയാൽ എവിടെ ചെന്നെത്തുമെന്ന് ആലോചിക്കണം. ഇസ്ളാം മതത്തിലെ ബഹുഭാര്യാത്വം, സുന്നത്ത്,തലാക്ക്,മസ്ജിദുകളിലെസ്ത്രീനിരോധനം, ക്രൈസ്തവരിലെ പൗരോഹിത്യവിവേചനം, കാനോനിക നിയമങ്ങൾ തുടങ്ങിയവയൊക്കെ നിയമയുദ്ധത്തിലേക്കെത്തിയാൽ ശബരിമല വിധിയുടെ കാര്യത്തിൽ കാണിക്കുന്ന വാശിയും ശുഷ്കാന്തിയും ഉണ്ടാവില്ലെന്ന് നിസംശയം പറയാം. ഷാബാനു കേസും മുത്തലാക്കുമൊക്കെ അതിന് ഉദാഹരണങ്ങളാണ്.
ശബരിമലയിലെ സ്ത്രീപ്രവേശനത്തിന്റെ പേരിൽ കേരളത്തിലെ മാത്രമല്ല, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഹൈന്ദവരെ ഒട്ടാകെ പ്രകോപിപ്പിക്കുന്ന നിലപാടുകളാണ് കേരള സർക്കാർ സ്വീകരിക്കുന്നത്. തങ്ങൾക്കിഷ്ടമല്ലാത്ത കോടതി വിധികൾ മറികടക്കാൻ നിയമനിർമ്മാണങ്ങളുൾപ്പടെ പലവിധ തന്ത്രങ്ങൾ പയറ്റിയ, പയറ്റിക്കൊണ്ടിരിക്കുന്നവരാണ് ശബരിമല പ്രശ്നത്തിലെ കോടതിവിധി ഉടനടി നടപ്പാക്കാൻ കച്ചകെട്ടിയിറങ്ങുന്നത്. അത്രയ്ക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ ശബരിമലയിൽ എത്തുന്ന ഭക്തർക്ക് മിനിമം അടിസ്ഥാന സൗകര്യങ്ങളെങ്കിലും ഒരുക്കാൻ ഇത്രയും കാലം കേരളം ഭരിച്ച ഇടതു-വലതു സർക്കാരുകൾ തയ്യാറാകണമായിരുന്നു.അവിടെ സാധാരണ ഭക്തർക്ക് വൃത്തിയുള്ളഒരുടോയ്ലറ്റ്പോലും കെട്ടാൻ കഴിയാത്തവരാണ് ഇപ്പോൾ ആദർശവാദികളാകുന്നത്. സന്നിധാനത്തെ ദശലക്ഷക്കണക്കിന് ലിറ്റർ കക്കൂസ് മാലിന്യമുൾപ്പടെ പമ്പയിലേക്ക് ഒഴുക്കിവിടുന്ന ഭരണകർത്താക്കൾ ഇക്കാര്യത്തിൽ കാണിക്കുന്ന ശുഷ്കാന്തിയുടെ പിന്നാമ്പുറം വേറെയാണ്. ദേവസ്വം ബോർഡുകളിലെ ശാന്തിനിയമനത്തിൽ ജാതി വിവേചനം പാടില്ലെന്ന സുപ്രീം കോടതി വിധി 2002ൽ ഉണ്ടായതാണ്. അത് നടപ്പാക്കാൻ തുനിയാതിരുന്നവരാണ് കേരളത്തിലെ ഇടതു-വലതുപക്ഷ സർക്കാരുകളും ദേവസ്വം ബോർഡുകളും. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒഴികെയുള്ള സർക്കാർ നിയന്ത്രിതമായ മറ്റ് നാല് ദേവസ്വം ബോർഡുകളും ഇതുവരെ അത് നടപ്പാക്കിയിട്ടില്ല.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ശബരിമലയിൽ തന്നെ മേൽശാന്തി നിയമനം ബ്രാഹ്മണർക്ക് മാത്രമാണ്. അതിനെ ചോദ്യം ചെയ്യുന്ന ഹർജികളിൽ ആചാരങ്ങളും അനുഷ്ഠാനങ്ങളും താന്ത്രിക വിധികളും ചൂണ്ടിക്കാട്ടി സുപ്രീം കോടതി വിധിയെ എതിർത്ത് ദേവസ്വം ബോർഡും സർക്കാരും ഇപ്പോഴും നിയമയുദ്ധം നടത്തുന്നുണ്ട്. അക്കൂട്ടർ തന്നെയാണ് പുതിയ വിധി നടപ്പാക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്നതെന്നാണ് സത്യം. സ്വതവേ സമാധാന പ്രിയരായ ഹൈന്ദവ സമൂഹത്തിലേക്ക് അശാന്തിയുടെ കരിനിഴൽ വീഴ്ത്തിക്കഴിഞ്ഞു ഈ സംഭവ വികാസങ്ങൾ. മണ്ഡല കാലം തുടങ്ങാൻ ഇനി ആഴ്ചകൾ മാത്രമേ ശേഷിക്കുന്നുള്ളൂ. വിവിധ ഭാഷക്കാരായ ജനലക്ഷങ്ങൾ ഒഴുകിയെത്തുന്ന ശബരീശ സന്നിധിയെ സർക്കാർ സമീപനം സംഘർഷഭരിതമാക്കിയേക്കാം. ശബരിമലയും ശാസ്താവും ശരാശരി മലയാളിയുടെ രക്തത്തിൽ അലിഞ്ഞുചേർന്ന വികാരമാണ്. നിലയ്ക്കൽ സമരം അത് വ്യക്തമാക്കിയതുമാണ്. ജനവികാരം അറിയാനും അതിനനുസരിച്ച് പ്രായോഗികവും യുക്തിഭദ്രമായ നിലപാടുകൾ സ്വീകരിക്കാനും കഴിവുള്ളവരാകണം ജനാധിപത്യത്തിലെ ഭരണാധികാരികൾ. തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് സുപ്രീംകോടതി നിരോധിച്ചതാണ്. അതെങ്ങിനെ ആ സംസ്ഥാനം മറികടന്നുവെന്ന് കേരള സർക്കാർ അന്വേഷിക്കണം. ശബരീശ സന്നിധിയിൽ വീണ്ടുവിചാരമില്ലാതെ ഉടനടി സ്ത്രീകളെ പ്രവേശിപ്പിക്കാൻ വാശിപിടിക്കുന്നത് നല്ല നീക്കമല്ല. അവധാനതയോടെ, കാര്യങ്ങൾ വിലയിരുത്തി ബന്ധപ്പെട്ട എല്ലാവരെയും വിളിച്ചുകൂട്ടി ചർച്ചകൾ നടത്തിഭക്തരുടെആശങ്കകൾഅകറ്റാനുള്ള നടപടിസ്വീകരിക്കണം.വേണ്ടിവന്നാൽ നിയമനിർമാണവും ആലോചിക്കണം.കോടതിവിധിമറികടക്കാൻ സ്വകാര്യമെഡിക്കൽകോളേജുകൾക്ക് വേണ്ടി നിയമം നിർമ്മിച്ചവരല്ലേ നമ്മൾ.അപ്പോൾ ശബരിമലയുടെകാര്യത്തിലുംഅതിന്റെസാദ്ധ്യതകൾപരിശോധിക്കണം.പുന:പരിശോധനാ ഹർജി നൽകണം. എല്ലാസാദ്ധ്യതകളുംഅടയുകയാണെങ്കിൽമാത്രം സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാകും ഉചിതം. മർക്കടമുഷ്ടിയും പിടിവാശിയും ഭരണകൂടങ്ങൾക്ക് ഭൂഷണമല്ല.