സംസ്ഥാനത്ത് മദ്യനിർമാണശാലകൾക്കുള്ള അനുമതിക്ക് പിന്നിലെ അഴിമതി പുറത്തുവന്നതോടെ അത് മൂടിവയ്കാനുള്ള വെപ്രാളത്തിലാണ് സർക്കാർ. ഇടപാട് സംബന്ധിച്ച് ഞാൻ ഉന്നയിച്ച ലളിതമായ പത്ത് ചോദ്യങ്ങളിൽ ഒന്നിന് പോലും ഇതുവരെ തൃപ്തികരമായ മറുപടി നൽകാൻ എക്സൈസ് മന്ത്രിക്കോ മുഖ്യമന്ത്രിക്കോ കഴിഞ്ഞിട്ടില്ല.
ഇപ്പോൾ ബ്രൂവറികളും, ഡിസ്റ്റലറിയും കിട്ടിയ നാല് പേർ മാത്രം ( ഏഴ് പേരുടെ അപേക്ഷയെന്നാണ് സർക്കാർ പറയുന്നത് ) ഇവ അനുവദിക്കാൻ പോകുന്നുവെന്ന വിവരം എങ്ങനെ അറിഞ്ഞു എന്നതാണ് കാതലായ ചോദ്യം. കഴിഞ്ഞ 19 വർഷമായി സംസ്ഥാനത്ത് മദ്യനിർമാണശാലകൾ അനുവദിക്കുന്നില്ല. അപേക്ഷിച്ചാൽത്തന്നെ മദ്യനിർമാണശാലകൾ അനുവദിക്കേണ്ടതില്ലന്നും 1999ലെ നയപരമായ തിരുമാനം എടുത്തിട്ടുണ്ടെന്നും പറഞ്ഞു അത് നിരസിക്കുകയായിരുന്നു പതിവ്. അതിനാൽ സാധാരണ ആരും അപേക്ഷിക്കാറില്ല. പിന്നെങ്ങനെ പിണറായി കുറച്ചുപേർ അപേക്ഷയുമായി എത്തി.
മാറിമാറി വരുന്ന സർക്കാരുകൾ നിരസിച്ച ഒരു കാര്യം പുനരാംരംഭിക്കുമ്പോൾ അത് പ്രകടന പത്രികയിലും മദ്യനയത്തിലും പ്രഖ്യാപിക്കേണ്ടതല്ലേ എന്ന ചോദ്യത്തിന് മദ്യ വർജ്ജനമാണ് സർക്കാരിന്റെ നയമെന്നും അതിനായി കൂടുതൽ ശക്തമായി ഇടപെടൽ നടത്തുമെന്നും പ്രകട പത്രികയിലും മദ്യ നയത്തിലും പറയുന്നില്ലേ, പിന്നെന്താണ് കുഴപ്പമെന്നാണ് മുഖ്യമന്ത്രിയുടെ മറുചോദ്യം
മന്ത്രിസഭയിൽ കൊണ്ടു വരാത്തതിന്റെ രഹസ്യം
നയംമാറ്റം എന്തുകൊണ്ട് ഇടതുമുന്നണിയിൽ ചർച്ച ചെയ്തില്ല, മന്ത്രിസഭയിൽ കൊണ്ട് വന്നില്ല, ബഡ്ജറ്റിലോ നയപ്രഖ്യാപനത്തിലോ പ്രഖ്യാപിച്ചില്ല . കാരണം ലളിതമാണ്. ഘടകകക്ഷികളും മറ്റ് മന്ത്രിമാരും അറിയും.അങ്ങനെയായാൽ രഹസ്യ ഇടപാട് നടക്കില്ല.
1999 ലാണ് സംസ്ഥാനത്ത് മദ്യനിർമാണശാലകൾ തുടങ്ങേണ്ടതില്ലെന്ന സുപ്രധാനമായ തീരുമാനം ഉണ്ടാകുന്നത്. അന്ന് ഇ.കെ. നായനാരായിരുന്നു മുഖ്യമന്ത്രി. 98 ൽ കുറച്ച് മദ്യശാലകൾക്ക് അനുമതി നൽകിയതോടെ ലൈസൻസിനുള്ള അപേക്ഷകരുടെ പ്രളയമായി. അങ്ങനെയാണ് നായനാർ സർക്കാർ ഉന്നതതല കമ്മിറ്റിയെ വച്ചതും, മദ്യനിർമാണ ശാലകൾ ഒന്നും അനുവദിക്കേണ്ടതില്ലന്ന് തീരുമാനിച്ചതും. പിണറായിയെപ്പോലെ ഇതൊന്നും മന്ത്രിസഭയിൽ കൊണ്ടുവരേണ്ട കാര്യമല്ലെന്ന് നയനാർ ചിന്തിച്ചില്ല. അന്നത്തേത് വെറും എക്സിക്യൂട്ടീവ് ഉത്തരവാണെന്നാണ് പിണറായി സർക്കാർ വാദിക്കുന്നത്. പക്ഷേ നയപരമായ തീരുമാനം തന്നെയായിരുന്നു. അതിനാലാണ് കഴിഞ്ഞ മാറിവന്ന സർക്കാരുകൾ ഉത്തരവ് നയപരമായ തിരുമാനമാണെന്ന് ചൂണ്ടിക്കാട്ടി പുതിയ മദ്യനിർമാണ ശാലകൾക്കുള്ള അനുമതി നിരസിച്ചത്.
2008 ലെ വി.എസ് സർക്കാർ മദ്യനിർമാണ ശാലകൾക്കുള്ള അനുമതി നിഷേധിച്ചതും 99 ലെ ഈ ഉത്തരവിന്റെ ബലത്തിലാണ്. വിചിത്രമായ കാര്യം ഇതൊന്നുമല്ല. ഇപ്പോൾ മദ്യനിർമാണ ശാലകൾക്ക് ലൈസൻസ് നൽകാൻ സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവിലും 99 ലെ ഈ ഉത്തരവ് ഉദ്ധരിക്കുന്നുണ്ട്.
ശ്രീചക്രാ ഫയൽ തെളിവ്
പ്രതിപക്ഷ ആരോപണത്തിന്റെ മുനയൊടിക്കാൻ ഇടതുമുന്നണിയുമായി ബന്ധമുളള ഏജൻസികൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടതാണ് ശ്രീചക്രാ ഡിസ്റ്റിലറീസുമായി ബന്ധപ്പെട്ട ഫയൽ . ഇത് തന്നെയാണ് ക്രമക്കേടിനുള്ള തെളിവും ! 1999 ലെ ഉത്തരവ് നിലനിൽക്കുന്നതിനാൽ സർക്കാർ നയപരമായ തീരുമാനമെടുത്ത് മന്ത്രിസഭാ തീരുമാനത്തിന് വിധേയമായി മാത്രമേ ശ്രീചക്രയ്ക്ക് ഡിസ്റ്റിലറിക്കുള്ള അനുമതി നൽകാവൂ എന്നാണ് ഉദ്യേഗസ്ഥർ ഫയലിൽ കുറിച്ചിരിക്കുന്നത്. അഡീ. ചീഫ് സെക്രട്ടറി ടോം ജോസ് ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ ഇതംഗീകരിച്ചു. പക്ഷേ മന്ത്രിസഭയിൽ വയ്കണമെന്ന ഉദ്യോഗസ്ഥരുടെ നിർദേശം തള്ളി ശ്രീചക്രാ ഡിസ്റ്റിലറീസിന് തൃശൂർജില്ലയിൽ വിദേശമദ്യ നിർമാണത്തിന് കോമ്പൗണ്ട് ആൻഡ് ബ്ളെന്റിംഗ് ആന്റ് ബോട്ട് ലിംഗ് യൂണിറ്റിന് സ്ഥാപിക്കാൻ അനുമതി നൽകാമെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ ഫയലിൽ കുറിച്ചു. മുഖ്യമന്ത്രി അതംഗീകരിച്ചതോടെ തീരുമാനമായി.
ഇത്തവണ അനുവദിച്ച നാല് അപേക്ഷകളിൽ രണ്ടിനും സ്ഥലത്തെക്കുറിച്ച് അവ്യക്തതയാണ്. 1975 ലെ കേരള ഫോറിൻ ലിക്വർ റൂൾസിലും, 1967 ലെ ബ്രൂവറി റൂൾസിലും അപേക്ഷയോടൊപ്പം വയ്ക്കേണ്ട രേഖകൾ എന്തൊക്കെയാണെന്ന് നിശ്ചയിട്ടുണ്ട്. ശ്രീചക്രയുടെ കാര്യത്തിൽ സർവെ നമ്പർ പോലും കാണുന്നില്ല.
എറണാകുളത്തെ കിൻഫ്രാ പാർക്കിൽ സ്ഥാപിക്കാൻ അനുമതി കൊടുത്ത പവർ ഇൻഫ്രാടെക് ലിമിറ്റഡിന്റെ കാര്യത്തിലാകട്ടെ അഴിമതിയുടെ വൈപുല്യം വെളിപ്പെടുത്തുന്ന ക്രമക്കേടുകളാണ് ഇതിനകം പുറത്ത് വന്നിട്ടുള്ളത്. പവർ ഇൻഫ്രാ ടെകിന് ഇവിടെ സ്വന്തമായോ പാട്ടവ്യവസ്ഥയിലോ ഭൂമിയില്ല. സി.പി.എമ്മിലെ ഉന്നത നേതാവിന്റെ മകനായ കിൻഫ്രാ ജനറൽ മാനേജർ (പ്രോജക്ട്) ചട്ടങ്ങൾ ലംഘിച്ച് നൽകിയ അനുമതിപ്പത്രത്തിന്റെ ബലത്തിൽ മാത്രമാണ് ലൈസൻസിനുള്ള അനുമതി നൽകിയത്.
പഠനങ്ങൾ നടന്നില്ല
സംസ്ഥാനത്ത് ഇപ്പോൾ പ്രവർത്തിക്കുന്ന മദ്യനിർമാണ ശാലകൾ അവയുടെ ശേഷിയുടെ പകുതിയെ ഉപയോഗിക്കുന്നുള്ളു. ഒരു മാസം 20 ലക്ഷം കെയ്സ് വിദേശ മദ്യമാണ് സംസ്ഥാനത്ത് വിൽക്കുന്നത്. പക്ഷേ മാസം 40 ലക്ഷം കെയ്സ് മദ്യം ഉത്പാദിക്കാനുളള ശേഷി സംസ്ഥാനത്തെ ഡിസ്റ്റിലറികൾക്കുണ്ട്. അതായത് ഇപ്പോൾ പുറത്ത് നിന്ന് വരുന്ന എട്ട് ശതമാനം മദ്യം കൂടി ഇവിടെ ഉത്പാദിപ്പിക്കാൻ കഴിയുമെന്നർത്ഥം.
പേടിപ്പെടുത്തുന്ന ജലചൂഷണം
പാലക്കാട്ടെ എലപ്പുള്ളിയിൽ അപ്പോളോ ബ്രൂവറിയുടെ കാര്യമെടുക്കുക. അഞ്ച് ലക്ഷം ഹെക്ട്രാ ലിറ്റർ ബിയർ ആണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ഇതിന് 10 കോടി ലിറ്റർ വെള്ളം വേണം. പക്ഷേ മഴനിഴൽ പ്രദേശമായ എലപ്പുള്ളയിൽ കൃഷിക്കോ കുടിവെളളത്തിനോ പോലും വെള്ളമില്ല. ജല ചൂഷണത്തിന് എതിരെ വൻ പ്രക്ഷോഭം നടന്ന പ്ലാച്ചിമടക്ക് 12 കി.മി ഉള്ളിലാണ് ഈ പ്രദേശം. പ്ലാച്ചിമട സമരത്തോടൊപ്പം നിന്ന ഇടതുമുന്നണിഇവിടെ മറ്റൊരു ജലചൂഷണത്തിന് വേദിയൊരുക്കി എന്നതാണ് വിരോധഭാസം.
കണ്ണിൽ പൊടിയിടാൻ പ്രാഥമികാംഗീകാര വാദം
ലൈസൻസ് നൽകിയിട്ടില്ലല്ലോ തത്വത്തിൽ ഉള്ള അനുമതിമാത്രമേ നൽകിയിട്ടുള്ളുവെന്നാണ് സംസ്ഥാന സർക്കാർ ചോദിക്കുന്നത്. ബ്രൂവറി റൂൾസിലോ ഫോറിൻ ലിക്വർ റൂൾസിലോ പ്രാഥമിക അനുമതി എന്നൊരു വകുപ്പില്ല. ലൈസൻസ് നൽകുന്നതിനുള്ള അനുമതി എന്നാണ് ഉത്തരവുകളിൽ കാണുന്നത്. സർക്കാരിൽ നിന്നുള്ള ഉത്തരവാണ് മദ്യ നിർമാണ ശാലകൾ ആരംഭിക്കുന്നതിനുള്ള പരമപ്രധാനമായ ഘടകം. ഈ അനുമതി ലഭിച്ച് കഴിഞ്ഞാൽ നിബന്ധനകളെല്ലാം പാലിച്ചിട്ടുണ്ടെങ്കിൽ ലൈസൻസ് നൽകാൻ എക്സൈസ് കമ്മിഷണർ ബാധ്യസ്ഥനാണ്.
ഇടതുമുന്നണി കൺവീനർ എ.വിജയരാഘവൻ ഒരു ചാനൽ ചർച്ചയ്ക്കിടെയാണ്ഒരു ഉത്തരവ് ഉയർത്തിക്കാട്ടി ആന്റണി സർക്കാരിന്റെ കാലത്തും ലൈസൻസ് നൽകിയിട്ടുണ്ടെന്ന് പ്രഖ്യാപിച്ചത്. പിറ്റേന്നാണ് അതിന്റെ യാഥാർത്ഥ്യം പുറത്ത് വന്നത്.നായനാർ സർക്കാർ തന്നെയാണ് അനുമതി കൊടുത്തത്. ( GO RT no. 546/98/td.dated 29-8-98) ഇടതുമുന്നണി ചെയ്ത പാതകം യു.ഡി.എഫിന്റെ തലയിൽ കെട്ടിവച്ച് ഇപ്പോഴത്തെ അഴിമതിയെ ന്യായീകരിക്കാനാണ് വിജയരാഘവൻ ശ്രമിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് മദ്യരാജാക്കൻമാരുമായി സി.പി.എം ഉണ്ടാക്കിയ അവിശുദ്ധ കരാർ അനുസരിച്ചാണ് എല്ലാ ബാറുകളും തുറന്നുകൊടുത്തത്. അതിന്റെ തുടർച്ചയാണ് ഇപ്പോൾ നടന്നത്.