aickarakkonam

ഒരു പറ്റം പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രമാക്കി ബിജു മജീദ് സംവിധാനം ചെയ്‌ത ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ എന്ന സിനിമ കാലത്തിനൊപ്പം സ‌ഞ്ചരിക്കുന്ന ഒന്നാണ്. സമൂഹത്തിലെ മോശം പ്രവണതകളിലേക്കും പുഴുക്കുത്തുകളിലേക്കും ശക്തമായി വിരൽ ചൂണ്ടുന്ന സിനിമ,​ കുടുംബന്ധങ്ങളുടെ കെട്ടുപിണച്ചിലുകളും വൈകാരികതയും കൂടിച്ചേർത്ത് കുടുംബ പ്രേക്ഷകർക്ക് ആസ്വാദ്യകരമായ അനുഭവമാക്കി മാറ്റുന്നതിലും വിജയിച്ചിട്ടുണ്ട്.

കൊല്ലം ജില്ലയിലെ പുനലൂരിന് അടുത്തുള്ള ഐക്കരക്കോണം എന്ന ഗ്രാമത്തിലെ പേരുകേട്ട സുകുമാരൻ വൈദ്യന്റെ ജീവിതത്തിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. വൈദ്യന്റെ മൂന്ന് മക്കളിൽ മൂത്തവൻ ആയുർവേദ ഡോക്ടറും രണ്ടാമത്തെയാൾ ഹോമിയോ ഡോക്ടറുമാണ്. ഇളയ മകൾ ആശുപത്രിയിലെ നഴ്സും. ഈ കുടുബത്തിനുണ്ടാകുന്ന ദുരനുഭവങ്ങളും അതിൽ നിന്ന് അവർ കരകയറാൻ നടത്തുന്ന പരിശ്രമങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
വൈദ്യശാസ്ത്ര രംഗത്തെ കൊള്ളരുതായ്മകളെ തുറന്ന് കാട്ടാനും സംവിധായകൻ ബിജു മജീദ് തന്റെ സിനിമയെ ആയുധമാക്കിയിട്ടുണ്ട്. ചെറിയ അസുഖങ്ങൾക്ക് ചികിത്സ തേടിയെത്തുന്ന പാവപ്പെട്ട രോഗികളെ അനാവശ്യ പരിശോധനകളുടെ പേരിൽ പിഴിഞ്ഞ് കാശുണ്ടാക്കുന്ന,​ കാലാകാലമായി നിലനിന്നു പോരുന്ന മോശം പ്രവണതകളെ സിനിമ അതിരൂക്ഷമായി വിമർശിക്കുന്നു. സദാരചാര പൊലീസിംഗ്,​ കുട്ടികളെ തട്ടിക്കൊണ്ടു പോകൽ,​ രാഷ്ട്രീയ നിലപാടുകളുടെ പേരിൽ ആളുകളുടെ ജീവനെടുക്കുന്ന കൊലപാതക രാഷ്ട്രീയം തുടങ്ങിയവയൊക്കെയും സിനിമ ചർച്ച ചെയ്യുന്നുണ്ട്.

ഏതെല്ലാം ചികിത്സാരീതികൾ ഉണ്ടെങ്കിലും പരന്പരാഗത കാലം മുതൽക്കേ നിലനിൽക്കുന്ന ആയുർവേദത്തിന്റെ മഹിമ ഒന്നുകൂടി ഉറപ്പിക്കുന്ന തരത്തിലാണ് സിനിമയുടെ അവതരണരീതി. എന്നാൽ,​ മറ്റ് ചികിത്സാരീതികളെ സിനിമ തള്ളിപ്പറയുന്നുമില്ല.ആദ്യപകുതിയിൽ ഐക്കരക്കോണം എന്ന ഗ്രാമത്തിന്റെ നന്മകളെ കുറിച്ച് പ്രതിപാദിക്കുന്ന സിനിമ രണ്ടാം പകുതിയിൽ തീർത്തും ഗൗരവമായ തലത്തിലേക്ക് വഴിമാറുകയാണ്. ഇവിടെയാണ് മേൽപ്പറഞ്ഞ സംഭവവികാസങ്ങളെല്ലാം വന്നുപോകുന്നത്. കൊച്ചുകുട്ടികൾ പോലും തട്ടിക്കൊണ്ടു പോകപ്പെടുകയും പീഡനത്തിന് ഇരയാവുകയും ചെയ്യുന്ന ഈ കാലത്ത് കരുതലിന്റെ കരങ്ങൾ എപ്പോഴും ഉണ്ടാകണമെന്നും സിനിമ പറഞ്ഞുവയ്ക്കുന്നു

aickarakkonam2

രണ്ടാം പകുതിയിൽ സിനിമ തീർത്തും നാടകീയമായ വഴിത്തിരിവുകളിലൂടെയാണ് സഞ്ചരിക്കുന്നത്. തുടരത്തുടരെയുള്ള നാടകീയത ചിലപ്പോഴെങ്കിലും ആസ്വാദനമികവിന് കടിഞ്ഞാണിടുന്നുണ്ട്. എന്നിരിക്കിലും ഉദ്ദേശശുദ്ധി കൊണ്ട് അത് മറികടക്കാൻ കെ.ഷിബുരാജിന്റെ തിരക്കഥയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

പുതുമുഖങ്ങളായ വിപിൻ മംഗലശ്ശേരി, സമർത്ഥ അംബുജാക്ഷൻ, സിൻസീർ മുഹമ്മദ്, സൗമ്യ, ഹൃദ്യ, ശ്യാം കുറുപ്പ്, ലക്ഷ്മി അതുൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എല്ലാവരും തന്നെ തങ്ങളുടേതായ വേഷങ്ങളോട് നീതി പുലർത്തിയിട്ടുണ്ട്. വൈദ്യന്റെ വേഷത്തിലെത്തുന്ന ശിവജി ഗുരുവായൂർ മികച്ച പ്രകടനമാണ് നടത്തുന്നത്. മിയാശ്രീ, സുനിൽ സുഖദ, ജാഫർ ഇടുക്കി, പാഷാണം ഷാജി,​ കോട്ടയംപ്രദീപ്, സന്തോഷ് കീഴാറ്റൂർ, സീമ ജി. നായർ,​ ലാലു അലക്സ്,​ മുകേഷ് നായർ തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങൾ.

ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഭിനി സോഹൻ, പ്രഭിരാജ് നടരാജൻ എന്നിവർ ചേർന്നാ് നിർമാണം. സോഹൻ റോയി രചിച്ച 'കുരുതി മോക്ഷം' എന്ന ഗാനം ആലാപന രീതിയിലും അവതരണ മികവിലും മികച്ചു നിൽക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ ബി.ആർ.ബിജുറാമാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസൻ, സുദീപ്,രാജലക്ഷ്മി,അജയ് വാര്യർ തുടങ്ങിയവരാണ് മറ്റ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഇൻഡി വുഡ് ടാലന്റ് ഹണ്ടിലൂടെ തിരഞ്ഞെടുത്ത നവാഗതരായ അഖിൽ മേനോൻ, ബിച്ചു വേണു ശരണ്യ എന്നിവരും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.aickarakkonam3

സാമൂഹിക പ്രതിബദ്ധത ഫണ്ട് (സി.എസ്.ആർ) ഉപയോഗിച്ച് യു.എ.ഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ്നിർമ്മിക്കുന്ന ചിത്രം ലോകത്തിലെ തന്നെ രണ്ടാമത്തേതാണ്. വർക്കല, പുനലൂർഐക്കരക്കോണം, കൊച്ചി എന്നിവിടങ്ങളിൽ ചിത്രീകരിച്ച സിനിമയിൽ ഗ്രാമീണ സൗന്ദര്യം അപ്പാടെ പകർത്തിയിട്ടുണ്ട്.