muradh-1-

സ്റ്റോക്ഹോം: "മനുഷ്യത്വത്തിന്റെ മഹാകാശത്ത് നമുക്കിടയിലുള്ള വേർതിരിവുകൾ എത്രയോ ചെറുതാണ്. ഈ വേദിയിൽ നിന്ന് ഞാൻ നിങ്ങളോടെല്ലാം യാചിക്കുന്നു,  മനുഷ്യരെ പരിഗണിക്കൂ. കൊലപാതകങ്ങൾ, ലൈംഗികാടിമത്തം, കുട്ടികൾക്കും സ്ത്രീകൾക്കും നേരെയുള്ള കൊടും ക്രൂരതകൾ... ഇതെല്ലാം കണ്ടിട്ടും പ്രതികരിക്കാനും ആ തിന്മകൾ തുടച്ചുനീക്കാനും ഇപ്പോൾ നിങ്ങൾ തയ്യാറാവുന്നില്ലെങ്കിൽ പിന്നെയെന്നാണ് അതുണ്ടാവുക? ലോകമേ, ഞങ്ങളും അർഹിക്കുന്നുണ്ട്, സമാധാനവും സുരക്ഷയും സന്തോഷവുമുള്ള ഒരു ജീവിതം, നിങ്ങളെപ്പോലെ.'' 2015 ഡിസംബർ 16ന്  ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗൺസിലിൽ നദിയ മുറാദ് എന്ന യസീദിയൻ പെൺകുട്ടി വിതുമ്പിക്കൊണ്ട് പറഞ്ഞപ്പോൾ ലോകം അതുകേട്ട് തരിച്ചിരുന്നു.  കാരണം, ഐസിസ് ഭീകരർക്കൊപ്പമുള്ള തന്റെ മൂന്നുമാസങ്ങളെക്കുറിച്ചാണ് ആ പെൺകുട്ടി സംസാരിച്ചത്.

രണ്ട് വർഷങ്ങൾക്കിപ്പുറം ഇക്കഴിഞ്ഞ ദിവസം സ്റ്റോക്ക്ഹോമിൽനിന്നും സമാധാനത്തിനുള്ള നോബേൽ സമ്മാനത്തിന് അർഹരായവരുടെ പേരുകൾ പുറത്തുവന്നപ്പോൾ അന്ന് വിതുമ്പിക്കരഞ്ഞ 25കാരിയും ആ പട്ടികയിലുണ്ടായിരുന്നു. നിരന്തരമായ  വേദനകളോടും പീഡനങ്ങളോടും കലഹിച്ച് സമാധാനത്തെക്കുറിച്ച് സംസാരിച്ചതിന് ലോകമവൾക്ക് നൽകിയ വലിയ വില.അതായിരുന്നു ആ നോബേൽ സമ്മാനം.

ഐസിസ് ഭീകരരുടെ എക്കാലത്തെയും ഇരകളായിരുന്നു ഇറാഖിലെ ന്യൂനപക്ഷ വിഭാഗമായ യസീദികൾ. ഏതുനിമിഷവും വന്ന് പതിക്കാവുന്ന മിസൈലുകളെ പേടിച്ച് ഉറങ്ങിയുണരുന്നവർ. പുരുഷന്മാരെ കൊലപ്പെടുത്തി, സ്ത്രീകളെയും പെൺകുട്ടികളെയും ലൈംഗിക അടിമകളാക്കിയാണ് അവരെ എക്കാലവും ഐസിസ് തങ്ങളുടെ ക്രൂരവിനോദത്തിന് ഉപയോഗിച്ചിരുന്നത്. 

2014ൽ, യസീദികളുടെ ഭൂരിപക്ഷ മേഖലയായ ഇറാഖിലെ സഞ്ജാർ ഐസിസ് ഭീകരർ വളഞ്ഞു. നാദിയ ഉൾപ്പെടെ മൂവായിരത്തോളം സ്ത്രീകളെയും കുട്ടികളെയും അവിടെനിന്ന് അവർ തട്ടിക്കൊണ്ടുപോയി.  കൂടെയുണ്ടായിരുന്ന പുരുഷന്മാരെയെല്ലാം കൊന്നൊടുക്കി. പിന്നീട് ഇരുട്ടായിരുന്നു ജീവിതം. പിന്നീടങ്ങോട്ട്  അതിക്രൂര പീഡനങ്ങൾ. നാദിയയുടെതന്നെ വാക്കുകളിൽ പറഞ്ഞാൽ, ''അവരെന്നെ ക്രൂരമായി തല്ലിച്ചതച്ചു, സിഗരറ്റ് വച്ചു പൊള്ളിച്ചു, രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കൂട്ടമാനഭംഗം ചെയ്തു. രാത്രിയും പകലെന്നുമറിയാതെ,​ ആഹാരം തരാതെ  ക്രൂരമായി പീഡിപ്പിച്ചു."  മൂന്നുമാസത്തെ ലൈംഗികാടിമത്തം. ഒടുവിൽ, തടവിലാക്കിയവരിൽ ഒരാൾ,​ നിനക്ക് വസ്ത്രം വാങ്ങി വരാമെന്നും, അപ്പോഴേക്കും മാനഭംഗം ചെയ്യപ്പെടാൻ തയ്യാറായിരുന്നോളൂ എന്നും പറഞ്ഞ് മുറി പൂട്ടാതെ പുറത്തുപോയപ്പോഴാണ് നാദിയ അവിടെനിന്നും രക്ഷപ്പെട്ടത്.

അടുത്തുള്ളൊരു മുസ്ലീം കുടുംബമാണ് അവളെ ഐസിസിന്റെ നിയന്ത്രണത്തിലുള്ള സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ സഹായിച്ചത്. ഇന്നവൾ  ജർമ്മനിയിലാണ്. പിന്നീട് പോരാട്ടത്തിന്റെ നാളുകളായിരുന്നു. 2016 ൽ ഔദ്യോഗികമായി ''നാദിയാസ് ഇനിഷ്യേറ്റീവ്" എന്ന സംഘടന നിലവിൽ വന്നു. കൂട്ടക്കൊലയുടെ ഇരകൾക്ക് അവൾ കൈത്താങ്ങായി. 2016 ൽ യു.എന്നിന്റെ ഗുഡ്‌വിൽ അംബാസിഡറായിരുന്ന നാദിയയുടെ ''ദ ലാസ്റ്റ് ഗേൾ" എന്ന ആത്മകഥ ബെസ്റ്റ് സെല്ലറുകളിൽ ഒന്നാണ്.ഇപ്പോഴും അവൾ യുദ്ധത്തിലാണ്. സമാധാനത്തിന് വേണ്ടിയുള്ള യുദ്ധത്തിൽ.