കഥ ഇതുവരെ
കോഴഞ്ചേരിയിലെ പിങ്ക് പോലീസ് എസ്.ഐയാണ് വിജയ. അവർക്കും സമാന ചിന്താഗതിക്കാരായ അഞ്ച് എസ്.ഐമാർക്കും ഒരു വാട്സ് ആപ്പ് ഗ്രൂപ്പുണ്ട്. റെഡ്! അനീതിയും അക്രമവും തടയാൻ ആവാതെ വന്നപ്പോൾ അവർ സമാന്തര പോലീസായി.
സായാഹ്ന പത്രത്തിന്റെ ഉടമയായ തന്റെ അച്ഛൻ വാസുദേവനെ, ആഭ്യന്തരമന്ത്രിയുടെ നിർദ്ദേശാനുസരണം ആക്രമിച്ച ഗുണ്ട കരടിവാസുവിനെ വിജയ ക്രൂരമായി നേരിട്ടു.
കൂട്ടുകാരി പ്രസീതയെ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയ ആഭ്യന്തരമന്ത്രി രാജസേനന്റെ മകൻ രാഹുലിൽ നിന്ന് അവൾ കൂട്ടുകാരിയെ രക്ഷിച്ചു.
ആ സംഭവത്തിൽ മന്ത്രിക്ക് കസേര തെറിച്ചു. അയാൾക്ക് വിജയയോടും കുടുംബത്തോടും പകയായി. അമ്മിണി എന്ന വനിതാ ഗുണ്ടയുടെ സഹായത്തോടെ മന്ത്രി പ്രസീതയെയും ഭർത്താവിനെയും കൊലപ്പെടുത്തി. ഓട്ടോ ഡ്രൈവറെ പിടിച്ചുകൊണ്ടുപോയി വിജയയും സംഘവും സത്യം പറയിപ്പിച്ചു.
പക്ഷേ കൊലയാളിസംഘവും ക്രൂരമായി വധിക്കപ്പെട്ടു...
എസ്.പി അരുണാചലം കേസ് ഏറ്റെടുക്കുന്നു.
തുടർന്ന് വായിക്കുക
ഓട്ടോക്കാർ കൂടി ടിപ്പർ ഡ്രൈവറെ കൈവച്ചാൽ ഇയാളുടെ മരണത്തിന് താൻ ഉത്തരവാദിത്വം ഏൽക്കേണ്ടിവരുമെന്ന് എസ്.ഐ വിജയയ്ക്ക് ഉറപ്പായി.
''ഏയ്... വേണ്ടാ..."
അവൾ, ഡ്രൈവർക്കു മുന്നിലേക്കു കയറിനിന്ന് കൈകൾ വിരിച്ചു പിടിച്ചു.
നിർമ്മലയും ശാന്തിനിയും അമലയും സുമവും കൂടി അവളെ സഹായിക്കാനെത്തി.
''അല്ല സാറന്മാരേ... ഇവനെയൊക്കെ ഇങ്ങനെ കയറൂരിവിട്ടാൽ അത് ഈ നാടിന് ആപത്താ. കേരളത്തിൽ ഏറ്റവും കൂടുതൽ അപകടം ഉണ്ടാക്കുന്നത് ഇവന്മാരാ..."
മുന്നിൽ നിന്ന ഓട്ടോ ഡ്രൈവർക്ക് ദേഷ്യം അടങ്ങുന്നില്ല.
''ഒരു ജോലി ചെയ്യുന്നവരെ ഒന്നടങ്കം ആക്ഷേപിക്കുന്നത് ശരിയല്ല സുഹൃത്തേ: മാന്യമായി വണ്ടിയോടിക്കുന്നവർ എത്രയോ പേരുണ്ട്?"
വിജയ അയാളെ സാന്ത്വനിപ്പിക്കാൻ ശ്രമിച്ചു.
രണ്ടാമത്തെ ടിപ്പർ ഡ്രൈവർ റോഡിൽ കിടന്നു ഞരങ്ങുന്നത് വിജയ കാണുകയും ചെയ്തു.
പുല്ലാട് ജംഗ്ഷനിൽ ഉണ്ടായിരുന്ന ജനങ്ങൾ മുഴുവൻ അവിടെ തടിച്ചുകൂടിയിരുന്നു.
അടുത്ത നിമിഷം ഒരു പോലീസ് വാഹനത്തിന്റെ മൂളൽ കേട്ടു. വിജയ തിരിഞ്ഞു നോക്കി.
വെണ്ണിക്കുളം സ്റ്റേഷനിലെ പോലീസ്!
ജനങ്ങൾക്കു പിന്നിൽ വന്നു നിന്ന ബൊലേറോയിൽ നിന്ന് പോലീസ് സംഘം ഇറങ്ങി.
''മാറ്.. മാറിനിൽക്കാൻ."
ജനങ്ങളെ ഇരുവശത്തേക്കും നീക്കി എസ്.ഐയും സംഘവും മുന്നിലെത്തി.
രംഗമാകെ ഒന്നു വീക്ഷിച്ച എസ്.ഐ, വിജയയെ നോക്കി ശബ്ദം താഴ്ത്തി:
''നമുക്ക് പണിയാകുമോ വിജയേ? ഇവന്മാര് തട്ടിപ്പോകുമോ?"
''അതൊന്നുമില്ല. കല്ലിൽ വച്ച് അരച്ചാലും ചാകാത്ത ഇനമാ... കോഴഞ്ചേരിയിൽ ഒരമ്മയുടെയും കുട്ടിയുടെയും ശവം ചതഞ്ഞരഞ്ഞ് കിടപ്പുണ്ട് ഇവന്മാർ കാരണം. അതുകൊണ്ട് ഇനി ഇവന്മാർ ചത്താൽ തന്നെ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ഞാൻ ഒരുക്കമാ..."
വിജയയുടെ വാക്കുകൾ കേട്ട് അയാൾ ഒന്നു പുഞ്ചിരിച്ചു.
''വാസുദേവൻ സാറിന്റെ മകളാണ് അല്ലേ?"
വിജയയുടെ നെറ്റി ചുളിഞ്ഞു.
''എന്താ ചോദിച്ചത്?"
''അദ്ദേഹത്തിന്റെ വീറും വാശിയും വിജയയിൽ കാണുന്നുണ്ട്. വാക്കിലും പ്രവൃത്തിയിലും."
വിജയ അയാളെ സൂക്ഷിച്ചു നോക്കി.
''അച്ഛനെ എങ്ങനെയാ പരിചയം?"
''പറയാനാണെങ്കിൽ ഒരുപാടുണ്ട്. തൽക്കാലം ഇത്രയും അറിഞ്ഞാൽ മതി. എന്റെ തൊപ്പി ഈ തലയിൽ ഇങ്ങനെതന്നെ ഇരിക്കാൻ കാരണക്കാരൻ അദ്ദേഹമാ. പിന്നെ അദ്ദേഹത്തിന്റെ പത്രവും."
വിജയയ്ക്ക് അഭിമാനം തോന്നി.
വെണ്ണിക്കുളം എസ്.ഐയും സംഘവും ഡ്രൈവറന്മാരെയും ടിപ്പർലോറികളും കസ്റ്റഡിയിൽ എടുത്തു.
***
സത്യനും സംഘവും സന്ധ്യയോടുകൂടിത്തന്നെ അവിടെയെത്തി.
വാച്ചർ പരമേശ്വരൻ അവർക്ക് ഗേറ്റു തുറന്നു കൊടുത്തു.
അടുത്ത ദിവസം എത്തുന്ന ഡിഗ്രി ഫസ്റ്റ് ഇയർ സ്റ്റുഡൻസിനെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് അനൂപും സുഹൃത്തുക്കളും.
അവർ പോസ്റ്ററുകളും ബാനറുകളും എഴുതാൻ തുടങ്ങി.
അപ്പോഴേക്കും എതിർപക്ഷത്തെ വിദ്യാർത്ഥി സംഘടനക്കാരും എത്തി.
രണ്ടുകൂട്ടരും ഒന്നിച്ചിരുന്ന് ബാനറുകൾ എഴുതി.
പരമേശ്വരനെ കോഴഞ്ചേരി ബാറിലേക്കയച്ച് ഒരു കെയ്സ് തണുത്ത ബിയർ വരുത്തി. ഒന്നിച്ചിരുന്ന് അവർ ബിയർ കഴിച്ചു.
രാത്രി കനത്തു.
രണ്ടുകൂട്ടരും ധാരണയോടെ പോസ്റ്റർ ഒട്ടിക്കുകയും ബാനറുകൾ വലിച്ചുകെട്ടുകയും ചെയ്തു.
''അപ്പോൾ നാളെ കാണാം സത്യാ..."
എതിർ ഗ്രൂപ്പുകാർ ബൈക്കുകളിൽ പാഞ്ഞു പോയി.
സത്യന്റെ സുഹൃത്തുക്കളും യാത്ര പറഞ്ഞു.
ഇനി അവനും പരമേശ്വരനും മാത്രം.
'കുഞ്ഞു പോകുന്നില്ലേ?" പരമേശ്വരൻ തിരക്കി.
''ബിയറിന്റെ മണമൊന്ന് മാറിക്കോട്ടെ ചേട്ടാ. വീട്ടിൽ ചെന്നാൽ അച്ഛനും ചേച്ചിയും എപ്പോൾ പിടിച്ചെന്നു പറഞ്ഞാ മതി."
അവൻ കൽപ്പടവിൽ ചാരിയിരുന്നു.
പെട്ടെന്നാണ് തുറന്നുകിടന്നിരുന്ന ഗേറ്റു വഴി രണ്ട് ഓട്ടോകൾ പാഞ്ഞെത്തിയത്. സത്യന്റെ അരുകിൽ അവ ബ്രേക്കിട്ടു....
(തുടരും)