കോട്ടയം: ഇടുക്കിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ചരിത്രത്തിലാദ്യമായി രണ്ട് മാസത്തിനിടെ രണ്ടാം തവണ ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി ഡാം തുറന്നു. അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടറാണ് 50 സെന്റീമീറ്റർ ഉയർത്തിയത്. ജലനിരപ്പ് 2387.92 അടിയിൽ എത്തിയതോടെയാണ് ഷട്ടർ ഉയർത്തിയത്. സെക്കഡിൽ 50 ഘനമീറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ആഗസ്റ്റിൽ 2400 അടിയിലെത്തിയപ്പോഴായിരുന്നു ഡാം തുറന്നു വിട്ടത്.
ആഗസ്റ്റ് ഒമ്പതിന് ഉച്ചയ്ക്ക് പരീക്ഷണാടിസ്ഥാനത്തിൽ തുറന്ന അണക്കെട്ട് സെപ്റ്റംബറിലാണ് അടച്ചത്. ആഗസ്റ്റ് 14, 15 തീയതികളിലാണ് ഏറ്റവും കൂടുതൽ വെള്ളം പുറം തള്ളിയത്. ഇതിന് മുമ്പ് 1981 ഒക്ടോബർ 21നും 1992 ഒക്ടോബർ 11 നുമാണ് അണക്കെട്ട് തുറന്നു വിട്ടിട്ടുള്ളത്. 1976 ഫെബ്രുവരിയിൽ കമ്മിഷൻ ചെയ്ത ഇടുക്കി പദ്ധതിയിൽ മൂന്ന് അണക്കെട്ടുകളാണുള്ളത്. ഇതിൽ ചെറുതോണി അണക്കെട്ടിനാണ് ഷട്ടറുകൾ ഉള്ളത്. 40 അടി നീളവും 60 അടി ഉയരവുമുള്ള അഞ്ച് ഷട്ടറുകളാണുള്ളത്. അതിൽ നടുവിലെ ഷട്ടറാണ് 40 സെന്റമീറ്റർ ഉയർത്തിയത്.
മുല്ലപ്പെരിയാർ അണക്കെട്ടിൽ 132.05 അടിയായി ജലനിരപ്പ് ഉയർന്ന സാഹചര്യവും തമിഴ്‌നാട്ടിൽ മഴ തുടരുന്നതിനാൽ അവിടേയ്ക്ക് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതും കണക്കിലെടുത്താണ് ഇടുക്കി അണക്കെട്ട് തുറന്നു വിട്ടത്. ഓരോ സെക്കന്റിലും 40 ഘനമീറ്റർ വെള്ളമാണ് അണക്കെട്ടിലേയ്ക്ക് ഒഴുകിയെത്തുന്നത്. 50 ഘനമീറ്റർ വീതം പുറംതള്ളി ജലനിരപ്പ് നിയന്ത്രണ വിധേയമാക്കാനാണ് വൈദ്യുതി ബോർഡ് തീരുമാനം. എന്നാൽ, ആവശ്യമായ മുന്നറിയിപ്പുകൾ നൽകാതെ ജനങ്ങളെ ആശങ്കയിലാഴ്‌ത്തി അണക്കെട്ട് ഇപ്പോൾ തുറക്കേണ്ട സാഹചര്യം ഇല്ലായിരുന്നെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ പറഞ്ഞു.