p-sainath

പത്തനംതിട്ട  ജില്ലയിൽ  പ്രളയം  ആർത്തലച്ച  റാന്നി  അങ്ങാടി  ഗ്രാമത്തിലെ  ഒരു  കാഴ്‌ച ‌ ഞങ്ങൾക്ക്  വല്ലാത്ത നൊമ്പരമായി. നെല്ലും മരച്ചീനിയും വിളഞ്ഞിരുന്ന പാടങ്ങൾ വെള്ളത്തിലായി. കുടുംബശ്രീയുടെ സംഘകൃഷി ഗ്രൂപ്പുകളുടെ സ്വപ്നങ്ങളാണ് തകർന്നത്. ആ പാടങ്ങൾക്ക് അഭിമുഖമായി തെല്ല് ഉയർന്ന സ്ഥലത്താണ് കെ. ആർ ശാരദയുടെ വീട്.ഉയർന്ന സ്ഥലത്തും വെള്ളം കയറിച്ചെന്നു. വീടിന്റെ താഴത്തെ നില മൊത്തം മുങ്ങി. '' പതിനൊന്ന് ദിവസം എനിക്ക് വീട് വിട്ടു നിൽക്കേണ്ടി വന്നു - ശാരദ പറഞ്ഞു. ആ ദിവസങ്ങളിൽ കുറേക്കൂടി ഉയർന്ന സ്ഥലത്ത് സ്ഥാപിച്ച ദുരിതാശ്വാസ ക്യാമ്പിലായിരുന്നു അവർ കഴിച്ചു കൂട്ടിയത്.

തിരിച്ചെത്തിയ ശാരദയ്‌ക്ക് വീട്ടിലെ നനഞ്ഞു കുതിർന്ന സാധനങ്ങൾ ഉണക്കിയെടുക്കാൻ ദിവസങ്ങൾ വേണ്ടി വന്നു. പോർച്ചിലും വീട്ടുമുറ്റത്തുമൊക്കെ നിരത്തിയിട്ടാണ് ഉണക്കിയത്. അക്കൂത്തിൽ ശാരദയ്‌ക്ക് ഏറ്റവും പ്രീയപ്പെട്ടത് കുറേ ഫോട്ടോകളാണ്. കുടുംബ ചിത്രങ്ങൾ. മിക്കതും ലാമിനേറ്റ് ചെയ്‌തതായതിനാൽ നശിച്ചില്ല. വീടിന്റെ പടിയിലും വരാന്തയിലുമൊക്കെ പല ദിവസങ്ങളിലായി നിരത്തി വച്ചാണ് അതെല്ലാം ഉണക്കിയെടുത്തത്. പട്ടാളക്കാരനായ മകന്റെ യൂണിഫോമിലുള്ള ചിത്രവും വിവാഹ ഫോട്ടോയും കുഞ്ഞിന്റെ ഫോട്ടോയും ഒക്കെ കൂട്ടത്തിലുണ്ട്.