സമാധാനത്തിനുള്ള നോബേൽ സമ്മാനം യസീദിയൻ യുവതി നാദിയ മുറാദിനൊപ്പം പങ്കിട്ട ഡോ.ഡെന്നീസ് മുക്‌വെഗയെന്ന ആഫ്രിക്കൻ വംശജനായ ഡോക്ടർ സമാധാനത്തിന്റെ കാവലാളാകുന്നത് തികച്ചും യാദൃച്ഛികമായാണ്. ലോകത്ത് ഏറ്റവുമധികം യുദ്ധകലുഷിതമായ രാജ്യങ്ങളിലൊന്നായ കോംഗോയാണ് ഡോ.ഡെന്നിസിന്റെ പ്രവർത്തനമേഖല.
രണ്ടാം കോംഗോ ആഭ്യന്തര യുദ്ധകാലത്ത് കൂട്ടമാനഭംഗത്തിനിരയായ സ്ത്രീകൾക്ക് വേണ്ടി സ്വരമുയർത്തിയപ്പോഴാണ് ലോകം ഡോ.ഡെന്നിസ് മുക്‌വെഗയുടെ ശബ്ദത്തിന് കാതോർത്തു തുടങ്ങിയത്. യുദ്ധകാലത്ത് ലൈംഗികാതിക്രമങ്ങൾക്ക് ഇരകളാകുന്ന സ്ത്രീകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ഡെന്നീസിന്റെ ശ്രമങ്ങളാണ് അദ്ദേഹത്തെ ലോകത്തിന് പരിചിതനാക്കിയത്. ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ ഗൈനക്കോളജിസ്റ്റായ ഡെന്നീസ് അത്ഭുത വൈദ്യനെന്നാണ് അറിയപ്പെടുന്നത്.
10 വർഷങ്ങൾക്ക് മുമ്പ് കോംഗോയിലെ ബുക്കാവുവിൽ പാൻസി എന്ന ഒരു ആശുപത്രി തുടങ്ങിയതിന് ശേഷമാണ് തന്റെ സേവനം ആവശ്യമുള്ള ഒരു വലിയവിഭാഗം ആളുകൾ ലോകത്ത് ഉണ്ടെന്ന് ഡോ.ഡെന്നിസ് തിരിച്ചറിയുന്നത്. ഒരിക്കൽ ഭീകരരുടെ ക്രൂര ലൈംഗികപീഡനത്തിന് ഇരയായ അർദ്ധപ്രാണനായ ഒരു യുവതിയെ അദ്ദേഹത്തിന് ചികിത്സിക്കേണ്ടിവന്നു. അവരുടെ ജനനേന്ദ്രിയത്തിൽനിന്നും തുടയിൽനിന്നും നിരവധി ബുള്ളറ്റുകൾ നീക്കംചെയ്യേണ്ടിവന്നു അന്ന്. ഹൃദയം നുറുങ്ങുന്ന ഈ അനുഭവമാണ് ലൈംഗികാക്രമണത്തിന് ഇരയാകുന്ന സ്ത്രീകൾക്കുവേണ്ടി പോരാടാൻ ഡെന്നീസിന് പ്രചോദനമായത്.
ഓരോ വർഷവും പീഡനത്തിനിരയാകുന്ന 3500ഓളം സ്ത്രീകളെയാണ് ഡോ.ഡെന്നിസ് ചികിത്സിക്കുന്നത്. ഇതുവരെ 30,000ഓളം സ്ത്രീകളെ ചികിത്സിച്ചിട്ടുണ്ട്. പലപ്പോഴും ആശുപത്രിക്കുനേരെ ഭീകരാക്രമണമുണ്ടായിട്ടുണ്ട്. നിരന്തരമായ ഭീഷണിയെത്തുടർന്ന് 2013ൽ അദ്ദേഹത്തിന് യൂറോപ്പിലേക്ക് പലായനം ചെയ്യേണ്ടിയും വന്നിട്ടുണ്ട്. 2008ലെ യു.എൻ മനുഷ്യാവകാശ പ്രവർത്തക പുരസ്കാരം, 2009ലെ ആഫ്രിക്കൻ ഒഫ് ദ ഇയർ എന്നിവ ഉൾപ്പെടെ നിരവധി രാജ്യാന്തര പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിവന്നിട്ടുണ്ട്.