modi

 

ന്യൂഡൽഹി: നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തിൽ മുന്നോട്ടു പോവുകയാണെങ്കിൽ അടുത്ത അഞ്ച് വർഷവും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ തന്നെ ഇന്ത്യ ഭരിക്കുമെന്ന് എബിപിവോട്ടർ സർവേ ഫലം. ആകെയുള്ള 543 സീറ്റുകളിൽ 276 സീറ്റുകൾ നേടി 38 ശതമാനം വോട്ടു വിഹിതം എൻ.ഡി.എ നേടുമ്പോൾ കോൺഗ്രസിന് ലഭിക്കുന്നത് 112 സീറ്റുകൾ മാത്രമായിരിക്കുമെന്ന് സർവേ പറയുന്നു.

ഹരിയാന, ഒഡീഷ എന്നിവിടങ്ങളിൽ ബി.ജെ.പി വൻമുന്നേറ്റമുണ്ടാക്കുമെന്നാണ് സൂചന. ഒഡീഷയിൽ 21ൽ 13 സീറ്റുകൾ വരെ ബി.ജെ.പി നേടുമെന്നും എന്നാൽ പഞ്ചാബിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും കോൺഗ്രസിനായിരിക്കും മുൻതൂക്കമെന്നും സർവേ ഫലവം വ്യക്തമാക്കുന്നു.

ഉത്തർപ്രദേശിൽ മായാവതി ഇടഞ്ഞുനിൽക്കുന്നതാണ് കോൺഗ്രസിന് തിരിച്ചടിയായിരിക്കുന്നത്. മഹാസഖ്യം യാഥാർത്ഥ്യമാവുകയാണെങ്കിൽ 56 സീറ്റുകൾ വരെ ലഭിക്കാൻ സാധ്യതയുണ്ട്. ബി.ജെ.പി 24 സീറ്റിലേക്ക് ഒതുങ്ങുകയും ചെയ്യും. ബീഹാറിലും ഇതുതന്നെയാണ് അവസ്ഥ.  മഹാരാഷ്ട്രയിൽ എൻസിപിയുമായി കോൺഗ്രസിന് സഖ്യമുണ്ടായില്ലെങ്കിൽ അവിടെയും നേട്ടം ബി.ജെ.പിക്ക് തന്നെയാകും.

സർവേയിൽ 69 ശതമാനം പേരും മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവരാണ്. 49 ശതമാനം പേർ ഇതിനെ എതിർക്കുന്നു. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ രാഹുൽഗാന്ധിയുടെ സ്വീകാര്യതയിൽ ആറ് ശതമാനം വർദ്ധനവുണ്ടായതും മോദിയുടെ കാര്യത്തിൽ ഇത് ആറ് ശതമാനമായി കുറഞ്ഞതും കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ആശാവഹമാണ്.