തിരുവനന്തപുരം: അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന 304 ഡ്രൈവർമാരെയും 469 കണ്ടക്ടർമാരെയും കെ.എസ്.ആർ.ടി.സി പിരിച്ചുവിട്ടു. ജോലിയിൽ പ്രവേശിക്കണമെന്നാവശ്യപ്പെട്ട് നിയമപരമായി നോട്ടീസ് നൽകിയിട്ടും ഹാജരാകാത്തവർക്കെതിരെയാണ് നടപടി. തിരിച്ചെത്താൻ നൽകിയിരുന്ന സാവകാശം കഴിഞ്ഞിരുന്നു. കെ.എസ്.ആർ.ടി.സിയിൽ ജോലി നേടിയ ശേഷ നീണ്ട അവധിയെടുത്ത് ഗർഫിലും മറ്റ് ജോലി തേടി പോയവരിൽ രണ്ടായിരം പേരെ പിരിച്ചുവിടാൻ കെ.എസ്.ആർ.ടി.സി നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് നോട്ടീസ് നൽകിയത്. എം.ജി.രാജമാണിക്യം എം.ഡിയായിരുന്നപ്പോഴാണ് ഈ നടപടി ആരംഭിച്ചത്. നടപടി കടുക്കുമെന്നായപ്പോൾ അനധികൃതമായ ജോലിക്ക് ഹാജരാകാതിരുന്ന പലരും മെഡിക്കൽ സർട്ടിഫിക്കറ്റ് കാണിക്ക് ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്.
16,000 വീതം കണ്ടക്ടർമാരും ഡ്രൈവർമാരുമാണ് കെ.എസ്.ആർ.ടി.സിയിലുള്ളതെന്നും എന്നാൽ 5000 ബസ് ഓടിക്കാൻ പോലും ഡ്രൈവർമാരോ കണ്ടക്ടർമാരോ ഇല്ലാത്ത സാഹചര്യം പലപ്പോഴും ഉണ്ടായിട്ടുണ്ടെന്നും ഇത് സംബന്ധിച്ച ഉത്തരവിൽ എം.ഡി ടോമിൻ ജെ.തച്ചങ്കരി പറഞ്ഞു. ജോലിയിൽ പ്രവേശിച്ചശേഷം അവധിയെടുത്ത് പോകുന്നവർ വിരമിക്കുന്നതിന് ഒന്നോ രണ്ടോ മാസം മുൻപ് തിരികെ ജോലിയിൽ പ്രവേശിക്കും. മാനേജ്മെന്റ് അതിന് അനുമതിയും നൽകും. ഇതോടെ പെൻഷൻ ആനുകൂല്യവും ലഭിക്കും. ഇത്തരം ചെലവുകൾ ഒഴിവാക്കിയേ കെ.എസ്.ആർ.ടി.സിക്ക് മുന്നോട്ട് പോകാനാകൂവെന്നും തച്ചങ്കരി പറഞ്ഞു. അനധികൃത അവധിക്കാരെ പിരിച്ചുവിടുന്നതിലൂടെ ജീവനക്കാരുടെ എണ്ണം ബസുകൾക്ക് അനുസൃതമായി ക്രമപ്പെടുത്തുവാൻ സാധിക്കും.
ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പാൾ കെ.എസ്.ആർ.ടി.സിയിലെ ബസും ജീവനക്കാരും തമ്മിലുള്ള അനുപാതം കൂടുതലാണ്. രജിസ്റ്ററിലുണ്ടായിരിക്കുകയും എന്നാൽ ദീർഘകാലമായി അനധികൃത അവധിയിലുള്ളവരെയും കൂടി ചേർത്താണ് അനുപാതം കണക്കാക്കുന്നത്. ഇവരെ നീക്കം ചെയ്യുന്നതിലൂടെ അനുപാതത്തിൽ കുറവുണ്ടാകും. പുറമേ മെക്കാനിക്കൽ, മിനിസ്റ്റീരിയൽ വിഭാഗങ്ങളിലും അനധികൃതമായി ജോലിയ്ക്ക് ഹാജരാകാത്ത ജീവനക്കാരെ ഒഴിവാക്കുന്നതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.