election

ന്യൂഡൽഹി:ലോക്‌സഭാ തിരഞ്ഞെടുപ്പിന് കഷ്‌ടിച്ച് ആറ് മാസം ശേഷിക്കെ, ആ മഹായുദ്ധത്തിന്റെ റിഹേഴ്സൽ പോരാട്ടത്തിന് കളമൊരുക്കി മദ്ധ്യപ്രദേശ്, രാജസ്ഥാൻ, മിസോറാം, ഛത്തീസ്ഗഡ്, തെലുങ്കാന സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു.

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ഭീഷണി കണക്കിലെടുത്ത് നവംബർ 12, 20 തീയതികളിൽ  രണ്ട്  ഘട്ടമായാണ്  വോട്ടെടുപ്പ്. മറ്റ് സംസ്ഥാനങ്ങളിൽ ഒറ്റ ഘട്ടമാണ്. മദ്ധ്യപ്രദേശിലും മിസോറാമിലും നവംബർ 28നും രാജസ്ഥാനിലും  തെലുങ്കാനയിലും ഡിസംബർ 7നുമാണ് തിരഞ്ഞെടുപ്പ്. അഞ്ചിടത്തെയും വോട്ടെണ്ണൽ ഡിസംബർ 11ന് നടക്കും.

ഇതോടൊപ്പം കർണാടകയിലെ മാണ്ഡ്യ, ഷിമോഗ, ബെല്ലാരി ലോക്‌സഭാ മണ്ഡലങ്ങളിൽ നവംബർ മൂന്നിന് ഉപതിരഞ്ഞെടുപ്പു നടക്കും. എല്ലായിടത്തും ഇന്നലെ മുതൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നതായും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഒാംപ്രകാശ് റാവത്ത് പ്രഖ്യാപിച്ചു. തെലുങ്കാനയിൽ മന്ത്രിസഭ പിരിച്ചുവിട്ട അന്നുമുതൽ പെരുമാറ്റച്ചട്ടം നിലവിലുണ്ട്.

മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ ബി.ജെ.പിയും തെലുങ്കാനയിൽ തെലുങ്കാന രാഷ്‌ട്രസമിതിയും മിസോറാമിൽ കോൺഗ്രസുമാണ് ഭരണത്തിൽ. കേന്ദ്രത്തിൽ ഭരണത്തുടർച്ചയ്‌ക്ക് ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും ലോക്‌സഭാ പോരാട്ടത്തിന്റെ അവസാന റിഹേഴ്സൽ ആയിരിക്കും ഈ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്.

ഛത്തീസ്ഗഡ്: 90 സീറ്റ്

ഒന്നാംഘട്ടം: മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള തെക്കൻ മലനിരകളിലെ 18 സീറ്റുകൾ

വിജ്ഞാപനം: ഒക്ടോബർ 16, പത്രികാ സമർപ്പണം ഒക്ടോബർ 23വരെ, പിൻവലിക്കാനുള്ള തീയതി ഒക്ടോബർ 26, വോട്ടെടുപ്പ് നവംബർ 12

രണ്ടാം ഘട്ടം: 72 സീറ്റുകൾ
വിജ്ഞാപനം: ഒക്ടോബർ 26, പത്രികാ സമർപ്പണം നവംബർ 2വരെ, പിൻവലിക്കാനുള്ള തീയതി നവംബർ 5, വോട്ടെടുപ്പ് നവംബർ 20

മദ്ധ്യപ്രദേശ് (230), മിസോറാം (40)

വിജ്ഞാപനം:നവംബർ 2, പത്രികാ സമർപ്പണം നവംബർ 9വരെ, പിൻവലിക്കാനുള്ള തീയതി നവംബർ14, വോട്ടെടുപ്പ് നവംബർ 28

രാജസ്ഥാൻ (200), തെലുങ്കാന (119)

വിജ്ഞാപനം: നവംബർ 12, പത്രികാ സമർപ്പണം 19വരെ, പിൻവലിക്കാനുള്ള തീയതി  22, വോട്ടെടുപ്പ് ഡിസംബർ 7.