ന്യൂഡൽഹി: സ്ത്രീകൾക്ക് പ്രായഭേദമന്യേ ശബരിമലയിൽ പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച തീരുമാനങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റി. ആരാധനാലയങ്ങളിൽ എല്ലാവർക്കും തുല്യപരിഗണന ലഭിക്കണമെന്നും സ്ത്രീകളോട് വിവേചനങ്ങൾ പാടില്ലെന്നും കേന്ദ്ര കമ്മിറ്റി യോഗം വിലയിരുത്തി.
അതേസമയം, മുസ്ലിം പള്ളികളടക്കമുള്ള എല്ലാ ആരാധനാലയങ്ങളിലും സ്ത്രീകളെ പ്രവേശിക്കണമെന്നാണ് സി.പി.എം നിലപാടെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചു. ഇതിനിടെ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് സമവായ ചർച്ചകൾ നടത്താൻ സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ തന്നെ നേരിട്ട് തന്ത്രി കുടുംബവുമായി തിങ്കളാഴ്ച ചർച്ച നടത്തും.
സ്ത്രീപ്രവേശന വിധി നടപ്പാക്കണമെന്ന നിലപാടിൽ സർക്കാരിനും സി.പി.എമ്മിനും വിട്ടുവീഴ്ചയില്ല. എന്നാൽ, ആശങ്ക ഉന്നയിച്ചവരെ കേൾക്കണമെന്നാണ് കേന്ദ്ര കമ്മിറ്റിയുടെ പുതിയ തീരുമാനം. ശബരിമല വിഷയത്തിൽ ക്ഷേത്രവുമായി ബന്ധപ്പെട്ടവരോട് ചർച്ച നടത്താൻ ഇന്നലെ ചേർന്ന സി.പി.എം സെക്രട്ടേറിയറ്റ് യോഗം സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ്, ക്ഷേത്രം തന്ത്രി, പന്തളം രാജകുടുംബം എന്നിങ്ങനെ ശബരിമലയോട് പ്രത്യക്ഷബന്ധമുള്ളവരുമായി ചർച്ച നടത്താനാണ് നിർദ്ദേശം.