പന്തളം: ശബരിമലയിൽ സ്ത്രീകളെ പ്രവേശന വിഷയത്തിൽ പന്തളം കൊട്ടാരത്തെയും തിരുവിതാംകൂർ രാജകുടുംബത്തെയും നിർവാഹക സംഘം ഭാരവാഹികളെയും ആക്ഷേപിച്ച മന്ത്രി സുധാകരനെ മുഖ്യമന്ത്രി ചങ്ങലക്കിടണമെന്ന് ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു.
കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ച കാലത്ത് പാർട്ടി ഷെൽട്ടറും ഒളിത്താവളമായിരുന്നു പന്തളം കൊട്ടാരം. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളിൽ പലരും കൊട്ടാരത്തിൽ നിന്നുള്ള ഉപ്പും ചോറും ധാരാളം തിന്നിട്ടുള്ള ചരിത്രം സുധാകരനും പാർട്ടിയും മറക്കരുതെന്നും നേതൃയോഗം വ്യക്തമാക്കി.
1950 കാലഘട്ടങ്ങളിൽ കമ്മ്യൂണിസ്റ്റ് ലഘുലേഖ സൂക്ഷിച്ചതിന് കൊട്ടാരത്തിൽ നിന്നു മൂന്നു കുടുംബാംഗങ്ങളെ അന്നു പൊലീസ് അറസ്റ്റ് ചെയ്തു. ഇപ്പോഴത്തെ പന്തളം വലിയ തമ്പുരാനായ രേവതിനാൾ പി.രാമവർമ രാജായ്‌ക്കു അന്നു ലഘുലേഖ വിതരണത്തിന്റെ പേരിൽ അദ്ധ്യാപക ജോലി നഷ്ടപ്പെട്ടു. ചരിത്രം മറന്നുള്ള മന്ത്രിയുടെ വിടുവായത്തം നിർത്തിയില്ലെങ്കിൽ ഉചിതമായ മറ്റു മാർഗങ്ങൾ തേടാനും യോഗം തീരുമാനിച്ചു.
പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് ശശികുമാർ വർമ്മ മുൻ എസ്.എഫ്. ഐക്കാരനാണെന്നും പാർട്ടിയുടെ ഉപ്പും ചോറും തിന്നിട്ട് ഇപ്പോൾ സർക്കാരിനെ ആക്ഷേപിക്കുകയാണെന്നും സുധാകരൻ ഇന്നലെ പറഞ്ഞിരുന്നു. സർക്കാരിനെതിരെ അസംബന്ധം പറയാൻ ആരാണ് അനുമതി നൽകിയത് എന്നും മന്ത്രി ചോദിച്ചിരുന്നു.