kala

പഞ്ചവാദ്യത്തിൽ പണ്ട് ഉപയോഗിച്ചിരുന്ന 'തൊപ്പി മദ്ദളം' എന്ന വാദ്യത്തിനു പകരം ഇന്ന് കാണുന്ന തരത്തിലുള്ള 'ശുദ്ധ മദ്ദള'ത്തിന് രൂപം കൊടുത്ത പഞ്ചവാദ്യത്തിന്റെ ശില്പി വെങ്കിച്ചൻ സ്വാമി, എഴുത്തുകാരൻ വി.കെ.എൻ, പാലക്കാട് മണി അയ്യർ, തിരുക്കൊച്ചി സഭയിലെ ദിവാനായിരുന്ന റാവു ബഹദൂർ ടി.കെ നായർ എന്നിവരുടെ നാട്.  മഹാകവി പി.കുഞ്ഞിരാമൻ നായർ തന്റെ ജീവിതത്തിലെ മുഖ്യ ഭാഗങ്ങളും ജീവിച്ച ദേശം. കേരളീയ കലയായ പഞ്ചവാദ്യവുമായി ഏറ്റവും അടുപ്പമുള്ള ഗ്രാമം. തിരുവില്വാമല! ജാതീയതക്കെതിരെ തന്റെ കലയിലൂടെ പൊരുതിയ മറ്റൊരു പ്രതിഭ കൂടിയുണ്ടിവിടെ; തിമിലവാദനത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച തിരുവില്വാമല ഗോപി എന്ന പി.ഗോവിന്ദൻകുട്ടി.

അമ്പലങ്ങളിലും മറ്റും അമ്പലവാസികൾക്ക് മാത്രം വാദ്യോപകരണങ്ങൾ അവതരിപ്പിക്കാൻ അനുവാദമുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. അക്കാലത്ത്, തന്റെ ഗുരുനാഥനായ തിരുവില്വാമല അപ്പുണ്ണി പൊതുവാളിന്റെ നിലപാടിനെ പിന്തുടർന്ന് താഴേക്കുള്ള ജാതിക്കാർക്കും ക്ഷേത്രത്തിനുള്ളിൽ തിമില കൊട്ടാൻ അവസരങ്ങൾക്കായി ഒരുപാട് പടപൊരുതിയാണ് തിരുവില്വാമല ഗോപിയുടെ  കലാജീവിതം തുടങ്ങുന്നത്. നാല്പത്തിയേഴു വർഷമായി കലാലോകത്തിനും വളർന്നുവരുന്ന തലമുറയ്ക്കും വാദ്യാനുഭവം പകർന്നു നൽകിയ ഈ പ്രതിഭ ആയിരത്തിൽപരം  ശിഷ്യന്മാരുമായി യാത്ര തുടരുമ്പോൾ കടന്നുവന്ന വഴികളിലെ അനുഭവങ്ങൾ പങ്കിടുന്നു.

തിമിലയ്ക്ക് ശേഷം
എന്റെ  തുടക്കകാലത്ത് അമ്പലവാസികൾ എന്നറിയപ്പെടുന്ന ഒരു കൂട്ടം സംഘത്തിലെ ആളുകൾക്ക്    മാത്രമേ  തിമില കൊട്ടാൻ പഠിക്കാനും ക്ഷേത്രത്തിനുള്ളിൽ അവതരിപ്പിക്കാനും സാധിക്കുകയുണ്ടായിരുന്നുള്ളു. നായർ അടക്കം ജാതിയിൽ താഴെയുളളവർക്ക് തിമില കൊട്ടാൻ പാടില്ല എന്നതായിരുന്നു അന്നത്തെ വ്യവസ്ഥ. ഈ സമയത്താണ് ഞാൻ തിമില പഠനമൊക്കെ കഴിഞ്ഞ് പുറത്ത് വരുന്നത്. ആ സമയത്താണ് അമ്പലവാസികൾ അല്ലാത്ത എന്നെപോലെയുള്ള  കുറച്ച് ആളുകളെ പഠിപ്പിച്ചതിന്റെ പേരിൽ എന്റെ ഗുരുനാഥനെ കലയിൽ ഭ്രഷ്ട്  കല്പിച്ച് ഈ സംഘം ആളുകൾ പുറത്താക്കുന്നത്. ഇത്  ഇങ്ങനെ പോയാൽ ശരിയാവില്ല എന്ന വാശി മനസിൽ തോന്നിയപ്പോഴാണ് കൂടുതൽ  ഗുരുനാഥൻമാരുടെ അടുത്ത് പോയി പഠിക്കുന്നത്. പിന്നീട്  ഈ വ്യവസ്ഥിതി മാറ്റിയെടുക്കുന്നതിനായുള്ള പ്രയത്നം ആയിരുന്നു. കുറേ പോരാട്ടങ്ങൾക്കു ശേഷം അമ്പലവാസികൾ അല്ലാത്തൊരാൾക്ക് ആദ്യമായി ക്ഷേത്രത്തിനകത്ത് തിമില കൊട്ടുവാനുള്ള അവസരം  ലഭിച്ചു. ഭഗവാന്റെ കടാക്ഷത്താൽ അതിനുള്ള അവസരം എനിക്ക് തന്നെ ആയിരുന്നു. അതും തിരുവില്വാമല ക്ഷേത്രത്തിൽ തന്നെയാണ് തുടക്കവും. അവിടുന്നിങ്ങോട്ട് മാറ്റത്തിന്റെ കാലത്തിനായി പൊരുതി. ഒരു പരിധിവരെ വിജയിച്ചു.

പോരാട്ടം അവസാനിപ്പിച്ചില്ല
ഇതിനുശേഷം ക്ഷേത്രങ്ങളിലും പുറത്തുനിന്നുള്ള പൂരം അകത്ത് കടക്കുവാൻ പാടില്ല എന്ന് ഉണ്ടായിരുന്നു. അതും ഞാൻ പൊളിച്ചെഴുതി. അതിൽ വരവൂർ പാലയ്ക്കൽ പൂരം വളരെ പ്രശസ്തമായ ഒന്നാണ്. ആ

പൂരത്തിൽ മറ്റു ജാതിയിൽ പെട്ടവർക്ക് തിമില വായിക്കാൻ ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാൻ സാധിക്കില്ല എന്നു പറഞ്ഞ് കയറുകെട്ടി. ഞാൻ എന്റെ കമ്മിറ്റിയിൽ പെട്ട അംഗങ്ങളോട് നിങ്ങൾ ഒന്നും ചെയ്യേണ്ട എന്റെ പിന്നിലുണ്ടായാൽ മതി എന്നു പറഞ്ഞു''. അങ്ങനെ ഞാനും എന്റെ സംഘവും ആ കയറു പൊട്ടിച്ച് ഉള്ളിൽ കടന്നു. ആകെ ബഹളമായി. അതിന്റെ പേരിൽ മൂന്ന് വർഷത്തോളം കേസൊക്കെ നടന്നിരുന്നു. ഒടുവിൽ ജാതിയുടെ പേരിൽ ഭ്രഷ്ട് കൽപിക്കാൻ പാടില്ല, ആർക്കും അമ്പലത്തിനുള്ളിൽ പ്രവേശിക്കാം എന്ന വിധി വന്നതോടെ അവിടെയും ഞങ്ങൾ തന്നെ ജയിച്ചു. ആ സമയത്ത് ഗുരുവായൂരിലും എല്ലാ ജാതിക്കാർക്കും കൊട്ടാം  എന്ന വിധി വരുന്നത്. അങ്ങനെ അവിടെയും കൊട്ടി. പിന്നീടാണ് തന്ത്രി ഇതിനെ വിലക്കുന്നത്. ഇപ്പോഴും ഗുരുവായൂരിൽ മറ്റൊരു ജാതിയിലുള്ളവർക്കും കൊട്ടാൻ സാധിക്കില്ല. വാദ്യകലയിൽ  ഇന്നും രഹസ്യമായി ജാതീയത നിലനിൽക്കുന്നു. അതിനുള്ള ഉദാഹരണമാണ് തൃശൂർ പൂരം, ഗുരുവായൂർ ഉത്സവം പോലുള്ളവ. ഇത്തരം ക്ഷേത്രങ്ങളിലോ പൂരങ്ങളിലോ ഇന്നും തിമില, ഇടയ്ക്ക, ചെണ്ട എന്നിവയിൽ നായർ മുതൽ താഴോട്ടുള്ള ഒരു വിഭാഗത്തിനും അവസരങ്ങൾ ഇല്ല. ഇന്നും അതിനായി ഞാൻ പൊരുതുന്നു. പുതു തലമുറയിലെ കുട്ടികളും ഉണ്ട്. പക്ഷേ ചുരുക്കമാണ്. പെരിങ്ങോട് ചന്ദ്രൻ, പഴമ്പാലക്കോട് പ്രകാശൻ, ഇരിങ്ങപ്പുറം ബാബു മുതലായവർ.

കലാകാരനായത് ഇങ്ങനെ
ചെറുപ്പം മുതൽ കലയോട് താല്പര്യം ഉണ്ടായിരുന്നു. എവിടെ കൊട്ട് കേൾക്കുന്നോ അങ്ങോട്ട് ഓടും. അല്പസ്വല്പം നാടകാഭിനയവും കൂട്ടിനുണ്ടായിരുന്നു. കുടുംബത്തിൽ ആരും തന്നെ കലയുമായി യാതൊരു ബന്ധവുമില്ലായിരുന്നു. കൊട്ടിനോടുള്ള ആഗ്രഹം കൊണ്ടാണ് വീടിനടുത്ത് കൊട്ട് പഠിപ്പിക്കുന്നു എന്ന് കേട്ടപ്പോൾ തന്നെ വെറുതേ കേട്ടിരിക്കാം എന്നു കരുതി പോകുന്നത്. സ്ഥിരം അവിടെപോയി പോയി ഒടുവിൽ ഞാനും പഠിക്കാമെന്ന് തീരുമാനിച്ചു. ഞങ്ങൾ നാലു സഹോദരന്മാരാണ്. നാലുപേരും എനിക്കൊപ്പം പഠിക്കാൻ കൂടി. നാലുപേരും ഒരുമിച്ച് കലാജീവിതം തുടങ്ങി. എന്നാൽ ഇപ്പോൾ അതിൽ ഞാനും അനിയൻ തിരുവില്വാമല രാജനും മാത്രമേ ഇപ്പോൾ രംഗത്തുള്ളു.

ദൈവത്തിന്റെ അനുഗ്രഹം മാത്രമാണ്  ഈ നിലയിൽ എത്താൻ കഴിഞ്ഞതെന്നാണ് വിശ്വാസം. ഞങ്ങൾ നാല് സഹോദരങ്ങളും ഒരുമിച്ചാണ് കലാജീവിതം തുടങ്ങിയത്. മൂത്തയാൾ രാമകൃഷ്ണൻ നായർ മദ്ദള കലാകാരനാണ്. രണ്ടാമത്തെ ജ്യേഷ്ഠൻ നാരായണൻകുട്ടി ഇലത്താളവാദകനായിരുന്നു. അനിയൻ തിരുവില്വാമല രാജൻ മദ്ദള കലാകാരനാണ്. മരുമക്കളായ തിരുവില്വാമല സുന്ദരൻ തിമില കലാകാരനും  എന്റെ  ശിഷ്യന മാണ്. ചേലക്കര സൂര്യ നാരായണൻ ഇലത്താളത്തിൽ തൃശൂർ പൂരത്തിന്റെ തിരുവമ്പാടി വിഭാഗം പ്രമാണിയുമാണ്. തിരുവില്വാമല മണികണ്ഠൻ ഇലത്താളകലാകാരനുമാണ്. ഞാൻ കേരള സംഗീതനാടക അക്കാഡമി, തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെന്റർ, ഐ.സി.സി.ആർ, ഐ.ആർ.സി.ഇ.എൻ. എന്നിവയിൽ അംഗമാണ്. ഓൾ ഇന്ത്യ റേഡിയോയിലെ എ ഗ്രേഡ് ആർട്ടിസ്റ്റ് ആണ്.പല സാംസ്‌കാരിക സംഘനകളിലും പ്രവർത്തിച്ചു വരുന്നു.

നിരവധി അംഗീകാരങ്ങൾ
കലാജീവിതത്തിൽ എനിക്ക് കിട്ടിയ വലിയ സമ്പാദ്യമാണ് എന്റെ കൈയ്യിലെ തഴമ്പ്. കൂടാതെ സമൂഹത്തിലെ നല്ലൊരു പേരും. 2007ൽ എന്റെ ശിഷ്യരും ജന്മനാടും സഹപ്രവർത്തരും ചേർന്ന് നൽകിയ സുവർണോപഹാരം, ഭരത് മുരളി കാരുണ്യം ട്രസ്റ്റിന്റെ അവാർഡ്, സംസ്‌കാര സാഹിതി പുരസ്‌കാരം, തുടങ്ങി 2018ൽ ജയറാം അക്കാഡമിയുടെ അവാർഡും കിട്ടിയിട്ടുണ്ട്.

തുടക്കം തിരുവില്വാമല കുട്ടികൃഷ്ണപൊതുവാൾ, പിന്നീട് പൂക്കോട് മണികണ്ഠൻ നായർ, തിരുവില്വാമല അപ്പുണ്ണി പൊതുവാൾ, ചിന്നക്കുട്ടി പൊതുവാൾ, കലാമണ്ഡലം പരമേശ്വരമാരാർ എന്നിവരുടെ കീഴിൽ തിമില അഭ്യസിച്ചു. മംഗലം ശിവരാമൻ നായരുടെ കീഴിൽ ചെണ്ടയും പഠിച്ചു. കേരളത്തിലെ ഒരുവിധം മുതിർന്ന ആചാര്യന്മാർ ഒപ്പം നിന്ന് കല അവതരിപ്പിക്കാനും അവസരം കിട്ടിയിട്ടുണ്ട്.

അഞ്ചാം ക്ളാസ് മുതൽ ഏഴാം ക്ലാസ് വരെ സ്‌കൂൾ തലത്തിലുള്ള നാടകങ്ങളിൽ സജീവമായിരുന്നു. അതും കൂടുതലും സ്ത്രീവേഷങ്ങൾ. അന്നൊക്കെ എന്റെ ശബ്ദം സ്ത്രീകളുമായി സാമ്യമുള്ളതായിരുന്നു. അങ്ങനെ സ്‌കൂൾ തലമൊക്കെ കഴിഞ്ഞിരിക്കുമ്പോഴാണ് പ്രൊഫഷണൽ നാടകങ്ങളിൽ അവസരം ലഭിക്കുന്നത്. അതിനും കാരണമുണ്ട്. അന്നൊക്കെ അഭിനയിക്കാൻ വരുന്ന സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ പണം കൊടുക്കണമായിരുന്നു. ആ സമയത്താണ് ആരോ എന്നെക്കുറിച്ച് പറയുന്നത്. അങ്ങനെ സ്ത്രീ വേഷം അവതരിപ്പിക്കാൻ അവസരങ്ങൾ കിട്ടിയാണ് നാടകത്തിൽ അഭിനയിക്കുന്നത്.തിരുവില്വാമല വാദ്യകലാ സംഘടന എന്ന പേരിൽ കേരള സംഗീത നാടക അക്കാഡമിയുടെ അംഗീകാരത്തോടെ ഒരു സ്ഥാപനം നടത്തുന്നു. ആയിരത്തിൽപ്പരം ശിഷ്യപ്രശിഷ്യരുണ്ട്. പഞ്ചവാദ്യത്തിൽ പേരെടുത്ത ഒരു പിടി ശിഷ്യരെ വാർത്തെടുക്കുവാനും കഴിഞ്ഞു.

കലാ ജീവിതത്തിൽ കുടുംബത്തിനുള്ള പങ്ക് ?
എന്റെ കലാ ജീവിതത്തിൽ എന്റെ കുടുംബം പൂർണ്ണ പിന്തുണയാണ് നല്കിട്ടുള്ളത്. അതാണ് എന്റെ ബലവും. ഭാര്യ നന്ദിനി വീട്ടമ്മയാണ്. രണ്ടു മക്കളുണ്ട്. ശിവപ്രസാദ് പ്രാദേശികപത്രപ്രവർത്തകനാണ്. തിമില അഭ്യസിച്ചിട്ടുമുണ്ട്. മകൾ അശ്വതി നർത്തകിയാണ്. സംസ്ഥാന തലത്തിൽ കലാതിലകവും, 2017ൽ കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ 'യംഗ് ടാലന്റ് അവാർഡ്' ജേതാവുമാണ്.