സൗന്ദര്യ മത്സരങ്ങളിലൂടെ ഗ്ളാമർ ലോകത്തെത്തിയ പാർവതി നായർ തമിഴിലെ ഒന്നാം നിര നായികമാർക്കിടയിൽ സ്ഥാനമുറപ്പിച്ച് കഴിഞ്ഞു. ഇനി വേണ്ടത് മാതൃഭാഷയിൽ നിന്നുള്ള മനസു നിറയ്ക്കുന്ന സ്നേഹമാണ്. ജെയിംസ് ആന്റ് ആലീസ്, ഓവർടേക്ക്, നീരാളി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധിക്കപ്പെട്ട വേഷം ചെയ്ത പാർവതി നായർ സംസാരിക്കുന്നു, മലയാളത്തിലെത്താൻ വൈകിയ കഥ.
അവസരങ്ങൾക്ക് കാത്തിരിക്കുന്നു
ഞാൻ അബുദാബിയിലാണ് ജനിച്ചതും വളർന്നതും. നാടുമായുള്ള ബന്ധം കുറവാണ്. പല നല്ല സിനിമകൾ ഇവിടെ സംഭവിക്കുന്നുണ്ടെന്ന് അറിയുന്നത് പോലും റിലീസിന് ശേഷമാണ്. അവാർഡ് ഷോകൾക്കൊക്കെ കാണുമ്പോൾ എന്തുകൊണ്ടാണ് മലയാളത്തിൽ അഭിനയിക്കാത്തതെന്ന് നമ്മുടെ വലിയ താരങ്ങൾ പോലും ചോദിച്ചിട്ടുണ്ട്. ആ പരിപാടി കഴിഞ്ഞാൽ അവരത് മറന്നു പോകും. ഒരു കഥാപാത്രത്തിന് ഏറ്റവും അനുയോജ്യമായ ആളെയൊന്നുമായിരിക്കില്ല പല സിനിമകളിലും കാസ്റ്റ് ചെയ്യുന്നത്. ആരാണപ്പോൾ അവൈലബിൾ എന്നതിനാണ് കൂടുതൽ പ്രാധാന്യം. പാർവതി തന്നെ അഭിനയിക്കണമെന്ന് നിർബന്ധവുമായി എത്തിയ മലയാള സിനിമ ജയിംസ് ആൻഡ് ആലീസാണ്. പൃഥ്വിരാജിന്റെ സിനിമയായതു കൊണ്ട് ഒഴിവാക്കാൻ തോന്നിയില്ല. കേരളത്തിൽ താമസിക്കാത്തതിനാൽ, മലയാളി സംവിധായകർക്ക് എന്നെ പരിചയമില്ലായിരിക്കും. വലിയ സംവിധായകരെ ആരെയും ഇപ്പോഴും നേരിട്ടറിയില്ല. നീരാളിയിൽ തന്നെ തൃഷയെയാണ് ആദ്യം പരിഗണിച്ചത്. ഭാഗ്യം കൊണ്ട് അതിനിടയിൽ ഞാൻ സംവിധായകന്റെ കണ്ണിൽപ്പെട്ടു. കേരളത്തിലെ വലിയ ബ്രാൻഡുകൾക്കു വേണ്ടി കുറേ പരസ്യങ്ങൾ ചെയ്തിട്ടുണ്ട്. പരസ്യത്തിലെ മോഡലിന്റെ മുഖം എല്ലാവർക്കും പരിചയമാകുമെങ്കിലും പേര് അന്വേഷിക്കാൻ മെനക്കെടില്ലല്ലോ. ഞാൻ ഇതുവരെ ഒരു ഒഡിഷനോ സ്‌ക്രീൻ ടെസ്റ്റിനോ പോയിട്ടില്ല
വേണ്ടെന്നു വച്ചു വിജയിച്ചു
ബാംഗ്ളൂർ ഡേയ്സിൽ ഇഷ തൽവാർ അവതരിപ്പിച്ച വേഷത്തിലേക്ക് ആദ്യം വിളിച്ചത് എന്നെയാണ്. ഫേസ്ബുക്കിലാണ് മെസേജ് വന്നത്. ആരോ കബളിപ്പിക്കാൻ ചെയ്തതാണെന്ന് കരുതി മറുപടി കൊടുത്തില്ല. ഒറിജിനലാണെന്ന് മനസിലായപ്പോഴേക്കും വൈകി. അങ്ങനെ ചില അവസരങ്ങൾ നഷ്ടമായിട്ടുണ്ട്. 2015ലാണ് അരുവിയിലേക്ക് ക്ഷണം വന്നത്. ആദ്യം അവർ ശ്രുതിഹാസനെയാണ് നോക്കിയത്. അരുവിയുടെ നിർമ്മാതാക്കളായ ഡ്രീം വാരിയർ പിക്ചേഴ്സ് അന്ന് പുതിയ ബാനറായിരുന്നു. പിന്നീട് അവർ ഒരുപാട് ഹിറ്റ് സിനിമകൾ നിർമ്മിച്ചു. പോരാത്തതിന് പുതിയ സംവിധായകനും. കരിയറിന്റെ തുടക്കത്തിൽ തന്നെ ഒരു പരീക്ഷണത്തിന് നിൽക്കേണ്ടെന്നു കരുതി അത് സ്വീകരിച്ചില്ല. ഫീമെയിൽ ഓറിയന്റഡ് സിനിമയാണ് ,മുടി ഷേവ് ചെയ്യണം എന്നൊക്കെ പറഞ്ഞിരുന്നു. മൂന്ന് വർഷമെടുത്തു അവർ ആ സിനിമ ചെയ്യാൻ. അപ്പോഴേക്കും ആ നിബന്ധനകൾ മാറി. വൺ ലൈൻ പറഞ്ഞെങ്കിലും സ്‌ക്രിപ്ട് മുഴുവൻ കേൾക്കാൻ ഞാൻ ശ്രമിച്ചതുമില്ല.
അർജുൻ റെഡ്ഡിയിലേക്ക് വിളിക്കുമ്പോൾ വിജയ് ദേവർകൊണ്ടയുടെ ആദ്യ സിനിമ റിലീസായിരുന്നില്ല. പുതിയ നായകനും സംവിധായകനും തീരെ കുറഞ്ഞ പ്രതിഫലവും. അധികം ആലോചിക്കാതെ നോ പറഞ്ഞു. അവർ സ്‌ക്രിപ്റ്റ് മുഴുവൻ അയച്ചു തന്നിരുന്നു. ചില തിരക്കഥകൾ വായിച്ചാലും സിനിമ എങ്ങനെയിരിക്കുമെന്ന് നമുക്ക് പറയാനാകില്ല. അർജുൻ റെഡ്ഡി പോലെയുള്ള സിനിമകളുടെ മേക്കിംഗല്ലേ പ്രധാനം. ചിലപ്പോൾ ചാൻസ് എടുക്കേണ്ടി വരും. അന്നതിന് ധൈര്യമുണ്ടായില്ല. തീരുമാനങ്ങളിൽ ഒരു നിരാശയുമില്ല, അന്നത്തെ സാഹചര്യം അതായിരുന്നു.
കമലഹാസനും അജിത്തും
ഉത്തമവില്ലനിൽ കമൽസാറിന്റെ മകന്റെ ജോടിയായി. ആ സിനിമയിൽ എനിക്ക് ചേരുന്ന വേഷം അതാണ്. അജിത്തിന്റെ എന്നെ അറിന്താലിൽ തൃഷയുടെ റോളിലേക്കാണ് ആദ്യം വിളിച്ചത്. അജിത്തിന്റെ ഭാര്യയുടെ വേഷം. 10 വയസുള്ള കുട്ടിയൊക്കെയുണ്ടെന്നു പറഞ്ഞു. പിന്നീടാണ് അരുൺ വിജയ്യുടെ ജോടിയായ ഒരു കഥാപാത്രം നൽകിയത്. അതുകൊണ്ട് അജിത്തിന്റെ കൂടെ അഭിനയിക്കാനും എന്റെ പ്രായത്തിന് ചേരുന്ന റോൾ ചെയ്യാനും പറ്റി. നീരാളിയിൽ നദിയാ മൊയ്തു മാഡമാണ് ലാൽ സാറിന്റെ ഭാര്യയായി അഭിനയിക്കുന്നത്. എങ്കിലും എന്റേത് ലീഡ് റോളാണ്.
ഞാൻ അസ്സലൊരു മലയാളി
പൂർണമായും മലയാളി തന്നെയാണ്. സ്‌കൂളിൽ മലയാളം പഠിച്ചില്ലെങ്കിലും എഴുതാനും വായിക്കാനുമെല്ലാം അറിയാം. വീട്ടിൽ മലയാളമാണ് സംസാരിക്കുന്നത്. അച്ഛൻ വളരെ ചെറുപ്പത്തിൽ തന്നെ ജോലിക്കായി അബുദാബിയിൽ എത്തിയതാണ്. അദ്ദേഹം പഠിച്ചതും ഒരു ആഗ്‌ളോ ഇന്ത്യൻ ബോർഡിംഗ് സ്‌കൂളിലാണ്. പക്ഷേ, എന്നെയും ചേട്ടനെയും മലയാളി കുട്ടികളായി വളർത്താനാണ് അച്ഛനും അമ്മയും ശ്രമിച്ചത്. പുറത്ത് വളർന്നത് കൊണ്ട് ഞാൻ കുറച്ചുകൂടി ഓപ്പൺ മൈൻഡഡാണ്. ആരെയും മുൻവിധിയോടെ സമീപിക്കില്ല. എല്ലാവരെയും തുല്യരായി കാണാൻ കഴിയും. ഏത് നാട്ടുകാരുമായും പെട്ടെന്ന് പൊരുത്തപ്പെടും. പക്ഷേ, എന്റെ ഇഷ്ട ഭക്ഷണം ഏതാണെന്ന് ചോദിച്ചാൽ, എല്ലാം വെളിച്ചെണ്ണയിൽ പാകം ചെയ്യുന്നവ തന്നെയായിരിക്കും. തമിഴ് സിനിമാ സെറ്റുകളിൽ പോലും എനിക്ക് കേരളാ റൈസ് കിട്ടിയേ പറ്റൂ.