balabhaskar

ഉദയസൂര്യൻ കാലം സൃഷ്ടിച്ച ഇരുളിന്റെ മറയിലേക്ക് മറഞ്ഞു.സ്വരങ്ങളാൽ തീർത്ത ആ സുവർണ രശ്മികൾ ഇനിയില്ല. ഭൂമിയിൽ ദുഃഖത്തിന്റെ ഇരുൾ വീഴ്ത്തി മീട്ടാൻ ബാക്കിയാക്കിയ ഈണങ്ങളുമായി അനശ്വരതയുടെ ലോകത്തേക്ക് യാത്രയായി. വയലിൻ തന്ത്രികളിൽ മാസ്മരികവർണങ്ങൾ തീർത്ത ബാലഭാസ്‌കർ എന്ന അനുഗ്രഹീത കലാകാരൻ അകാലത്തിൽ വിട പറയുമ്പോൾ ബാക്കിയാകുന്നത് ആരാധക ഹൃദയത്തിലേറ്റ തീരാമുറിവാണ്. ചിരി മാഞ്ഞ് നിശ്ചലമായ ആ മുഖം ഒരിക്കൽ കൂടി കാണാൻ ആർക്കും കരുത്തുണ്ടായിരുന്നില്ല. നിഷ്‌കളങ്കമായ പുഞ്ചിരിയോടെ വയലിനെ നെഞ്ചോട് ചേർത്ത് പിടിച്ച ബാലഭാസ്‌കറിന്റെ രൂപം മനസ്സിലേക്ക് കടന്നുവരുകയാണ്. ഉള്ളിലെവിടെയോ ആയിരം ശരങ്ങൾ തുളച്ച് കയറുന്ന വേദന. അദ്ദേഹം തീർത്ത ശ്രുതികൾ ഓരോന്നായി കാതിലേക്ക് കടന്നുവരുമ്പോൾ പോയ് മറഞ്ഞ വസന്തകാലത്തെ ഓർമ വരുന്നു. ഇനിയൊരിക്കലും തിരിച്ചു വരാത്ത ഒരു വസന്തകാലം....

കിരീടം സിനിമയിലെ 'കണ്ണീർ പൂവിന്റെ കവിളിൽ തലോടി ' എന്ന ഹിറ്റ്ഗാനം ബാലഭാസ്‌കർ തന്റെ ശൈലിയിൽ അതി മനോഹരമായി പുതിയൊരു ഭാവത്തിൽ അവതരിപ്പിച്ചത് ഏറെ  ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്റെ എല്ലാ ഈണങ്ങളെയും പോലെ തന്നെ ഇതും ആരാധകർ ഇരു കരങ്ങളും നീട്ടി സ്വീകരിച്ചു. മറ്റുള്ളവയിൽ നിന്നെല്ലാം വ്യത്യസ്തമായി ഹൃദയത്തെ പിടിച്ചെടുക്കുന്ന എന്തോ ഒരു പ്രത്യേകത അതിനുണ്ടായിരുന്നു. തീവ്രമായ ഒരു ശോകഗാനം പോലെ ആരാധക മനസിലേക്ക് ആ ഈണങ്ങൾ കണ്ണീർമഴ പെയ്യിച്ചു. വാക്കുകൾക്കതീതമായ വശ്യ ഭംഗിയോട് കൂടിയ ആ ഈണങ്ങളിലേക്ക്  നാം അലിഞ്ഞു ചേർന്നു. വാക്കുകളില്ല, അഭിനയമില്ല...വയലിനിൽ നിന്നുയരുന്ന സ്വരങ്ങളാൽ നമ്മെ വിസ്മയിപ്പിച്ച അദ്ദേഹം യാത്രയാകുമ്പോൾ  മനസിൽ തീരാവേദനയായ് അവശേഷിക്കുന്നതും വികാരനിർഭരമായ ആ ഗാനം തന്നെയാണ്.

തന്റെ  കൺമണി തേജസ്വിനിക്കൊപ്പം ബാലഭാസ്‌കർ അസ്തമിക്കുമ്പോൾ തനിച്ചാകുന്നത് ലക്ഷ്മിയാണ്. വളരെ ചെറിയ പ്രായത്തിൽ പ്രണയം നൽകിയ ആത്മവിശ്വാസം ഇരുവർക്കും മുന്നോട്ട് ജീവിക്കാനുള്ള ധൈര്യമേകി. പീന്നീട് അങ്ങോട്ട് അദ്ദേഹത്തിന്റെ ഓരോ ചുവടുവയ്പ്പിലും കൂട്ടായി ലക്ഷ്മിയുണ്ടായിരുന്നു. ലക്ഷ്മി നൽകിയ പിന്തുണയും പ്രാണന്റെ പ്രാണനായ വയലിനുമാണ് ബാലഭാസ്‌കറിനെ എല്ലാവരുടെയും പ്രിയപ്പെട്ടവനാക്കി മാറ്റിയത്. ലോകത്തിന്റെ  ഏത്‌കോണിൽപോയി വയലിൻ മീട്ടുമ്പോഴുംബാലഭാസ്‌കറിന്റെമനസ്സിന്റെവയലിനിൽ ശ്രുതിമീട്ടുന്നത് ലക്ഷ്മിയാണ്. വയലിന്റെ തന്ത്രികളിൽ അലിഞ്ഞുചേർന്ന ശ്രുതി പോലെയായിരുന്നു  അവരുടെ ജീവിതം.

മൂന്നാം വയസു മുതൽ അദ്ദേഹത്തിന്റെ  ഉറ്റസുഹൃത്തായിരുന്നു വയലിൻ. ഒരു കൊച്ചുകുട്ടി കളിപ്പാട്ടം കൊണ്ട് നടക്കുന്ന പോലെ അദ്ദേഹം വയലിനെ ഒപ്പം കൂട്ടി. ഊണിലുംഉറക്കത്തിലുംവയലിനെന്നചിന്ത അദ്ദേഹത്തോടൊപ്പംതന്നെഉണ്ടായിരുന്നു.ബാലഭാസ്‌കറും വയലിനും തമ്മിൽ ഒരു പ്രത്യേക ആത്മബന്ധമുണ്ടായിരുന്നു. ഒരു പൂവിനെ തലോടുന്ന ലാഘവത്തോടെ വളരെ നിഷ്പ്രയാസം വയലിനെ കൈകാര്യം ചെയ്യുന്ന അദ്ദേഹം ഏവർക്കും ഒരു അത്ഭുതമായി മാറി.അദ്ദേഹത്തിന്റെ കരസ്പർശം ഏൽക്കാൻ കാത്തിരുന്ന പോലെയാണ് വയലിന്റെ തന്ത്രികളിൽ നിന്നും സ്വരങ്ങൾ ഉയരുന്നത്.

സംഗീതം ബാലഭാസ്‌കറിന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്.മുത്തശ്ശൻ ഭാസ്‌കരപ്പണിക്കർ നാദസ്വര വിദ്വാനായിരുന്നു. മാതൃ സഹോദരനായിരുന്ന ബി. ശശി കുമാറായിരുന്നു അദ്ദേഹത്തിന്റെ ഗുരു.പ്രശസ്ത വയലിനിസ്റ്റ് കൂടിയായിരുന്ന അദ്ദേഹം തന്നെയാണ് ബാലഭാസ്‌കറിന്  വയലിന്റെ മായാലോകത്തേക്കുള്ള വാതിൽ തുറക്കാനുള്ള താക്കോൽ കാണിച്ചു നൽകിയത്. അമ്മാവൻ പകർന്നു നൽകിയ പാഠങ്ങൾ കുഞ്ഞു ബാലഭാസ്‌കർ തന്റെ ജീവിതമാക്കി. അന്നു മുതൽ കൂട്ടായുണ്ട് വയലിൻ. പതിനേഴാം വയസ്സിൽ  'മംഗല്യപ്പല്ലക്ക് ' എന്ന ചിത്രത്തിന് സംഗീതസംവിധാനം നിർവഹിച്ചു. അങ്ങനെ അദ്ദേഹം മലയാളത്തിൽ ഇതു വരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകനായി. എന്നാൽ പിന്നീട്സംഗീത സംവിധാനത്തിൽനിന്നും പിൻവാങ്ങിയ ബാലഭാസ്‌കർ 'നിനക്കായ് ' , 'ആദ്യമായ്  'തുടങ്ങി റൊമാന്റിക് ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ മനം കവർന്നു. ദ് ബിഗ് ബാന്റിലൂടെ പ്രശസ്ത സംഗീതജ്ഞർക്കൊപ്പം ചേർന്ന് വയലിന്റെ മാസ്മരികത ലോകമെമ്പാടുമെത്തിച്ചു.

ഫ്യൂഷൻ സംഗീതത്തിന്റെ നൂതന സാധ്യതകളിലൂടെ ശ്രോതാക്കളെ ഹരം കൊള്ളിച്ചു. ബാലഭാസ്‌കറിന്റെ ഇലക്ട്രിക് വയലിനിൽ നിന്നുമുയർന്ന സംഗീതം മലയാളികൾക്ക് പുതിയൊരു അനുഭവമായി മാറി.അഭിനയത്തിന്റെ അനന്തസാധ്യതകളുടെ കവാടം അദ്ദേഹത്തിന്റെ മുന്നിൽ തുറന്നിട്ടിട്ടു പോലും ശ്രുതിയുടെയും  സ്വരങ്ങളുടെയും ലോകത്ത് നിന്നും വ്യതിചലിക്കാൻഅദ്ദേഹം തയാറായില്ല. തങ്ങളുടെ പ്രിയപ്പെട്ട ബാലുവിന്റെ വിയോഗം സുഹൃത്തുക്കളേയും തളർത്തി.അപകട വിവരം ഒരു ദുഃസ്വപ്നമെന്നപ്പോലെയാണ് അവർക്ക് തോന്നിയത്.എപ്പോഴും പ്രസന്നതയോടെ കൂട്ടുകാർക്കിടയിലേക് ക്കടന്നു വന്നിരുന്ന ബാലുവിന്റെ ചിത്രം സുഹൃത്തുക്കളെ തീരാവേദനയിലെക്ക് തള്ളിയിടുകയാണ്.

സംഗീതലോകത്തും അല്ലാതെയും നിരവധിപേരുമായി ബാലഭാസ്‌കറിന് അടുപ്പമുണ്ട്.ഉസ്താത് ഹുസ്സൈൻ ഖാൻ, ശിവമണി, സ്റ്റീഫൻ ദേവസി, ഹരിഹരൻ, മട്ടന്നൂർ ശങ്കരൻകുട്ടി തുടങ്ങിയ നിരവധി സംഗീത പ്രമുഖരുമായി വേദി പങ്കിടാൻ അദ്ദേഹത്തിനു കഴിഞ്ഞു. എ. ആർ .റഹ്മാനെ പോലും അത്ഭുപ്പെടുത്തിയതായിരുന്നു ബാലഭാസ്‌കറിന്റെശ്രുതികൾ.ഫ്യൂഷൻ സംഗീതത്തെ തന്റെ ശൈലിയിൽ സ്വതന്ത്രമായി ചിട്ടപ്പെടുത്തി ആരാധകർക്കിടയിലേക്ക് എത്തിച്ച അദ്ദേഹം വയലിനെ ശാസ്ത്രീയമായുംഅവതരിപ്പിച്ച് മികവ് തെളിയിച്ചു. എല്ലാം ഒരു സ്വപ്നമായിരിക്കണേ എന്ന് നാം പ്രാർത്ഥിച്ചു. ബാലഭാസ്‌കറിന്റെ അപ്രതീക്ഷിതമായ വേർപാട് ഉൾക്കൊള്ളാനാകാതെ സ്തംഭിച്ചിരിക്കുകയാണ് നാം ഇപ്പോഴും.

തനിക്ക് പ്രിയപ്പെട്ടവരെ  ദൈവം വളരെ നേരത്തെ തന്നെ വിളിക്കുമെന്ന് കേട്ടിട്ടുണ്ട്.ബാലഭാസ്‌കർ ഏവർക്കും പ്രിയപ്പെട്ടവനായിരുന്നു.ചിരിച്ച മുഖത്തോടെ മാത്രം വയലിൻ വായിച്ചിരുന്ന അദ്ദേഹത്തെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആരാധകർ നെഞ്ചിലേറ്റി.പിയാനോ  മാന്ത്രികനായ ബിഥോവന്റെ സംഗീതം മഴയത്ത് കേട്ടാൽ പോലും നാം കേട്ടുനിന്നു പോകും എന്ന് പറയാറുണ്ട്.അത്രയ്ക്കും മാസ്മരികതയും മായാജാലവും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ സംഗീതം. അതുപോലെ തന്നെയാണ് ബാലഭാസ്‌കറിന്റെയും സംഗീതം.ആ വിരലുകൾ തൊടുമ്പോൾ വിരിയുന്ന ശ്രുതിയിൽ ആരും അലിഞ്ഞു പോകും.ബിഥോവൻ സിംഫണികളെയായിരുന്നു പ്രണയിച്ചതെങ്കിൽ ബാലഭാസ്‌കർപ്രണയിച്ചത് വയലിനെയും. ശിശിരത്തിന്റെ വരവറിയിച്ച് ഒക്ടോബർ കടന്നു വരുമ്പോൾ ഇലകളെ തഴുകി മറയുന്ന കാറ്റിനെപ്പോലെ ബാലഭാസ്‌കർ നമ്മുടെ കണ്ണുകളെ നനയിച്ചു കൊണ്ട് യാത്രയാകുന്നു.വരാനിരിക്കുന്ന ഋതുഭേദങ്ങൾക്ക് സാക്ഷ്യം വഹിക്കാതെ ദൂരേക്ക് പോയി മറയുന്നു. ചുരുങ്ങിയ കാലയളവിൽ അസാമാന്യമായി ജീവിച്ച ആ അതുല്യ പ്രതിഭയ്ക്ക് പ്രണാമം.സിംഫണികളെയായിരുന്നു പ്രണയിച്ചതെങ്കിൽ ബാലഭാസ്‌കർപ്രണയിച്ചത് വയലിനെയും. ശിശിരത്തിന്റെ വരവറിയിച്ച് ഒക്ടോബർ കടന്നു വരുമ്പോൾ ഇലകളെ തഴുകി മറയുന്ന കാറ്റിനെപ്പോലെ ബാലഭാസ്‌കർ നമ്മുടെ കണ്ണുകളെ നനയിച്ചു കൊണ്ട് യാത്രയാകുന്നു.വരാനിരിക്കുന്ന ഋതുഭേദങ്ങൾക്ക് സാക്ഷ്യം വഹിക്കാതെ ദൂരേക്ക് പോയി മറയുന്നു. ചുരുങ്ങിയ കാലയളവിൽ അസാമാന്യമായി ജീവിച്ച ആ അതുല്യ പ്രതിഭയ്ക്ക് പ്രണാമം.