ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ ഡിസംബർ ഒൻപതിന് കണ്ണൂർ വിമാനത്താവളം വ്യോമയാന ഭൂപടത്തിൽ സ്ഥാനംപിടിക്കാൻ പോവുകയാണ്. ഭൂവിസ്തൃതിയിൽ നന്നേ ചെറുതാണെങ്കിലും അന്താരാഷ്ട്രപദവി പേറുന്ന സംസ്ഥാനത്തെ നാലാമത്തെ വിമാനത്താവളമാകും കണ്ണൂരിലേത്. ഒട്ടേറെ നവീനതകൾ അവകാശപ്പെടാവുന്ന കണ്ണൂർ വിമാനത്താവളം പ്രവർത്തന സജ്ജമാകുന്നതോടെ ഉത്തര കേരളത്തിന്റെ വലിയതോതിലുള്ള വികസനത്തിന്റെ പാത കൂടിയാണ് തുറക്കപ്പെടുന്നത്. 2300 ഏക്കർ പ്രദേശത്ത് രണ്ടായിരത്തോളംകോടി രൂപ ചെലവഴിച്ച് നിർമ്മിച്ച കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം (കിയാൽ) രാജ്യത്തെ വൻകിട വിമാനത്താവളങ്ങൾക്കൊപ്പം പെരുമ അവകാശപ്പെടാവുന്നവിധം സകലവിധ അത്യാധുനിക സജ്ജീകരണങ്ങളും ഉള്ളതാണ്. നിലവിൽ 3050 മീറ്റർ ദൈർഘ്യമുള്ള റൺവേ 4000 മീറ്ററായി ദീർഘിപ്പിക്കുന്നതോടെ ഡൽഹി, മുംബയ് , ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ മുൻനിര വിമാനത്താവളങ്ങളുടെ നിലവാരത്തിലേക്കുയരും. സംസ്ഥാനത്തെ ഏറ്റവും വലിയ വിമാനത്താവളം ഇനി കണ്ണൂരായിരിക്കും. വിനോദസഞ്ചാര മേഖലയുടെ വളർച്ചയിലും 'കിയാൽ' പ്രധാന പങ്കുവഹിക്കാൻ പോവുകയാണ്. പൂർണമായും പ്രകൃതി സൗഹൃദമെന്നതാണ് മറ്റൊരു പ്രത്യേകത. പ്രകൃതിസൗഹൃദ ചട്ടങ്ങൾ എല്ലാ ദൈനംദിന പ്രവർത്തനങ്ങളിലും പാലിക്കുംവിധത്തിലാണ് വിമാനത്താവളത്തിന്റെ രൂപകല്പനയും ഘടനയും.
അന്താരാഷ്ട്ര പദവിയുള്ള മൂന്ന് വിമാനത്താവളങ്ങൾ നല്ലനിലയിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്ത് നാലാമതൊന്നിന്റെ ആവശ്യമെന്തെന്ന് സന്ദേഹിച്ചവർക്കുള്ള മറുപടിയാണ് രാജ്യാന്തര നിലവാരത്തിലുള്ള കണ്ണൂർ വിമാനത്താവളം. നേരത്തെ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നെടുമ്പാശേരി വിമാനത്താവള പദ്ധതിക്ക് തുടക്കമിട്ടപ്പോഴും രൂക്ഷമായ എതിർപ്പുകൾ ഉയർന്ന കാര്യം മറക്കാറായിട്ടില്ല. കൊച്ചി 'സിയാൽ' കുറഞ്ഞ നാളുകൾകൊണ്ട് സംസ്ഥാനത്തെ പ്രമുഖ വിമാനത്താവളമായി മാറിയപ്പോഴാണ് വിമർശകരുടെ നാവടങ്ങിയത്. അതുപോലെ കണ്ണൂർ വിമാനത്താവളത്തിനും പ്രവർത്തന മികവുകൊണ്ട് അദ്വതീയ സ്ഥാനം നേടാനാവും. സാരഥികൾ ഭാവനാ സമ്പന്നരും അദ്ധ്വാനശീലരുമാകണമെന്നു മാത്രം.
തുടക്കത്തിൽ 27 പ്രതിദിന സർവീസുകളാകും കണ്ണൂരിൽ നിന്നുള്ളത്. പതിനൊന്ന് വിദേശ കമ്പനികൾ ഇവിടെനിന്ന് സർവീസ് തുടങ്ങാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും തുടക്കത്തിൽ രാജ്യത്തെ ഏഴ് കമ്പനികൾക്കാണ് അനുമതി നൽകിയിട്ടുള്ളത്. വിദേശ വിമാനക്കമ്പനികൾ അല്പകാലം കാത്തിരിക്കേണ്ടിവരുമെന്ന സൂചനയാണുള്ളത്. അനുമതി വൈകരുതെന്ന് മുഖ്യമന്ത്രി ഇൗയിടെ പ്രധാനമന്ത്രിയെ സന്ദർശിച്ച അവസരത്തിൽ അഭ്യർത്ഥന നടത്തിയിരുന്നു. ഫലം ഉണ്ടാകുമെന്നുതന്നെ പ്രതീക്ഷിക്കാം. ആദ്യവർഷങ്ങളിൽ പതിമൂന്ന് ലക്ഷം രാജ്യാന്തര യാത്രക്കാരെ ലഭിക്കുമെന്നാണ് 'കിയാൽ' കണക്കാക്കിയിരിക്കുന്നത്. കണ്ണൂർ വിമാനത്താവളം കൂടി പ്രവർത്തനം തുടങ്ങുന്നതോടെ ആഭ്യന്തര സർവീസുകൾ യാത്രക്കാർക്ക് കൂടുതൽ പ്രയോജനപ്രദമായ രീതിയിൽ പുനരാവിഷ്കരിക്കാനുള്ള നടപടികൾകൂടി ഉണ്ടാകണം. ചെറിയ നഗരങ്ങളെയും പട്ടണങ്ങളെയും ബന്ധപ്പെടുത്തിയുള്ള 'ഉഡാൻ' സർവീസിൽനിന്ന് കേരളത്തെ ഒഴിവാക്കി നിറുത്തിയിരിക്കുകയാണ്. ആകാശ യാത്ര ആഡംബരമല്ലാതായിക്കഴിഞ്ഞ ഇക്കാലത്ത് തെക്കുനിന്ന് വടക്കുവരെ ഇപ്പോൾ മണിക്കൂർകൊണ്ട് ചെന്നെത്താനാകും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ നഗരങ്ങളെ ബന്ധപ്പെടുത്തി ഹ്രസ്വദൂര സർവീസുകൾക്കുള്ള സാദ്ധ്യത തേടാവുന്നതാണ്. തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്കുപോലും ഇപ്പോൾ പ്രതിദിന സർവീസ് ഇല്ല. ആഴ്ചയിൽ നാലുദിവസമേയുള്ളു. കണ്ണൂർ വിമാനത്താവളം തുറക്കുന്നത് വിനോദസഞ്ചാരികൾക്ക് മാത്രമല്ല, ആഭ്യന്തരയാത്രക്കാർക്കും വലിയ അനുഗ്രഹമാകും. യാത്രക്കാരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് ഷെഡ്യൂൾ നിശ്ചയിക്കുന്നതിൽ വിമാന കമ്പനികൾ താത്പര്യം കാണിക്കണം. വികസനം വഴിമുട്ടി നിൽക്കുന്ന തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളെ കൈപിടിച്ചുയർത്താനുള്ള യത്നങ്ങൾക്ക് വേണ്ടത്ര വേഗത ഇനിയും വന്നിട്ടില്ല. റൺവേ തകരാറിന്റെ പേരിൽ കോഴിക്കോട് വിമാനത്താവളം ഏറെനാളായി വലിയ ഇനം വിമാനങ്ങൾ ഇറക്കാനാവാതെ അടച്ചിട്ട നിലയിലായിരുന്നു. റൺവേ കേടുപാടുകൾ തീർത്ത് പൂർണമായും പ്രവർത്തനസജ്ജമായിട്ടും സർവീസുകൾ മുൻകാലങ്ങളിലെപ്പോലെ പുനരാരംഭിക്കാൻ അനുമതിയായിട്ടില്ല. ഒട്ടേറെ സാങ്കേതിക പ്രശ്നങ്ങൾക്ക് ഇനിയും പരിഹാരമാകാനുണ്ടത്രെ. സംസ്ഥാനത്തെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളമായ തിരുവനന്തപുരത്തിന് വികസനത്തിന് സ്ഥലം കിട്ടുന്നില്ലെന്നതാണ് പ്രതിസന്ധി. നിലവിൽ രണ്ടാം ടെർമിനലോടു ചേർന്ന് ഇരുപതോളം ഏക്കർ സ്ഥലം എടുക്കാൻ ശ്രമം തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും നടപടികൾ ഇനിയും പൂർത്തിയായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ഉറപ്പുകൾ പലതും കാലഹരണപ്പെടുകയാണ്.