പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധി നടപ്പിലാക്കുമ്പോൾ പാരിസ്ഥിതികമായും സാമ്പത്തികമായും ഒട്ടേറെ വെല്ലുവിളികൾ അഭിമുഖീകരിക്കേണ്ടി വരും. ഇന്ത്യയിലെ മറ്റ് തീർത്ഥാടന സ്ഥലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ശബരിമല വനമേഖലയിൽ സ്ഥിതി ചെയ്യുന്നതിനാലും ജലവിഭവങ്ങളുമായി നേരിട്ട് ബന്ധമുള്ളതിനാലും വർദ്ധിക്കാനിടയുള്ള ജനത്തിരക്ക് പരിസ്ഥിതിക്കുണ്ടാകുന്ന ആഘാതം വളരെ വലുതാണ് . നിലവിൽ ഒരു വർഷം ശരാശരി നാല് കോടി തീർത്ഥാടകർ എത്തുന്ന ശബരിമലയിൽ ഈ വിധി നടപ്പിലാക്കുമ്പോൾ തീർത്ഥാടകരുടെ എണ്ണം എട്ട് കോടിയിലധികമാകും. മണ്ഡല മകരവിളക്ക് സീസണും മലയാളമാസം ഒന്നാം തീയതിയും മറ്റ് ഉത്സവങ്ങളും ഉൾപ്പെടെ വർഷത്തിൽ 145 ദിവസമാണ് നിലവിൽ ശബരിമലയിൽ സന്ദർശനാനുമതിയുള്ളത്. ഇത്രയും കുറഞ്ഞകാലയളവിനുള്ളിൽ പരിസ്ഥിതി ലോലപ്രദേശമായ പമ്പയിലും പരിസരപ്രദേശങ്ങളിലും കൂടുതൽ തീർത്ഥാടകർ എത്തുമ്പോൾ പരിസ്ഥിതിക്ക് ഉണ്ടാകാവുന്ന ആഘാതം വളരെ വലുതായിരിക്കും.
പഠനങ്ങൾ സൂചിപ്പിക്കുന്നത് തീർത്ഥാടന സീസണിൽ പമ്പ നദിയിലെ കോളിഫോം ബാക്ടീരിയയുടെ അളവ് നൂറ് മില്ലി വെള്ളത്തിൽ മൂന്നു ലക്ഷം വരെ ആകാറുണ്ട്. നിയമമനുസരിച്ച്, ഇത് അഞ്ഞൂറിൽ കൂടുതലായാൽ ആ ജലം കുളിക്കാൻ പോലും ഉപയോഗിക്കാൻ പാടില്ല. ഇതുപോലെ മലിനമായ ജലം പമ്പാനദിയിലുള്ളത് അതുമായി ബന്ധപ്പെട്ടുകിടക്കുന്ന എല്ലാ ജീവജാലങ്ങളെയും നശിപ്പിക്കുകയും മനുഷ്യരിൽ പലതരത്തിലുള്ള ജലജന്യ രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. ഇത് തീർത്ഥാടകരെ മാത്രമല്ല പമ്പാനദിയുടെ താഴേക്ക്താമസിക്കുന്ന ജനങ്ങളെ മുഴുവനും ബാധിക്കുന്നുണ്ട്. പരിസ്ഥിതി ദുർബല വനമേഖല ശബരിമലയുടെ വികസനത്തിനുവേണ്ടി കൂടുതൽ ഉപയോഗിക്കുന്നതും പരിസ്ഥിതി സൗഹാർദമല്ലാത്ത ഉത്പന്നങ്ങളുടെയും നിർമ്മാണ സാധനങ്ങളുടെ ഉപയോഗവും കൊണ്ട് വനവിഭവങ്ങളുടെയും വന്യജീവജാലങ്ങളുടെയും നിലനില്പിനെ ബാധിക്കുന്നുണ്ട്.
പുതിയ വിധി നടപ്പാക്കുമ്പോൾ ഏകദേശം എട്ട് കോടിയിലധികം വരുന്ന തീർത്ഥാടകർക്ക് നിലവിലുള്ള സൗകര്യങ്ങളും, ഇപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും ആസൂത്രണം ചെയ്തിട്ടുള്ളതുമായ പ്രവർത്തനങ്ങൾ അപര്യാപ്തമാണ്. പ്രളയം ബാധിച്ചതിനോടൊപ്പമുണ്ടായ നഷ്ടങ്ങൾക്ക് പകരമുള്ള പുനഃസ്ഥാപനത്തോടൊപ്പംതന്നെ കൂടുതലായ് പ്രതീക്ഷിക്കുന്ന തീർത്ഥാടകർക്ക് വേണ്ട സൗകര്യം കൂടി ഒരുക്കുക എന്ന ബാധ്യത സർക്കാരിനും ദേവസ്വം ബോർഡിനും ഏറ്റെടുക്കേണ്ടി വന്നിരിക്കുകയാണ്. ഇപ്പോഴുള്ള മാസ്റ്റർ പ്ലാൻ പാടേ മാറ്റിയെഴുതേണ്ടി വരും. പ്രളയം മൂലം സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന സംസ്ഥാനസർക്കാരിന് ശബരിമലയിൽ പരിസ്ഥിതി സൗഹാർദ്ദ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക എന്നത് വെല്ലുവിളയാണ്. പ്രതിവർഷം ശരാശരി 250 കോടി രൂപ ദേവസ്വം ബോർഡിന് സംഭാവനയായും കാണിക്കയായും ലഭിക്കുന്നുണ്ടെങ്കിലും മറ്റ് ക്ഷേത്രങ്ങൾക്ക് വേണ്ടിയും ബോർഡിന്റെ തന്നെ ചെലവുകൾക്ക് വേണ്ടിയും വരവിന്റെ നല്ലൊരു പങ്ക് ഉപയോഗിക്കേണ്ടി വരുന്നതിനാൽ , പുതിയ രീതിയിലുള്ള വികസനപ്രവർത്തനങ്ങൾക്ക് ഇപ്പോഴത്തെ വരവ് അപര്യാപ്തമാണ്. ഈ സാഹചര്യത്തിൽ രണ്ടു ചോദ്യങ്ങൾക്ക് പ്രസക്തിയേറുന്നു. ഒന്ന്, എങ്ങനെ തീർത്ഥാടനം വഴിയുള്ള പരിസ്ഥിതി ആഘാതം കുറക്കാം ? രണ്ട് സർക്കാരിനുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത എങ്ങനെ കണ്ടെത്താം ?
പരിസ്ഥിതി സംരക്ഷണത്തിന്റെ നിലവിലുള്ള അന്താരാഷ്ട്ര ലക്ഷ്യങ്ങളും കരാറുകളും നിയമങ്ങളും നോക്കിയാൽ, സർക്കാരിനും പൊതുജനങ്ങൾക്കും ഒരുപോലെ ഉത്തരവാദിത്തമുള്ള കാര്യമാണ് പരിസ്ഥിതിസംരക്ഷണം. മാറിയ വനജലസംരക്ഷണ നിയമങ്ങളും, മാലിന്യസംസ്കരണ നിയമങ്ങളും ഇത് സൂചിപ്പിക്കുന്നു. ഇന്ത്യ 2010 ൽ ഐക്യരാഷ്ട്ര സഭയുടെ 'ശുദ്ധജലം അവകാശം" എന്ന പ്രഖ്യാപനത്തിന്റെ ഭാഗമായത് കൊണ്ടുതന്നെ പരിസ്ഥിതിയുടെ ഗുണനിലവാരം ഉയർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. 2011-2020 കാലയളവിനുള്ളിൽ നേടിയെടുക്കാൻ ഉദ്ദേശിക്കുന്ന ജൈവവൈവിധ്യ തന്ത്രപരമായ അഞ്ച് ലക്ഷ്യങ്ങളിൽ ഒന്ന് ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള പ്രവർത്തനങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നു. ഐക്യരാഷ്ട്ര സഭ 2015 ൽ തുടങ്ങിവച്ചതും 2030 ൽ നേടിയെടുക്കേണ്ടതുമായ 17 സുസ്ഥിര വികസനലക്ഷ്യങ്ങളും നേരിട്ടോ അല്ലാതെയോ പരിസ്ഥിതിയുമായി ബന്ധപ്പെട്ടവയാണ്. ആഗോളതലത്തിൽ താപനില ഉയരുന്നത് മൂലം ഭീഷണിയായിരിക്കുന്ന കാലാവസ്ഥാവ്യതിയാനം നിയന്ത്രിക്കാൻ വേണ്ടിയുള്ള പാരീസ് എഗ്രിമെന്റ് കാർബൺ ഡയോക്സൈഡിന്റെ അളവ് അന്തരീക്ഷത്തിൽ കുറയ്ക്കേണ്ടതിന്റെ പ്രാധാന്യം സൂചിപ്പിക്കുന്നു . 2015 -2030 കാലയളവിൽ ഐക്യരാഷ്ട്ര സഭയുടെ സെൻഡായി ഫ്രെയിംവർക് ഓൺ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ നടപ്പിലാക്കുന്നതിന് എല്ലാതരത്തിലുമുള്ള ദുരന്തം കുറയ്ക്കുന്നതിന് ലോകോത്തരനിലവാരമുള്ള പ്രവർത്തനങ്ങൾ അത്യാവശ്യമാണ്. ഇതൊക്കെ നേടിയെടുക്കണമെങ്കിൽ കൂട്ടായ പരിശ്രമം അത്യാവശ്യമാണ്.
നിലവിലെ കണക്ക് പ്രകാരം ഒരു തീർത്ഥാടകൻ ശരാശരി ആറ് മണിക്കൂർ സന്നിധാനത്തും പരിസരപ്രദേശങ്ങളിലുമായി തങ്ങുന്നുണ്ട്. ശബരിമലയിലുള്ള സൗകര്യങ്ങളുടെയും പരിസ്ഥിതിയുടെ സ്വഭാവത്തിന്റെയും അടിസ്ഥാനത്തിൽ നോക്കിയാൽ എത്രപേർക്ക് ഒരു ദിവസം സന്ദർശിക്കാൻ പറ്റുമെന്ന കണക്കുകൾ ഒന്നും ലഭ്യമല്ല. ഈ പ്രദേശങ്ങൾ പരിസ്ഥിതി ദുർബല പ്രദേശമായ പശ്ചിമഘട്ട വനപ്രദേശത്ത് സ്ഥിതി ചെയ്യുന്നതിനാൽ ഏത് തരത്തിലുള്ള മാറ്റങ്ങളും അതീവ ശ്രദ്ധയോടെ മാത്രമേ ചെയ്യാൻ പാടുള്ളു. അതുകൊണ്ടു തന്നെ സുപ്രീം കോടതിവിധി നടപ്പിലാക്കുന്നതിന്ന് മുൻപ് ശബരിമലയിലും പരിസരപ്രദേശങ്ങളിലും ഒരുദിവസം തങ്ങാൻ പറ്റുന്ന പരമാവധി ആളുകളുടെ എണ്ണം എത്രയെന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ഇതിന് ആ പ്രദേശം അടിസ്ഥാനമാക്കിയുള്ള ശാസ്ത്രീയ പഠനം അനിവാര്യമാണ്. പരിസ്ഥിതി സൂചകങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് വേണം ഈ പഠനം നടത്താൻ. പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്ത്രീപുരുഷ വ്യത്യസമില്ലാതെ ഒരു ദിവസത്തെ തീർത്ഥാടകരുടെ എണ്ണം നിജപ്പെടുത്താൻ കഴിയും. കൂടാതെ നിലവിലുള്ള നിയമങ്ങൾ കാര്യക്ഷമതയോടെ നടപ്പിലാക്കേണ്ടതും അടിസ്ഥാനസൗകര്യങ്ങൾ ഉയർത്തേണ്ടതും അത്യാവശ്യമാണ്.
മലിനീകരണത്തിന് ഉത്തരവാദി ആകുന്നവർ തന്നെ പരിഹാരമാർഗത്തിനുള്ള ചെലവും വഹിക്കണമെന്ന തത്വം അനുസരിച്ച് ശബരിമലയിൽ എത്തുന്ന തീർത്ഥാടകാരിൽ നിന്ന് പരിസ്ഥിതി സംരക്ഷണത്തിനുള്ള തുക ശേഖരിക്കുന്നത് ശരിയായ ദിശയിലുള്ള നടപടിയായിരിക്കും. അതുകൊണ്ട് തന്നെ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാരം മറ്റുള്ളവർ വഹിക്കേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കാൻ കഴിയും .
പരിസ്ഥിതി സംരക്ഷണത്തിനും ഭക്തരുടെ കാണിയ്ക്ക
പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിവരുന്ന നിരന്തരമായ ചെലവ് വളരെ കൂടുതലായിരിക്കും. ഈ സാഹചര്യത്തിലാണ് കേരള സർവകലാശാലയുടെ സാമ്പത്തികശാസ്ത്ര വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ആൾട്ടർനേറ്റീവ് ഇക്കണോമിക്സ് എന്ന സ്ഥാപനം 2016 - 17 കാലയളവിൽ ശബരിമലയിലെ തീർത്ഥാടകരുടെ ഇടയിൽ നടത്തിയ പഠനത്തിന്റെ പ്രസക്തി.
ശബരിമലയിൽ വരുന്ന തീർത്ഥാടകാരിൽ ഏകദേശം 60 ശതമാനവും കേരളത്തിന് പുറത്തുള്ളവരും 40 ശതമാനം പേർ കേരളത്തിനകത്തുള്ളവരും ആണ് . തീർത്ഥാടകരെ കുറിച്ചുള്ള സർവേ പ്രകാരം 85 ശതമാനം പേർ ശബരിമലയുടെ പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി സംഭാവന നൽകാൻ താല്പര്യം പ്രകടിപ്പിച്ചു. അവശേഷിച്ച 15 ശതമാനം തീർത്ഥാടകർ ഉപാധിക്ക് വിധേയമായി (ഇതിലൂടെ പിരിക്കുന്ന പണം കൃത്യമായും പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി ഉപയോഗിക്കുമെങ്കിൽ) സംഭാവന ചെയ്യാൻ തയ്യാറാണെന്നറിയിച്ചു. അതിലേക്ക് എത്ര രൂപ കൊടുക്കാൻ തയ്യാറാണെന്ന ചോദ്യത്തിന്ഒരു വ്യക്തി നൽകാൻ തയ്യാറായ ശരാശരിതുക 62 രൂപയാണ്. ഒരു വർഷം 4 കോടി ഭക്തർ ശബരിമലയിൽ എത്തുന്നുവെന്ന കണക്കുപ്രകാരം 248 കോടി രൂപ സർക്കാരിന് പരിസ്ഥിതി സംരക്ഷണ ഫണ്ട് എന്ന ഇനത്തിൽ ശേഖരിക്കാൻ കഴിയും . ഇപ്പോഴത്തെ കോടതി വിധി അനുസരിച്ച് തീർത്ഥാടകരുടെ എണ്ണം ഇരട്ടിയായാൽ ഇങ്ങനെ സ്വരൂപിക്കുന്ന പരിസ്ഥിതി ഫണ്ടും ഇരട്ടിയാകും . ഭാവിയിൽ ഇത്തരത്തിലൊരു ശേഖരണത്തിന്റെ ആവശ്യമില്ല എന്ന് ബോധ്യമായാൽ അത് നിറുത്തലാക്കുകയും ചെയ്യാം.
( ലേഖികകേരള സർവകലാശാലയിൽസാമ്പത്തികശാസ്ത്രവിഭാഗം അസോസിയേറ്റ് പ്രൊഫസറാണ്. ഫോൺ : 9446361223 )