തോന്നയ്ക്കൽ എ.ജെ കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പും ജനറൽ സെക്രട്ടറിസ്ഥാനത്തേക്ക് മത്സരിക്കുന്ന നാദിറയെന്ന 19കാരിയും ഇനി ചരിത്രത്തിന്റെ ഭാഗം കൂടിയാണ്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജൻഡർ വിദ്യാർത്ഥിയാണ് നാദിറ.
എങ്ങനെ കാണുന്നു തിരഞ്ഞെടുപ്പിനെ
ഒമ്പതിന് നടക്കുന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എ.ഐ.എസ്.എഫ് സ്ഥാനാർത്ഥിയായാണ് ഞാൻ മത്സരിക്കുന്നത്. തിരഞ്ഞെടുപ്പ് പരിപാടികൾ അവസാനഘട്ടത്തിലാണ്. ജയിക്കുമെന്ന് പൂർണവിശ്വാസമുണ്ട്. ഒരുവലിയ കൂട്ടം വിദ്യാർത്ഥികളാണ് ഒപ്പമുള്ളത്. അത് പാർട്ടിക്കുള്ള സ്വീകാര്യത കൊണ്ടുമാത്രമല്ല, ഒരു ട്രാൻസ്‌ജെൻഡർ എന്ന നിലയിൽ എനിക്ക് കിട്ടുന്ന അംഗീകാരം കൂടിയാണ്. എല്ലാ തവണത്തെയും പോലെ ഇത്തവണയും എ.ഐ.എസ്.എഫ് പാനലിൽ മത്സരിക്കുന്നത് വളരെ ശക്തരായ മത്സരാർത്ഥികളാണ്. കെ.എസ്.യുവും എസ്.എഫ്.ഐയും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇതിൽ ജയിക്കുകയാണെങ്കിൽ, യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പിലും ഒരു കൈ നോക്കും.
ഒരു ടി.ജിയായി മത്സരിക്കുമ്പോൾ?
ഒരു പെണ്ണായിട്ടോ ആണായിട്ടോ കിട്ടാത്ത പിന്തുണയാണ് ടി.ജിയായ നാദിറയ്ക്ക് കിട്ടുന്നത്. അത് ഞങ്ങളുടെ സമൂഹത്തിന് തന്നെ കിട്ടുന്ന സ്വീകാര്യതയാണ്. കോളേജ് അധികൃതർ, സുഹൃത്തുക്കൾ,ഞങ്ങളുടെകമ്മ്യൂണിറ്റിയിൽ നിന്നുള്ളവർ അങ്ങനെയെല്ലാവരും തരുന്ന സ്‌നേഹം വലുതാണ്.
സമൂഹം തരുന്ന അംഗീകാരം വീട്ടിൽനിന്ന് ലഭിക്കുന്നുണ്ടോ?
അതാണ് വിഷമം. സമൂഹത്തിലെ ഒരു വലിയ വിഭാഗം ഞങ്ങളെ അംഗീകരിച്ചിട്ടുണ്ട്. പക്ഷേ, എന്നേപ്പോലെയുള്ളവർക്ക് ഇപ്പോഴും വീടും സ്വന്തം നാടുമൊക്കെ അന്യം തന്നെയാണ്. മതം, അന്തസ്, അഭിമാനം അങ്ങനെ കുറേക്കാരണങ്ങളാണ് അവരൊക്കെ അതിന് കാരണങ്ങളായി പറയുന്നത്.ഒരു ട്രാൻസ്‌ജെൻഡർക്ക്, അല്ലെങ്കിൽ സ്വന്തം ഐഡന്റിറ്റിയിൽ ജീവിക്കാൻ പോരാടുന്നവർക്ക് സമൂഹത്തിൽനിന്ന് നേരിടേണ്ടിവരുന്ന എല്ലാത്തരം പ്രതിസന്ധികളും എനിക്കും ഉണ്ടായിട്ടുണ്ട്. ഇല്ലെന്നല്ല. പക്ഷേ, വീട്ടിൽനിന്ന് കിട്ടുന്ന അംഗീകാരത്തോളം നമ്മൾ ആഗ്രഹിക്കുന്ന മറ്റൊന്നില്ല എന്ന് ചിലപ്പോഴെങ്കിലും തോന്നിപ്പോകും.
വീടുമായി ബന്ധം?
എട്ടുമാസമായി ഞാൻ വീട്ടിൽനിന്നിറങ്ങിയിട്ട്. ഞാനൊരു ടി.ജിയാണെന്ന് വീട്ടിൽ തുറന്നുപറയുന്നതും എട്ടുമാസം മുമ്പാണ്. എട്ടാംക്ലാസിലാണ് ഞാനെന്റെ സ്വത്വം തിരിച്ചറിയുന്നത്. പിന്നീട് പോരാട്ടമായിരുന്നു, ഞാനായി ജീവിക്കാൻ. ദാ ഇപ്പോഴും ആ പോരാട്ടമാണ് നിങ്ങൾ കാണുന്നത്. ഇനിയും അത് തുടരുക തന്നെ ചെയ്യും. ഇപ്പോൾ ട്രാൻസ്‌ജെൻഡർ ശ്യാമയാണ് എന്റെ അമ്മ. ക്വിയറിഥം അംഗങ്ങളായ പ്രിജിത്ത്, അക്കു..ഇവർക്കൊപ്പമാണ് ഞാനിപ്പോൾ താമസിക്കുന്നത്.
നാദിറയെന്ന് വിളിക്കുമ്പോൾ?
നജീബെന്നാണ് എന്റെ ആദ്യപേര്. അതൊക്കെ പതിയെ മറക്കും. എല്ലാവരും ഇപ്പോഴെന്നെ നാദിറയെന്നാണ് വിളിക്കുന്നത്. അതുകേൾക്കുന്നതാണ് എനിക്ക് സന്തോഷം. പിന്നെ, ഞാൻ വളരെ ന്യൂട്രലായ വസ്ത്രങ്ങളാണ് ധരിക്കുക. ടീഷർട്ട്, ജീൻസ് അങ്ങനെ... എന്നെ ആ വേഷത്തിൽ കാണുമ്പോഴും ഒരു സങ്കോചവും കൂടാതെ, ഹായ്, നാദിറ എന്ന് വിളിച്ചുകൊണ്ട് ഓടിവരുന്നവരുണ്ട്.
മോഡലിംഗ് രംഗത്തും സജീവമാണല്ലോ?
അതെ. ഇന്ത്യയിലെ ഏറ്റവും വലിയ ട്രാൻസ്ജൻഡർ ഫാഷൻ ഷോയായ മാനവീയം 2018ന്റെ ടൈറ്റിൽ വിന്നർ, വർണം 2018 വിന്നർ ഒക്കെ ആകാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. കേരളസർക്കാരിന്റെ ട്രാൻസ് സ്‌കോളർഷിപ്പ് 2017 മുതൽ ഞാൻ വാങ്ങുന്നുണ്ട്. ഇതൊക്കെ നജീബിനല്ല, നാദിറയ്ക്ക് കിട്ടിയ അംഗീകാരങ്ങളാണ്. അതാണ് സന്തോഷവും അഭിമാനവും.
ഭാവി പരിപാടികൾ?
കുറേയാണ്. ആദ്യം സ്വന്തം കാലിൽ നിൽക്കണം. അതിന് ഒരു ജോലി വേണം. വെറും ജോലി പോരാ. ഒരു ജേർണലിസ്റ്റ് ആകണമെന്നാണ് ആഗ്രഹം. ഇപ്പോൾ ബി.എ ജേർണലിസം മൂന്നാംവർഷമാണ്. ജേർണലിസത്തിൽ പി.ജിയെടുക്കണം. ജോലിനേടണം. പിന്നെ, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് തയാറാകണം. (തിരഞ്ഞെടുപ്പ് കാംപെയ്നിന്റെ ഭാഗമായി ഓരോ ക്ലാസും കയറിയിറങ്ങി നാദിറ സംസാരിച്ചുതുടങ്ങുമ്പോൾ കേൾക്കുന്നത് നിലയ്ക്കാത്ത കരഘോഷമാണ്. പിന്നെന്തുവേണം ഒരു സ്ഥാനാർത്ഥിക്ക് )