ഈ ഭൂമി വന്യജീവികൾ ഉൾപ്പെടെയുള്ള ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണെന്ന് തിരിച്ചറിവ് പകരാനും വന്യജീവിസംരക്ഷണത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുമായാണ് ഒക്‌ടോബർ രണ്ട് മുതൽ എട്ട് വരെ വന്യജീവി സംരക്ഷണവാരം ആചരിക്കുന്നത്. ലോകത്തെ 17 മഹാജൈവ വൈവിദ്ധ്യമേഖലകളിൽ ഒന്നാണ് നമ്മുടെ രാജ്യം. ഓരോ ഭൂപ്രദേശത്തിന്റെയും 33 ശതമാനമെങ്കിലും വനമായിരിക്കണമെന്നാണ് ദേശീയ വന നയം നിർവചിച്ചിരിക്കുന്നത്. വർദ്ധിച്ച ജനസാന്ദ്രത കാരണം കേരളത്തിൽ നമുക്കിത് 29.1 ശതമാനമേയുള്ളൂ. അതുതന്നെ തുടർച്ചയായുള്ള നിബിഢവനമല്ലതാനും. നമുക്ക് 23 വന്യജിവി സംരക്ഷണ പ്രദേശങ്ങളുണ്ട്. വനഭൂമിയുടെ 28.41 ശതമാനം വന്യജീവിസങ്കേതങ്ങളും ദേശീയോദ്യാനങ്ങളുമായി സംരക്ഷിക്കുന്നുണ്ട്.
ശുദ്ധജലം, ശുദ്ധവായു, കൃഷിയ്ക്കാവശ്യമായ ജലസേചനം, ജലവൈദ്യുതിപദ്ധതികൾ തുടങ്ങിയ അനിവാര്യ ഘടകങ്ങൾ ഉറപ്പാക്കുന്നതിലും സാമ്പത്തിക മേഖലയെ താങ്ങിനിറുത്തുന്നതിലും വനത്തിന് പ്രധാന പങ്കുണ്ട്. ജീവികളുടെ വംശനാശം പരിസ്ഥിതിയിൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും. കണക്കില്ലാതെ തവളകളെ പിടികൂടിയതാണ് കൊതുകുകൾ വൻതോതിൽ പെരുകാനും കൊതുകുജന്യ രോഗങ്ങൾ വർദ്ധിക്കാനും കാരണമായത്. ലോകത്തെവിടെയും വന്യജീവികൾ അങ്ങേയറ്റം
ഭീഷണി നേരിടുന്നു.
ഇക്കഴിഞ്ഞ പ്രളയം കാടിനും വലിയ നാശമാണ് ഉണ്ടാക്കിയത്. 12 വർഷത്തിലൊരിക്കൽ പശ്ചിമഘട്ട മലനിരകളെ നീലപട്ടുടുപ്പിക്കുന്ന കുറിഞ്ഞിപ്പൂക്കാലം വലിയൊരളവ് നഷ്ടമായി. അതിന് പുറമെ വന്യമൃഗങ്ങൾ നശിച്ചു. അവയ്ക്ക് പ്രകൃതിക്ഷോഭങ്ങൾ മുൻകൂട്ടിയറിയാൻ കഴിയുന്നത് കൊണ്ട് മരണസംഖ്യ കുറഞ്ഞു എന്നതാണ് വസ്തുത.
സസ്യഭുക്കുകളെ നിയന്ത്രിച്ച് കാടിനെ രക്ഷിക്കുകയും പരാഗണം, വിത്തുവിതരണം എന്നിവയിലൂടെ ജൈവവൈവിധ്യം സംരക്ഷിക്കുകയും ചെയ്യുന്നത് വന്യമൃഗങ്ങളാണ്.
വേട്ടപ്പുലിയെന്നൊരു ജീവി പണ്ട് ഇവിടെയുണ്ടായിരുന്നു. എന്നാൽ ഇന്നത് ഇല്ല. ലോകത്തെമ്പാടുമായി കടുവകളുടെ എണ്ണം 95 ശതമാനം കുറഞ്ഞിരിക്കുന്നു. സിംഹങ്ങൾ 90
ശതമാനവും ഇല്ലാതായി. ഏഷ്യൻ സിംഹങ്ങളുടെ ലോകത്തെ ഏക വാസസ്ഥലമായ ഗിർവനങ്ങളിൽ കഴിഞ്ഞ 20 ദിവസങ്ങൾക്കുള്ളിൽ 23 സിംഹങ്ങൾ ചത്തതായി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു! പരിസ്ഥിതി സ്തൂപികയുടെ ഏറ്റവും മുകൾത്തട്ടിൽ നിൽക്കുന്ന ഇത്തരം മൃഗങ്ങൾ താഴെത്തട്ടിലുള്ള മൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിലും കാട് നിലനിർത്തുന്നതിലും വലിയ പങ്കാണ് വഹിക്കുന്നത്. അമേരിക്കയിൽ യെല്ലോസ്റ്റോൺ എന്ന ദേശീയോദ്യാനത്തിൽ ചെന്നായ ഇല്ലാതായപ്പോൾ സസ്യഭുക്കുകളുടെ എണ്ണം പെട്ടെന്ന് വർദ്ധിക്കുകയും കാട് തന്നെ ഇല്ലാതാവുകയും ചെയ്തു. അതോടെ പുഴയും ഇല്ലാതായി. ചെന്നായ്ക്കളെ വീണ്ടും അവിടെയെത്തിച്ച ശേഷമാണ് കാടും പുഴയും പുനർജ്ജനിച്ചത്.
അവിടം ഉപേക്ഷിച്ചു പോയ പക്ഷികളും ചെറുസസ്തനികളും തിരികെയെത്തുകയും ചെയ്തു. വന്യജീവിവാരം ആചരിക്കുന്ന വേളയിൽ ശ്രദ്ധേയമായ
വിഷയമാണ് മനുഷ്യ - വന്യജീവി സംഘർഷം. വന്യജീവികളുടെ സ്വൈരജീവിതം തടസ്സപ്പെടുമ്പോഴാണ് അവ ആക്രമണകാരികളാവുന്നത്. ഈ സർക്കാർ, വന്യജീവി ആക്രമണത്താലുള്ള മരണങ്ങൾക്കും പരിക്കിനും കൃഷി നാശങ്ങൾക്കും നൽകുന്ന നഷ്ടപരിഹാരം നൂറ് ശതമാനം വർദ്ധിപ്പിച്ചു. നഷ്ടപരിഹാരം നഷ്ടപ്പെട്ട ജീവന് പകരമാവില്ലല്ലോ.
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒട്ടേറെ കർമ്മപദ്ധതികളാണ് വനംവകുപ്പ് നടപ്പാക്കി വരുന്നത്. ഇതിനായുള്ള സഹകരണം ഉറപ്പാക്കുന്നതിന് തദ്ദേശീയരും ജനപ്രതിനിധികളും വനംഉദ്യോഗസ്ഥരും ചേർന്നുള്ള ജാഗ്രതാ സമിതികൾ രൂപികരിച്ചിട്ടുണ്ട്. വന്യജീവികൾ നാട്ടിലിറങ്ങുന്നത് തടയുന്നതിന് കേന്ദ്രസർക്കാർ സഹായത്തോടെM ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് ഓഫ് വൈൽഡ്‌ലൈഫ് ഹാബിറ്റാറ്റ് എന്ന പദ്ധതിയുംനടപ്പിലാക്കി വരുന്നു. കാവുകളും കണ്ടൽക്കാടുകളും സംരക്ഷിക്കുന്നതിലൂടെ നാട്ടിൻപുറത്തെയുംM തീരപ്രദേശങ്ങളിലെയും വന്യജീവി സമ്പത്തിനും പരിരക്ഷയേകാനാകുന്നു. അത്യധികമായി പെറ്റുപെരുകി നാട്ടിലേയ്ക്കിറങ്ങുന്ന പന്നി പോലുള്ള മൃഗങ്ങളെ നിയന്ത്രിക്കേണ്ടതുമുണ്ട്. കുറുക്കന്മാരുടെ കുറവ് പന്നിയുടെ വംശവർദ്ധനവിന് കാരണമായിട്ടുണ്ട്.
പന്നിക്കുഞ്ഞുങ്ങളെ കൂടുതലായി ആഹരിച്ച് അവയുടെ വംശവർദ്ധന നിയന്ത്രിച്ചിരുന്നത്M കുറുക്കന്മാരായിരുന്നു. വൻതോതിൽ പെറ്റുപെരുകിയ മൃഗങ്ങളുടെ എണ്ണം
നിയന്ത്രിക്കാനുള്ള ശ്രമം നടത്തി വരുന്നുണ്ട്. അവയെ ശല്യവിഭാഗം (വെർമിൻ) ആയി പ്രഖ്യാപിച്ച് നിയന്ത്രിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. അതിനായി
കേന്ദ്രാനുമതി ആവശ്യമാണ്.
വനസംരക്ഷണത്തിനും വന്യജീവി ആക്രമണം തടയുന്നതിനുമുള്ള വനം വകുപ്പിന്റെ പ്രവർത്തനങ്ങളോടുള്ള പൊതുജന സഹകരണം അനിവാര്യമാണ്. വന്യജീവി ആക്രമണം ഉണ്ടാകുമ്പോഴും കയ്യേറ്റം ഒഴിപ്പിക്കാൻശ്രമിക്കുമ്പോഴും വനംവകുപ്പ് ജീവനക്കാരെ ശത്രുവായി കാണുന്ന സമീപനം മാറണം.പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വന്യജീവിവാരത്തിന് വിപുലമായ ആഘോഷ പരിപാടികൾ വേണ്ടെന്നാണ് തീരുമാനം. വന്യജീവി സമ്പത്ത് സംരക്ഷിക്കുന്നതിന് ഈ വാരാചരണം ഊർജ്ജം പകരുമെന്ന്
ആശിക്കുന്നു.