ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് കൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർക്ക് നേരെയുള്ള സൈബർ ആക്രമണത്തെ എഴുത്തുകാരി ശാരദക്കുട്ടി പ്രതിരോധിക്കുന്നു. നിരന്തരമായി സൈബർ ആക്രമണം നടത്തുന്നത് സംഘപരിവാറിലെ ഒരു വിഭാഗം സൈബർ ഗുണ്ടകളാണെന്നും എന്നാൽ അവരെ ശുദ്ധീകരിക്കുക എന്ന ദൗത്യം കൂടി സ്ത്രീകൾ ഏറ്റെടുക്കണമെന്നും ശാരദക്കുട്ടി അഭിപ്രായപ്പെടുന്നു. ഇത്തരക്കാരുടെ ഉള്ളിലെ അശുദ്ധ രക്തത്തെ പുറത്തേക്കൊഴുക്കിക്കളഞ്ഞ് അവരെ വിമലീകരിച്ചെടുക്കുകയാണ് വേണ്ടത്. അവരെ സഹോദരൻമാരായി കാണണമെന്നും അവരുടെ ഉള്ളിൽ കെട്ടിക്കിടക്കുന്നത് അഴുക്കാണെന്നറിയാത്തത് അവരുടെ കുറ്റമായി കാണരുതെന്നും ശാരദക്കുട്ടി അഭിപ്രായപ്പെടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
നിരന്തര പ്രകോപനങ്ങളിലൂടെ സംഘപരിവാറിലെ ഒരു വിഭാഗം സൈബർ ഗുണ്ടകളുടെ ഉള്ളിലെ അശുദ്ധ രക്തത്തെ പുറത്തേക്കൊഴുക്കിക്കളഞ്ഞ് അവരെ വിമലീകരിച്ചെടുക്കുക എന്നതുകൂടി നമ്മുടെ മനോഹരവും ദൃഢവുമായ വലിയ ഉത്തരവാദിത്വമെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു സഖികളേ... നമ്മുടെ വാക്കുകൾ അവർക്ക് സ്വന്തംഉള്ളിലെ മാലിന്യം പുറന്തള്ളിക്കളയാനുള്ള വിരേചനൗഷധമാകണം.. അവർ നമ്മുടെ സഹോദരന്മാരാണ്. അവർ രോഗവിമുക്തരാകേണ്ടത് ഒരു സാമൂഹികാവശ്യമാണ്. ഉള്ളിൽ കെട്ടിക്കിടക്കുന്നത് അഴുക്കാണെന്നറിയാത്തത് അവരുടെ കുറ്റമായി കാണരുത്. വായിലൂടെ വമിക്കുന്നത് മാലിന്യമാണെന്നറിയാത്തത് അവരുടെ അജ്ഞതയെന്നു മാത്രം മനസ്സിലാക്കാനുള്ള വിവേകം നമുക്കുണ്ടായാൽ മതി.