തെളിവില്ലാതെ ഒരു കർമ്മവും ചെയ്യാൻ സാധിക്കില്ല എന്നതാണ് ലോകനിയമം. പക്ഷേ, നമ്മുടെ നാട്ടിൽ തെളിയിക്കപ്പെടാത്ത ഒരുപാട് കുറ്റകൃത്യങ്ങൾ സംഭവിക്കുന്നുണ്ട്. ഇതെന്തുകൊണ്ടാണ് ? ശ്രീനാരായണഗുരുവിന്റെ ദർശനമാല പഠിച്ചിട്ടുള്ള അന്വേഷണ ഉദ്യോഗസ്ഥർ ഇല്ലാത്തതുകൊണ്ടാണ് പലകേസുകളും തെളിവില്ലാതെ പ്രതികൾ രക്ഷപ്പെടുന്നത് എന്ന് പറയേണ്ടിവരും.
മറഞ്ഞിരിക്കുക എന്നതാണ് സത്യത്തിന്റെ സ്വഭാവം. എന്നാൽ എല്ലാപരിധികളും വിട്ട്, ഞാനെന്നഭാവവും വിട്ട് അന്വേഷിച്ചു ചെല്ലുന്നവന്റെ മുന്നിൽ ഒടുവിൽ സത്യം അനാവൃതമാകും. സത്യം കണ്ടെത്തുന്നതുവരെ ഒരു ചെറുതെളിവുപോലും വെറുതേ വിട്ടുകളയരുത്. ഉദാഹരണം പറയാം. ഒരു ആൽമരത്തിന്റെ വിത്ത് കണ്ടാൽ സാധാരണഗതിയിൽ ആരും ശ്രദ്ധിക്കുകപോലുമില്ല. അതിൽ ചവിട്ടി നടക്കും. അതവിടെ കിടന്ന് കിളിർത്ത് വലുതായാലോ? പിന്നെ അതിനെ ചവിട്ടിക്കടന്നുപോകാൻ സാധിക്കില്ലെന്നു മാത്രമല്ല, അതിന്റെ തണൽപറ്റി നിൽക്കേണ്ടിയുംവരും. ആധുനിക കാലത്ത് കള്ളക്കടത്തും കരിച്ചന്തയും അഴിമതിയുമൊക്കെ ചെയ്യുന്നവരുടെ തണലിൽ ആണ് നാം ജീവിക്കുന്നത്. നമ്മുടെ സാമൂഹ്യവ്യവസ്ഥയിൽ അഴിമതിക്കാരെയും കൊള്ളക്കാരെയും അധർമ്മത്തിലൂടെ പണമുണ്ടാക്കിയവരെയും ഒഴിവാക്കി നിറുത്താനാവാത്ത വിധം വളർന്ന് പന്തലിച്ചിരിക്കുന്നു. ആൽമരത്തിന്റെ വിത്തിനെ നാം അവഗണിച്ചപ്പോൾ അത് നമ്മുടെ ശ്രദ്ധയിൽപ്പെടാതെ കിടന്ന് വളർന്ന് പന്തലിച്ചതുപോലെയാണ് ദുർവാസനകളും വളരുന്നത്.
കുഞ്ഞുങ്ങൾ ഗുരുത്വക്കേട് കാണിച്ചാൽ പണ്ടുള്ളവർ ശാസിക്കും. ചിലപ്പോൾ ശിക്ഷിച്ചെന്നും വരും. അത് ഗുരുത്വക്കേട് ആവർത്തിക്കാതിരിക്കാൻ സ്‌നേഹബുദ്ധ്യാ ചെയ്യുന്നതാണ്. എന്നാൽ ഇക്കാലത്ത് കുഞ്ഞുങ്ങളെ മാതാപിതാക്കൾക്ക് പേടിയാണ്. അവർ പിണങ്ങുകയോ വഴക്കുണ്ടാക്കുകയോ ചെയ്യുമെന്നു പേടിച്ച് എന്തു ചെയ്താലും ശാസിക്കില്ല. പ്രോത്‌സാഹജനകമായി നിലകൊളളും. ശരിയേത് തെറ്റേത് എന്ന് കുഞ്ഞുങ്ങൾ മനസിലാക്കുന്നത് അവർ ചെയ്യുന്നതിനോട് മുതിർന്നവർ എങ്ങനെ പ്രതികരിക്കുന്നു എന്നു നോക്കിയിട്ടാണ്. ശരി ചെയ്യുമ്പോൾ അംഗീകാരം കൊടുത്താൽ അവനത് ശരിയാണെന്ന് തിരിച്ചറിയും. തെറ്റു ചെയ്യുമ്പോൾ ശാസിച്ചോ ചെറിയ അളവിൽ ശിക്ഷിച്ചോ പ്രതികരിക്കുമ്പോൾ അത് തെറ്റാണ് എന്ന പാഠമാണ് ഉറയ്ക്കുന്നത്. അവൻ എതിർപ്പും കരച്ചിലുമൊക്കെ പ്രകടിപ്പിക്കും. മാതാപിതാക്കൾ പക്ഷേ, സ്‌നേഹബുദ്ധ്യാ തെറ്റ് ബോധിപ്പിച്ചു കൊടുക്കണം. കോടികളുടെ അഴിമതി നടക്കുന്ന രാജ്യത്ത് അഞ്ഞൂറുരൂപ കൈക്കൂലി വാങ്ങിച്ചു എന്നു കേട്ടാൽ എല്ലാവരും നിസാരമായി പറഞ്ഞുതള്ളും. അത് ആലിൻകായിനെ അവഗണിക്കുന്നതുപോലെയോ കുഞ്ഞിന്റെ ഗുരുത്വക്കേടിനെ അവഗണിക്കുന്നതുപോലെയോ ആണ്. വിത്ത് വഴിയിൽ കിടന്നാൽ അടുത്തപറമ്പിലേക്ക് എടുത്തുമാറ്റിയിടാൻ ഏത് അശക്തനും സാധിക്കും. എന്നാൽ അത് വളർന്ന് മരമായാൽ പിന്നെ തടസം മാറ്റാൻ മരംമുറിക്കേണ്ടിവരും. അതിന് ശക്തിയും ഏറെ വേണ്ടിവരും. ചെറിയതെറ്റുകൾ കാണുമ്പോൾ തിരുത്തിയാൽ വലിയ തെറ്റിലേക്കുള്ള വളർച്ച തടയാൻ സാധിക്കും. അതോടെ ഒരു നല്ല മനുഷ്യന്റെ സാന്നിദ്ധ്യം സമൂഹത്തിൽ ഉറപ്പിക്കാൻ കഴിയും.
തെറ്റിന്റെ മൂർത്തിയായി അവൻ വളർന്നാൽ പിന്നെ മുറിച്ചുമാറ്റേണ്ടിവരും. അതിന് സാധിക്കാത്തവിധം നിയമത്തെയും തൊഴിലിടത്തെയും ജനകീയ പ്രസ്ഥാനങ്ങളെയും അവൻ കീഴടക്കിയിട്ടുണ്ടാവും. പിന്നെ അവനെ ആശ്രയിച്ചേ ഏത് സാത്വികനും ജീവിക്കാനാവൂ. ആധുനിക സമൂഹത്തിൽ ഇതാണ് സംഭവിച്ചത്. ചെറിയ തെറ്റുകൾ തിരുത്തപ്പെടാതെ അവഗണിച്ചു. അപ്പോൾ അവയൊക്കെ വലിയ തെറ്റുകളായി വളർന്ന് പന്തലിച്ചു. പിന്നെ അവയോട് ഏറ്റുമുട്ടാൻ ആർക്കും സാധിക്കാതെയായി. എത്രയോപേർക്ക് തൊഴിൽകൊടുക്കുന്ന സ്ഥാപനങ്ങൾ, എത്രയോ അണികളുള്ള പ്രസ്ഥാനങ്ങൾ എല്ലാംതന്നെ അഴിമതിക്കാരുടെയും കള്ളപ്പണക്കാരുടെയും കീഴിലായി. അവരില്ലാതായാൽ പ്രസ്ഥാനം നശിക്കുമെന്ന് ഭയന്ന് എല്ലാം സഹിച്ചുകൊണ്ട് അവരെ ആശ്രയിച്ചും ആരാധിച്ചും ആ തണലിൽ ജനം ജീവിക്കുന്നു. ദുഷ്ടത ഹീറോയിസമായി മാറുന്നു. രാമൻ വിമർശിക്കപ്പെടുന്നതും രാവണൻ പൂജിക്കപ്പെടുന്നതും ഗാന്ധിജിയെ വിലകുറച്ചു കാട്ടുന്നതും ഗോഡ്‌സേ ആരാധിക്കപ്പെടുന്നതും അതുകൊണ്ടാണ്. എന്താണ് ഇങ്ങനെ സംഭവിക്കാൻ കാരണം? ദർശനമാലയുടെ രണ്ടാം പദ്യം പഠിച്ചാൽ ഇതിനെല്ലാം പ്രതിവിധി ലഭിക്കും:
വാസനാമയമേവാദാ–
വാസീദിദമഥ പ്രഭുഃ
അസൃജന്മായയാ സ്വസ്യ
മായാവീവാഖിലം ജഗത്.
ഇക്കാണുന്ന പ്രപഞ്ചം ഇങ്ങനെ വിപുലമായിത്തീരുന്നതിനുമുമ്പ് സൂക്ഷ്മാവസ്ഥയിൽ അത് വാസനാമയമായിരുന്നു. പിന്നീട് ഈശ്വരന്റെ മായാജാലത്താൽ അത് സ്ഥൂലതയിലേക്ക് വളർന്ന് വികസിക്കുകയായിരുന്നു. ആൽവിത്തിൽ അതൊരു വലിയ മരമായി പടർന്നുപന്തലിക്കും എന്ന വാസന കിടപ്പുണ്ട്. അത് പക്ഷേ, പുറമേ കണ്ടാൽ പിടികിട്ടില്ല. എന്നാൽ കാലമാറ്റം അനുസരിച്ച് അത് വാസനയെ സങ്കല്പത്തിലേക്കും സങ്കല്പത്തെ രൂപത്തിലേക്കും വികസിപ്പിച്ചുകൊണ്ട് വളർന്ന് പന്തലിക്കും. മുളയിലേ അറിയാം മുളക്കരുത്ത് എന്ന് നാം പറയാറുണ്ട്. അത് വാസന മുളച്ചുപൊന്തുമ്പോഴാണ് അറിയുന്നത്. എന്നാൽ മുളപൊട്ടുംമുമ്പേ അറിയാൻ സാധിച്ചാലോ? അതാണ് ആരായുന്നവനിൽ ഉണ്ടാകേണ്ട ഗുണം. ഒരു കാര്യം സംഭവിക്കുംമുമ്പേതന്നെ സത്യബോധത്തിൽ അതിന്റെ സൂചനകൾ ഉണ്ടാകും. ജ്ഞാനികൾ വരാനിരിക്കുന്ന കാര്യങ്ങൾ പ്രവചിക്കുന്നത് ഇങ്ങനെയാണ്. നമ്മുടെ ദ്റവ്യലോകത്തുനിന്ന് സങ്കല്പലോകത്തേക്കും അവിടെനിന്ന് വാസനാലോകം എന്ന ആദ്യത്തെ അവസ്ഥയിലേക്കും അവിടെനിന്ന് വാസനയ്ക്കും കാരണമായ ആദിസത്യത്തിലേക്കും അവർ സഞ്ചരിച്ചിരിക്കുന്നു. അതിനാൽ അവർക്ക് വാസനാലോകത്തെക്കുറിച്ച് അറിയാം. വാസനാലോകത്താണ് ആദ്യം സൃഷ്ടിക്കുള്ള നിമിത്തം സംഭവിക്കുന്നത്. അതറിയുന്നവരാണ് വരാനിരിക്കുന്നത് പ്രവചിക്കുന്നത്. ഒരു കുട്ടിയുടെ നോട്ടത്തിൽനിന്നും ചെറിയ ചലനത്തിൽനിന്നുപോലും അവനിൽ എന്ത് വാസനയാണ് കിടക്കുന്നത് എന്ന് തിരിച്ചറിയാൻ ഗുരുവിന് കഴിയും. നല്ലതിനെ പ്രോത്‌സാഹിപ്പിക്കാനും ചീത്തയെ കരിച്ചുകളയാനും അവർക്ക് കഴിയും. അതിനാണ് ജ്ഞാനിയായ ഗുരുവിന്റെ സന്നിധിയിൽ അയച്ച് കുട്ടിയെ വിദ്യ അഭ്യസിപ്പിച്ചിരുന്നത്. ഗുരുകുലത്തിൽ ചീത്തവാസനകൾ കളയാൻ ശിക്ഷയുണ്ട്. അത് കണ്ട് തടസം പിടിക്കാൻ മമതാബന്ധിതരായ മാതാപിതാക്കൾ ശ്രമിക്കാതിരിക്കാനാണ് ഗുരുകുലത്തിൽ താമസിപ്പിച്ച് പഠിപ്പിക്കുന്നത്. ഇന്ന് മാതാപിതാക്കൾക്കൊപ്പമാണ് കുട്ടികൾ വളരുന്നത്. ദുർവാസനകൾ പെരുകിയാലും ശിക്ഷിക്കാനും തിരുത്താനുമുള്ള ബോധം അവരിൽ പലർക്കും ലഭിച്ചിട്ടില്ലല്ലോ!