തന്റെ പ്രിയതാരത്തെ ഒന്നു കാണാൻ എന്തു ത്യാഗവും സഹിക്കാൻ തയ്യാറുള്ള ആരാധകർ സിനിമാ മേഖലയിലുണ്ട്. ആവേശം കൊണ്ട് ഈ ആരാധകന്റെ തന്നെ കൈയോ മറ്റോ ദേഹത്ത് തട്ടിയാൽ ആക്രോശിക്കുന്ന സൂപ്പർ താരങ്ങളെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇവരിൽ നിന്നെല്ലാം വ്യത്യസ്‌തനാണെന്ന് തെളിയിക്കുകയാണ് തമിഴകത്തെ സൂപ്പർ താരം തല അജിത്.
പുതിയ ചിത്രമായ വിശ്വാസത്തിന്റെ ഷൂട്ടിംഗിനായി ഒരു സ്‌കൂളിൽ എത്തിയ അജിത്, തന്റെ ആരാധകനോട് കാമറ ഓഫ് ചെയ്യാൻ വിനയപൂർവം അഭ്യർത്ഥിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അജിത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ ആരാധകൻ ശ്രമിച്ചപ്പോഴായിരുന്നു ഇത്.
'തമ്പീ, ദയവായി കാമറ ഓഫ് ചെയ്യൂ, ഇത് സ്‌കൂൾ താനെ. ഇനൊരു നാളിലെ അവസരമാ എടുക്കലാം'- എന്നായിരുന്നു അജിത് പറഞ്ഞത്. സ്‌കൂളിലെ മറ്റു വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ശല്യമുണ്ടാക്കാതിരിക്കാനാണ് തല ഇത്തരത്തിൽ പ്രതികരിച്ചത് എന്നാണ് അറിയുന്നത്.
'വീരം', 'വേഗം', 'വേതാളം' എന്നീ ചിത്രങ്ങൾക്ക് ശേഷം അജിത്തിനെ നായകനാക്കി സംവിധായകൻ ശിവ ഒരുക്കുന്ന ചിത്രമാണ് 'വിശ്വാസം'. നയൻതാരയാണ് ചിത്രത്തിലെ നായിക.