മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും തുക അനുവദിക്കുന്നതിനുള്ള മാനദണ്ഡം വ്യക്തമാക്കണമെന്ന് വി.ടി.ബൽറാം എം.എൽ.എ. മലപ്പുറം ജില്ലയിലെ പൊന്നാനി നിയോജകമണ്ഡലത്തിൽ കഴിഞ്ഞ വർഷം തോണിയപകടത്തിൽ മരണപ്പെട്ട ആറ് കുട്ടികൾക്ക് നാമമാത്രമായ തുകയാണ് അനുവദിച്ചത്. ഉൾനാടൻ മത്സ്യബന്ധനവുമായി മുന്നോട്ടു പോകുന്ന അങ്ങേയറ്റം ദരിദ്രകുടുംബങ്ങളിലെ കുട്ടികളാണ് അന്ന് മരണപ്പെട്ടത്. അവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നഷ്ടപരിഹാരമായി നൽകിയത് 2 ലക്ഷം രൂപ വീതമായിരുന്നു. എന്നാൽ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി വിവരിച്ച് 10 ലക്ഷം രൂപയെങ്കിലുമായി ധനസഹായം ഉയർത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് താൻ അപേക്ഷ നൽകിയെങ്കിലും പരിഗണിക്കാനാവില്ലെന്ന മറുപടിയാണ് ഇപ്പോൾ കിട്ടിയിരിക്കുന്നതെന്ന് വി.ടി.ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ രേഖസഹിതം പങ്കുവയ്ക്കുന്നു. അർഹതപ്പെട്ടവർക്ക് നൽകാതെ പൊതുമുതലെടുത്ത് വേണ്ടപ്പെട്ടവർക്ക് തോന്നിയപോലെ വാരിക്കോരി നൽകുന്നതിനാണോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെന്ന് ചോദിക്കുന്ന എം.എൽ.എ സ്വാഭാവിക മരണം നേരിട്ട സിപിഎം എം.എൽ.എയുടെ സ്വർണപണ്ട പണയ വായ്പയും കാർ വായ്പയുമൊക്കെ അടച്ചു തീർക്കാൻ ദുരിതാശ്വാസ നിധിയിൽ നിന്നും കാശനുവദിച്ചുവെന്നും ചൂണ്ടിക്കാട്ടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കഴിഞ്ഞ ഡിസംബർ അവസാനത്തിലാണ് മലപ്പുറം ജില്ലയിലെ പൊന്നാനി നിയോജക മണ്ഡലത്തിലെ ചങ്ങരംകുളത്തിനടുത്ത് നരണിപ്പുഴയിൽ തോണിയപകടത്തിൽ ആറ് കുട്ടികൾ മരിച്ചത്. കൗമാരക്കാരായ വിദ്യാർത്ഥികളായിരുന്നു അടുത്ത ബന്ധുക്കളായിരുന്ന ഈ കുട്ടികൾ. ഉൾനാടൻ മത്സ്യബന്ധനവുമായി മുന്നോട്ടു പോകുന്ന അങ്ങേയറ്റം ദരിദ്രകുടുംബങ്ങളിലെ കുട്ടികളാണ് ഒറ്റയടിക്ക് ഈ ദുരന്തത്തിനിരകളായത്. ഇവർക്ക് സർക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നഷ്ടപരിഹാരമായി നൽകിയത് 2 ലക്ഷം രൂപ വീതം മാത്രം. കോൺഗ്രസ് അനുകൂല പ്രവാസി സംഘടനയുടെ ഭാരവാഹിയായ വ്യവസായി ഒരു ലക്ഷം രൂപ വീതം സ്വന്തം നിലക്കും നൽകുകയുണ്ടായി. തീർത്തും അപര്യാപ്തമായ ഈ നഷ്ടപരിഹാരത്തുക കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയും സാമൂഹിക, മാനുഷിക പരിഗണനകളും വച്ച് 10 ലക്ഷം രൂപയെങ്കിലുമായി ഉയർത്തണമെന്നാവശ്യപ്പെട്ട് ഞാൻ ബഹു.മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന് ആ ആവശ്യം പരിഗണിക്കാൻ പോലുമാവില്ലെന്ന് അറിയിച്ച് ഇപ്പോൾ മറുപടി കിട്ടിയിട്ടുണ്ട്. എന്താണിതിന്റെയൊക്കെ മാനദണ്ഡം? സ്വാഭാവിക മരണം നേരിട്ട സിപിഎം എംഎൽഎയുടെ സ്വർണ്ണപ്പണ്ട പണയം വായ്പയും കാർ വായ്പയുമൊക്കെ അടച്ചു തീർക്കാൻ വേണ്ടി മാത്രമുള്ളതാണോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി? പൊതുമുതലെടുത്ത് വേണ്ടപ്പെട്ടവർക്ക് തോന്നിയപോലെ വാരിക്കോരിക്കൊടുക്കുന്നതും ഏറ്റവും അർഹതപ്പെട്ട ദുരിതബാധിതർക്കു വേണ്ടിയുള്ള അപേക്ഷകൾ പരിഗണിക്കാൻ പോലും തയ്യാറാകാത്തതും എന്ത് തരം നീതിയാണ്?