മുംബയ്: തനിക്കെതിരെ ഉയർന്ന വാട്‌സാപ്പ് ചാറ്റ് ആരോപണത്തിൽ പ്രതികരിച്ച് പ്രമുഖ എഴുത്തുകാരൻ ചേതൻ ഭഗത്. ചേതൻ തനിക്കയച്ച പ്രണയസന്ദേശങ്ങൾ ഒരു മാദ്ധ്യമ പ്രവർത്തക പുറത്തുവിട്ടതോടെയാണ് വിവാദമുയർന്നത്. ചേതൻ ഭഗത് പ്രണയാഭ്യർത്ഥന നടത്തുന്ന വാട്‌സാപ്പ് ചാറ്റാണ് യുവതി പുറത്തുവിട്ടത്. അതേസമയം താങ്കൾ വിവാഹിതനാണെന്നും സാധാരണക്കാരനെപ്പോലെ പെരുമാറരുതെന്നും അവർ പറയുന്നുണ്ട്.
താൻ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്‌തനാണെന്ന് തോന്നുന്നില്ലേ എന്നാണ് ഭഗത് തിരിച്ച് ചോദിക്കുന്നത്. വിവാഹിതനാണെങ്കിലും ഏറെ നാളുകൾക്ക് ശേഷമാണ് ഒരു സ്ത്രീ തന്നെ ആകർഷിക്കുന്നതെന്നും ചേതൻ പറയുന്നു. ഈ ചാറ്റിന്റെ സ്‌ക്രീൻഷോട്ടുകളാണ് വൈറലായിരിക്കുന്നത്.
ഇത് വിവാദമായതോടെയാണ് വിശദീകരണവുമായി ചേതൻ രംഗത്തെത്തിയത്. പ്രചരിക്കുന്ന സന്ദേശങ്ങൾ യാഥാർത്ഥ്യമാണെന്നും, തനിക്ക് യുവതിയിൽ അടുപ്പം തോന്നിയതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും ഫേസ്ബുക്ക് പേജിൽ ചേതൻ ഭഗത് കുറിച്ചു. വർഷങ്ങൾക്ക് മുമ്പ് നടന്ന ചാറ്റിൽ താൻ കൂടുതലൊന്നും ഉദ്ദേശിച്ചിരുന്നില്ലെന്നും തന്റെ ഭാര്യയോട് ഇക്കാര്യം ഇപ്പോൾ തുറന്നു പറഞ്ഞെന്നും അവരോട് മാപ്പ് ചോദിക്കുന്നുവെന്നും ചേതൻ വ്യക്തമാക്കുന്നു.