ഹൈദരാബാദ്: നടി വാണി വിശ്വനാഥിനെ ഇറക്കി തെലുങ്കാന പിടിക്കാൻ സംസ്ഥാനത്തെ പ്രധാന രാഷ്‌ട്രീയ പാർട്ടിയായ ടി.ഡി.പി (തെലുങ്ക് ദേശം പാർട്ടി) ചരടുവലിക്കുന്നതായി സൂചന. ഇതുസംബന്ധിച്ച് വാണിയുമായി പലവട്ടം ടി.ഡി.പി നേതാക്കൾ ചർച്ച നടത്തിക്കഴിഞ്ഞതായാണ് ലഭിക്കുന്ന വിവരം. ആന്ധ്രാപ്രദേശ് മുൻമുഖ്യന്ത്രിയും സൂപ്പർതാരവുമായിരുന്ന എൻ.ടി.രാമറാവുവിന്റെ ജീവിച്ചിരിക്കുന്ന നായികമാരിൽ ഒരേയൊരാൾ എന്ന പ്രത്യേകതയും വാണിക്കുണ്ട്. മാത്രമല്ല നാൽപ്പതോളം തെലുങ്ക് ചിത്രങ്ങളിൽ തിളങ്ങിയ വാണിവിശ്വനാഥിനെ ജനങ്ങൾക്ക് പുതിയൊരു പരിചയപ്പെടുത്തലിന്റെ ആവശ്യവുമില്ല. ഇക്കാരണങ്ങളാണ് ടി.ഡി.പി നേതൃത്വം പരിഗണിക്കുന്നത്.
1992 ൽ പുറത്തിറങ്ങിയ 'സാമ്രാട്ട് അശോക' എന്ന ചിത്രത്തിലായിരുന്നു വാണി എൻ.ടി.ആറിന്റെ നായികയായത്. തെലങ്കാനയിൽ ടി.ഡി.പിയുടെ ശക്തി കുറഞ്ഞുവരുന്ന അവസരത്തിലാണ് സിനിമാതാരങ്ങളെ ഇറക്കിയുള്ള ഭാഗ്യപരീക്ഷണത്തിന് പാർട്ടി മുതിരുന്നത്. മാത്രമല്ല തെലുങ്കുദേശത്തിൽ സജീവമായിരുന്ന നടി റോജ വൈ.എസ്.ആർ കോൺഗ്രസിലേക്ക് ചേക്കേറിയതും വാണിയുടെ സാധ്യത വർദ്ധിപ്പിക്കുന്നുവെന്ന കണക്കുകൂട്ടലിലാണ് ടി.ഡി.പി നേതൃത്വം.