ശബരിമലയിലെ സ്‌ത്രീ പ്രവേശനത്തിന്റെ പശ്‌ചാത്തലത്തിൽ എഴുതുന്നതാണ് ഈ കത്ത്. എന്നാൽ സ്‌ത്രീ പ്രവേശനത്തെ എതിർക്കുന്നതല്ല. ശബരിമലയിലേക്കുള്ള ജനപ്രവാഹം ഭീകരമായി വർദ്ധിപ്പിക്കുന്ന തരത്തിൽ പരിസ്‌ഥതിയെ ഓർക്കാതെ വന്ന ഈ വിധിയെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവയ്‌ക്കുകയാണ്. സ്‌ത്രീകൾക്ക് കൂടി പ്രവേശനം അനുവദിക്കുന്നതോടെ ഇവിടേക്കുള്ള ജനപ്രവാഹം ഇപ്പോഴുള്ളതിന്റെ ഇരട്ടിയിലധികം ആകുമെന്ന് ഉറപ്പാണ്. എന്നാൽ ശബരിമല പോലൊരു സ്‌ഥലത്ത്, പ്രത്യേകിച്ചും വനമേഖലയിൽ ഇത്രയധികം ജനബാഹുല്യം ഉണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ച് അധികാരികളോ കോടതിയോ കാര്യമായി പരാമർശിച്ച് കണ്ടില്ല. ഇത്രയധികം ആളുകൾ ഇവിടേക്ക് എത്തുമ്പോൾ സ്വാഭാവികമായും പുതിയ നിർമ്മിതകൾ ഉൾപ്പടെ സൗകര്യങ്ങൾ മെച്ചെപ്പെടുത്തേണ്ടതുണ്ട്. അതോടെ പരിസ്‌ഥിതി പ്രശ്‌നങ്ങളും മലിനീകരണവും ആരംഭിക്കുമെന്നതിൽ തർക്കമില്ല. പ്രകൃതിയ്‌ക്കും അവിടുത്തെ പരിസ്‌ഥിതിക്കും ആഘാതം ഏൽപ്പിക്കാതെയും മലിനീകരണം ഉണ്ടാക്കാതെയും വേണ്ടേ ഈ വിധി നടപ്പാക്കാൻ? ഒരു ദിവസം എത്താവുന്ന പരമാവധി ആളുകളുടെ എണ്ണം നിജപ്പെടുത്തി മാത്രമേ പ്രവേശനം അനുവദിക്കാവൂ എന്നാണ് പ്രകൃതിയെ സ്‌നേഹിക്കുന്നവരുടെ പക്ഷം. ഇല്ലെങ്കിൽ വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ശബരിമല ആർക്കും കയറിക്കൂടാനാകാത്ത വണ്ണം നശിക്കുമെന്ന് ഉറപ്പാണ്.
ജ്യോതി ജി. നായർ
പത്തനംതിട്ട