vasundara-rajeജയ്‌പൂർ:രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണം നിലനിർത്താൻ ബി. ജെ. പി ശ്രമിക്കുമ്പോഴും മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയ്‌ക്കെതിരെയുള്ള ഭരണ വിരുദ്ധ വികാരത്തിൽ പാർട്ടിക്ക് ആശങ്കയുണ്ട്. എങ്കിലും ഭരണനേട്ടങ്ങളും കേന്ദ്ര പദ്ധതികളും പ്രചാരണ വിഷയമാക്കിയും പ്രധാനമന്ത്രി മോദിയുടെ വ്യക്തി പ്രഭാവം മുതലെടുത്തും നേട്ടമുണ്ടാക്കാമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപാണ് ഗ്രാമീണ കർഷകർക്ക് സൗജന്യ വൈദ്യുതി പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

 വസുന്ധരയുടെ തിരിച്ചടികൾ എണ്ണിപ്പറയാനുണ്ട്.

ആൾവാർ, അജ്മീർ ലോക്‌സഭാ സീറ്റുകളിലും മണ്ഡലഗർ നിയമസഭാ സീറ്റിലും ഉപതിരഞ്ഞെടുപ്പിൽ ബി. ജെ. പി തോറ്റു. തദ്ദേശ തിരഞ്ഞെടുപ്പിലും കോൺഗ്രസിന് നേട്ടം

രജപുത്ര ഗുണ്ടാനേതാവ് ആനന്ദപാൽ സിംഗിനെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതും പദ്മാവത് സിനിമാവിവാദങ്ങളും രജപുത്രർക്ക് അപ്രിയമുണ്ടാക്കി.

രാജസ്ഥാൻ ഗൗരവ് യാത്രയ്ക്കിടെ വസുന്ധരയെ ജയ്സാൽമീറിൽ രജപുത്രർ കരിങ്കൊടി കാട്ടി.

സംവരണ പ്രശ്നത്തിൽ ഗുജ്ജറുകളും ഇടഞ്ഞു.

കർഷക ആത്മഹത്യയും കർഷക പ്രക്ഷോഭങ്ങളും ശക്തമായി.

ആൾക്കൂട്ട കൊലപാതകങ്ങളും ചീത്തപ്പേരുണ്ടാക്കി.

മുതിർന്ന ബി.ജെ.പി നേതാവായിരുന്ന ജസ്വന്ത് സിൻഹയുടെ മകനും എം.എൽ.എയുമായ മാനവേന്ദർ സിംഗ് ബി.ജെ.പി വിട്ടു.

ബി. ജെ. പി ദേശീയ നേതൃത്വവുമായി ഭിന്നത. ആർ. എസ്. എസിന്റെ അപ്രീതി.

 

എന്നിട്ടും വസുന്ധര?

ഇതൊക്കെയാണെങ്കിലും വസുന്ധരയ്‌ക്ക് പകരം ഒരു നേതാവിനെ ബി. ജെ. പി മുന്നിൽ നിറുത്തിയിട്ടല്ല. രാജകുടുംബാംഗമായ വസുന്ധരയുടെ ശക്തി ജാട്ട് സമുദായമാണ്. ഉപതിരഞ്ഞെടുപ്പിലെ തോൽവിയോടെ ബി. ജെ. പി മുഖം മിനുക്കാൻ ശ്രമിക്കുന്നു. വസുന്ധരയുടെ അനുയായി അശോക് പർനമിയെ മാറ്റി  മദൻലാൽ സായ്‌നിയെ പാർട്ടി സംസ്ഥാന അദ്ധ്യക്ഷനാക്കി.പത്ത് കൊല്ലം മുൻപ് പാർട്ടി വിട്ട, കിഴക്കൻ രാജസ്ഥാനിൽ സ്വാധീനമുള്ള കിരോദി ലാൽ മീണയെ ബി.ജെ.പിയിലേക്ക് മടക്കികൊണ്ടുവന്നു രാജ്യസഭാംഗമാക്കി.

കോൺഗ്രസിന്റെ അഭിമാനം

മുൻ കേന്ദ്രമന്ത്രി രാജേഷ് പൈലറ്റിന്റെ മകനും മുൻ കേന്ദ്രമന്ത്രിയുമായ സച്ചിൻ പൈലറ്റിലൂടെ യുവത്വത്തിന്റെ പ്രസരിപ്പ്.രജപുത്രരെയും ഗുജ്ജറുകളെയും ഒപ്പം നിറുത്താനും ഭരണവിരുദ്ധ വികാരം മുതലെടുക്കാനുമാണ് സച്ചിന്റെ ശ്രമം. ഉപതിരഞ്ഞെടുപ്പുകളിലെ വിജയത്തിന്റെ ആത്മവിശ്വാസവുമുണ്ട്. ബൂത്ത് തലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ മേരാ ബൂത്ത് മേരാ ഗൗരവ് എന്ന പരിപാടിയും ശ്രദ്ധേയമായി.

കോൺഗ്രസിന്റെ ക്ഷീണം

ബി. ജെ.പിക്കെതിരെ പ്രതിപക്ഷ മഹാസഖ്യ ശ്രമങ്ങൾ പാളി. ബി.എസ്.പി 200 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് പ്രഖ്യാപനം. കഴിഞ്ഞ തവണ വെറും മൂന്ന് സീറ്റ് നേടിയ ബി. എസ്. പി ഇത്തണ 30 സീറ്റാണ് കോൺഗ്രസിനോട് ചോദിച്ചത്. ഇത് കോൺഗ്രസിന് താങ്ങാനാവില്ല.ആറു പാർട്ടികളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടും ( യു.ഡി.എഫ് ) കോൺഗ്രസിന് തലവേദനയാകും. സി.പി.എം, സി.പി.ഐ, ജെ.ഡി.എസ്, സി.പി.ഐ.എം.എൽ, എം.സി.പി.ഐ.യു, എസ്.പി എന്നിവരാണ് കൂട്ടായ്മയിലുള്ളത്. ബി.എസ്.പിയെയും ക്ഷണിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ കൂടി വോട്ട് ബാങ്കായ ദളിത്, പിന്നാക്കവിഭാഗങ്ങളാണ് ബി.എസ്.പിയുടെ ശക്തി. 1998 ൽ രണ്ട് സീറ്റും 2008ൽ ആറ് സീറ്റുമാണ് ബി. എസ്. പി നേടിയത്. മൂന്നാം മുന്നണിയായി ഈ സഖ്യം മത്സരിച്ചാൽ ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിക്കും. ഇത് കോൺഗ്രസിന് തിരിച്ചടിയാകും.ബി. ജെ. പിക്ക് അനുകൂലവുമാകും

നിലവിലെ കക്ഷിനില

മൊത്തം സീറ്റ് 20

ബി.ജെ.പി: 163

കോൺഗ്രസ്: 21

ബി.എസ്.പി: 3

മറ്റുള്ളവർ: 13