sabarimala-women-entry

ന്യൂഡൽഹി: ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ച് ഡൽഹിയിൽ നടത്തിയ നാമജപയാത്രയ്‌ക്കിടെ നേരിയ സംഘർഷം. ഡൽഹി കേരള ഹൗസിന് മുന്നിൽ പ്രതിഷേധക്കാർ മന്ത്രി ഇ.പി.ജയരാജന്റെ കാർ തടഞ്ഞ് പ്രതിഷേധിച്ചു. പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഏറെ പണിപ്പെട്ടാണ് പ്രതിഷേധക്കാരെ ഇവിടെ നിന്നും മാറ്റിയത്. സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള ഉന്നത നേതാക്കൾ ഡൽഹിയിൽ ഉള്ളപ്പോഴായിരുന്നു പ്രതിഷേധം.

ഞായറാഴ്‌ച വൈകുന്നേരം നാല് മണിയോടെ ഡൽഹിയിൽ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ നാമജപയാത്ര സംഘടിപ്പിച്ചിരുന്നു. ഇതിന് ശേഷം നിവേദനം നൽകാനായി ഡൽഹി കേരള ഹൗസിന് മുന്നിലെത്തിയ പ്രതിഷേധക്കാരെ അകത്തേക്ക് കടത്തിവിടാൻ പൊലീസുകാർ തയ്യാറായില്ല. ഇതിനെത്തുടർന്ന് പൊലീസുകാരും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടയിലാണ് മന്ത്രി ഇ.പി.ജയരാജൻ വാഹനത്തിൽ കേരള ഹൗസിലേക്കെത്തിയത്. ഇതോടെ പ്രതിഷേധം ജയാജന്റെ നേർക്ക് നീണ്ടു. മന്ത്രിയുടെ വാഹനം തടഞ്ഞ പ്രതിഷേധക്കാരിൽ ചിലർ കാറിന് മുന്നിൽ കിടക്കുകയും ചെയ്‌തു.

എന്നാൽ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടൽ മൂലം മന്ത്രി സുരക്ഷിതമായി കേരള ഹൗസിനുള്ളിലെത്തി. പ്രതിഷേധക്കാരിൽ നിന്നും നിവേദനം വാങ്ങിയതോടെ പിന്നീട് ഇവർ പിരിഞ്ഞുപോയി.