ന്യൂഡൽഹി: ഇന്ത്യ പിന്തുടരുന്നത് സ്വതന്ത്ര നയമാണെന്ന് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് വ്യക്തമാക്കി. അമേരിക്കൻ ഉപരോധവെല്ലുവിളി വകവയ്ക്കാതെ റഷ്യയുമായി എസ്-400 കരാറിൽ ഒപ്പുവച്ച ഇന്ത്യൻ നടപടിയെ സൂചിപ്പിച്ചായിരുന്നു റാവത്തിന്റെ പ്രസ്താവന. ആറുദിവസത്തെ റഷ്യ സന്ദർശനത്തിനുശേഷം തിരിച്ചുവന്ന റാവത്ത് സൈനിക ഉദ്യോഗസ്ഥരുമായി സംവദിക്കെയാണ് ഇക്കാര്യം പറഞ്ഞത്.
ഇന്ത്യൻ സേനയുടെ കരുത്ത് അറിയുന്നതിനാൽ നമ്മുടെ പ്രതിരോധ മേഖലയുമായി സഹകരിക്കുന്ന കാര്യത്തിൽ റഷ്യ അതീവ തത്പരരാണെന്നും റാവത്ത് പറഞ്ഞു. ഇന്ത്യ സ്വന്തം നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ഉറപ്പുള്ളതിനാലാണ് റഷ്യ കരാറിന് തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബർ അഞ്ചിനാണ് ഇന്ത്യയും റഷ്യയും 39,000 കോടി രൂപയിലധികം വരുന്ന എസ്-400 ട്രയംഫ് വ്യോമ പ്രതിരോധ കരാറിൽ ഒപ്പുവച്ചത്. ശത്രുരാജ്യങ്ങളുമായി കരാറിലേർപ്പെടുന്ന രാജ്യങ്ങൾക്കുമേൽ ഉപരോധം ഏർപ്പെടുത്തുന്ന അമേരിക്കൻ നടപടി വകവയ്ക്കാതെയായിരുന്നു ഇന്ത്യ കരാറുമായി മുന്നോട്ടുപോകുന്നത്. ശത്രു മിസൈലുകളെയും യുദ്ധവിമാനങ്ങളെയും ആകാശത്തു വച്ച് തകർക്കുന്ന എസ് - 400 മിസൈലുകളാണ് അൽമാസ് - ആന്റേ എന്ന റഷ്യൻ കമ്പനിയിൽ നിന്ന് ഇന്ത്യ വാങ്ങാനൊരുങ്ങുന്നത്.