ഫ്ലോറിഡയിലെ സെൻട്രൻ സർവകലാശാല ഒരു പ്രത്യേകതരം സാധനം വില്പനയ്ക്ക് വച്ചു. താത്പര്യമുള്ളവർക്ക് വാങ്ങാം. വില ഒരു കിലോയ്ക്ക് വെറും 20 ഡോളർ.പിന്നെ ഷിപ്പിംഗ് ചാർജും. ചൊവ്വയിലെ മണ്ണാണ് വില്പനയ്ക്ക് വച്ചിരിക്കുന്ന ആ ''സാധനം". നാസയുടെ ക്യൂരിയോസിറ്റി റോവർ പകർത്തിയ ചൊവ്വയുടെ മണ്ണിന്റെ ഘടനയനുസരിച്ചാണ് ഗവേഷകർ കൃത്രിമമായി മണ്ണ് പുനർനിർമ്മിച്ചത്. ഇകാറസ് എന്ന ശാസ്ത്രജേർണലിൽ ഇക്കാര്യം വിശദമാക്കുന്നുമുണ്ട്.
ചൊവ്വയിലേക്കുള്ള പ്രയാണത്തിന് മനുഷ്യൻ തയാറെടുക്കുന്നതായാണ് ഇത്തരമൊരു നീക്കത്തെ വിലയിരുത്തിക്കൊണ്ട് ഗവേഷകർ പറയുന്നത്. ചൊവ്വയിലെത്തിയാൽ, അവിടുത്തെ മണ്ണിൽത്തന്നെ ആഹാരത്തിനാവശ്യമുള്ളവ ഉണ്ടാക്കുന്നതിലേക്കാണ് പ്രാഥമികഘട്ടമെന്ന നിലയിൽ മണ്ണ് പുനർസൃഷ്ടിച്ചത്. ''നമ്മൾ അവിടേക്ക് പോകാൻ തയാറെടുക്കുകയാണെങ്കിൽ, ആഹാരവും വെള്ളവും ഉൾപ്പെടെ ഒരുപാട് കാര്യങ്ങൾക്ക് പരിഹാരമുണ്ടാക്കേണ്ടതായി വരും. അതിനുള്ള വഴികളാണ് തേടിക്കൊണ്ടിരിക്കുന്നത്" മണ്ണ് നിർമ്മാണ, ഗവേഷണ സംഘത്തിലെ പ്രഫസർ ഡാൻ ബ്രിട്ട് പറഞ്ഞു.
ഇതുവരെ 30ഓളം ഓർഡറുകളും ഈ ചൊവ്വാമണ്ണിന് കിട്ടിക്കഴിഞ്ഞു. ഓർഡർ നൽകിയവരിൽ അമേരിക്കയിലെ കെന്നഡി സ്പേസ് സെന്ററും ഉണ്ട്. അരടൺ ചൊവ്വാമണ്ണാണ് അവർ ഓർഡർ ചെയ്തിരിക്കുന്നത് !