sabarimala

2018  സെപ്തംബർ 28 വെള്ളിയാഴ്ച, ശബരിമലയെ സംബന്ധിച്ച് അതൊരു സുപ്രധാന ദിനമായിരുന്നു. പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ ചരിത്ര വിധി വന്ന ദിവസം. ആർത്തവ കാലത്ത് സ്ത്രീകൾക്ക് ക്ഷേത്ര പ്രവേശനം വിലക്കുന്ന 1965 ലെ കേരളാ ഹിന്ദു പൊതു ആരാധനാ സ്ഥല  ചട്ടത്തിന്റെ മൂന്നാം വകുപ്പ് റദ്ദാക്കിയുമായിരുന്നു കോടതിയുടെ വിപ്‌ളവ വിധിയുണ്ടായത്. ദശാബ്ദം നീണ്ട നിയമ പോരാട്ടം അതിന്റെ ഫലപ്രാപ്തിയിൽ എത്തുമ്പോൾ ഇനിയെന്ത്, എങ്ങനെ, എപ്പോൾ എന്ന ചോദ്യമാണ് ബാക്കിയാവുന്നത്.

ശബരിമലയിൽ സ്ത്രീ പ്രവേശന നിയന്ത്രണം നിലനിറുത്തി 1991 എപ്രിൽ 5 നാണ് കേരളാ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണം ഭരണഘടനാ വിരുദ്ധമല്ലെന്നാണ് വ്യക്തമാക്കിയായിരുന്നു നടപടി. ക്ഷേത്ര തന്ത്രിയാണ് ആചാരപരമായ കാര്യങ്ങൾ തീരുമാനിക്കേണ്ടത് എന്നും എല്ലാ സ്ത്രീകൾക്കും നിരോധനമില്ലെന്നും കോടതി നീരീക്ഷിച്ചു. ഇതിനു പിന്നാലെ 10 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ യംഗ് ലോയേഴ്‌സ് അസോസിയേഷൻ സുപ്രീംകോടതിയെ സമീപിച്ചു. ആർത്തവ കാലത്ത് ക്ഷേത്ര പ്രവേശനം പാടില്ലെന്ന് വ്യക്തമാക്കുന്ന 1965 ലെ കേരളാ ഹിന്ദു പൊതു ആരാധനാ സ്ഥല ചട്ടത്തിന്റെ മൂന്നാം വകുപ്പ് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നുമായിരുന്നു അവരുടെ ആവശ്യം. 

സ്ത്രീ പ്രവേശനത്തിനായി ഇന്ത്യൻ യംഗ് ലോയേഴ്‌സ് അസോസിയേഷനൊപ്പം അമിക്കസ് ക്യൂറി രാജു രാമചന്ദ്രൻ, ഹാപ്പി ടു ബ്‌ളീഡ് സംഘടന, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ എന്നിവർ വാദിച്ചപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡ്, ശബരിമല തന്ത്രി, എൻ.എസ്.എസ്, പന്തളം രാജകുടുംബം, അമിക്കസ് ക്യൂറി രാമമൂർത്തി, അയ്യപ്പ ധർമ്മസേന, പീപ്പിൾ ഫോർ ധർമ്മ, അയ്യപ്പ സേവാ സംഘം, അഖില കേരള ബ്രാഹ്മണ ഫെഡറേഷൻ എന്നിവർ ഹർജിയെ എതിർക്കുകയായിരുന്നു. 

 പ്രവേശനത്തിൽ അനുകൂല നിലപാട് എടുത്ത് 2007 ൽ ആണ് അന്നത്തെ ഇടതു സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകുന്നത്. 2016 ൽ പിന്നീട് വന്ന യു.ഡി.എഫ് സർക്കാർ ഇതിന് വിരുദ്ധമായി തൽസ്ഥിതി തുടരണമെന്ന് ആവശ്യപ്പെട്ട് പുതിയ സത്യവാങ്മൂലം നൽകി. എന്നാൽ പിണറായി സർക്കാർ അധികാരത്തിൽ വന്നതോടെ യു.ഡി.എഫ് സർക്കാരിന്റെ സത്യവാങ്മൂലം പിൻവലിച്ച് 2007 ലെ നിലപാട് തുടരുമെന്ന് അറിയിക്കുകയായിരുന്നു  പ്രവേശനം സംബന്ധിച്ച സർക്കാരുകളുടെ നിലപാട് മാറ്റത്തെ സുപ്രീംകോടതി കേസ് പരിഗണിക്കുന്നതിനിടെ വിമർശിച്ചിരുന്നു. ഇപ്പോൾ ഇതാ അനുകൂല വിധി വന്നിട്ടും കരുതലോടെയാണ് പാർട്ടി നേതാക്കളുടെ പ്രതികരണങ്ങൾ പോലും. വിധിയെ സ്വാഗതം ചെയ്ത് ഇടത് പാർട്ടികൾ രംഗത്ത് ഉണ്ടെങ്കിലും യു.ഡി.എഫും ബി.ജെ.പിയും വിശ്വാസി സമൂഹത്തെ പരിക്കേൽപ്പിക്കാതെയുള്ള നിലപാടാണ് ആദ്യം മുതൽ സ്വീകരിച്ചുവരുന്നത്. ഇപ്പോഴിതാ സമരത്തെ തെരുവിലേക്ക് എത്തിക്കുവാനും മുന്നിട്ട് ഇറങ്ങിയിരിക്കുകയാണ്.

എന്നാൽ സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന നിലപാട് 2006 ലെ വി.എസ്. സർക്കാരിന്റെ കാലം മുതൽ സ്വീകരിച്ചുവന്ന സി.പി.എമ്മിനും ഇടതുപക്ഷത്തിനും അതിൽ നിന്ന് ഇനി പിന്മാറാൻ ആകില്ല. വിധിയെ ഇടതുപക്ഷ സർക്കാർ സ്വാഗതം ചെയ്യുമ്പോഴും ശബരിമലയിൽ സ്ത്രീകൾക്ക് സുരക്ഷിത പാതയൊരുക്കുക എന്നത് സർക്കാരിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും കടുത്ത വെല്ലുവിളിയാണ്. അതോടൊപ്പം എന്ത് വിലകൊടുത്തും കോടതി വിധി നടപ്പാക്കുകയും വേണം. 

ലക്ഷക്കണക്കിന് സ്ത്രീ തീർത്ഥാടകർക്കുള്ള അധിക സൗകര്യങ്ങൾ ഉൾപ്പെടുത്തി നിലവിലെ ശബരിമല മാസ്റ്റർ പ്ലാൻ പാടെ പൊളിച്ചെഴുതേണ്ടി വരുമെന്ന വലിയ വെല്ലുവിളിയാണ് സർക്കാരിന് മുന്നിലുള്ളത്. മണ്ഡല മകരവിളക്ക് സീസണും മലയാള മാസം ഒന്നാം തീയതിയും ഉൾപ്പടെ വർഷത്തിൽ 63 ദിവസമാണ് ശബരിമലയിൽ സന്ദർശനാനുമതിയുള്ളത്. ഈ കാലയളവിൽ മൂന്നു മുതൽ നാലു കോടിവരെ തീർത്ഥാടകരെത്തും. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾ കൂടി എത്തുന്നതോടെ ഭക്തരുടെ എണ്ണം ഇരട്ടിയാകും.എട്ടുവർഷം മുമ്പ് അംഗീകരിച്ച ശബരിമല മാസ്റ്റർ പ്‌ളാനിന് 625 കോടിയാണ് മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്. നിലവിൽ ശബരിമലയിൽ 12.675 ഹെക്ടറും നിലയ്ക്കൽ പമ്പ മേഖലകളിലായി 110.524 ഹെക്ടർ ഭൂമിയുമാണുള്ളത്. സ്ത്രീകൾക്കായി പുതിയ സൗകര്യങ്ങൾ ഉൾപ്പെടുത്തി മാസ്റ്റർ പ്ലാൻ വിപുലീകരിക്കാൻ ചുരുങ്ങിയത് 40 ഹെക്ടർ വനഭൂമി എങ്കിലും ആവശ്യമായി വരും. ഈ വർഷം ശബരിമല വികസനത്തിനായി ബഡ്ജറ്റിൽ വകയിരുത്തിയത് 28 കോടി രൂപയും.
ഇക്കഴിഞ്ഞ പ്രളയത്തിനു ശേഷം പമ്പ ഇങ്ങനെയായിരുന്നു. പാലങ്ങളും കെട്ടിട സമുച്ചയങ്ങളും പൂർണമായും ഉപയോഗ രഹിതമായി. നടപ്പന്തലിന്റെ അടയാളം പോലുമില്ല. കെട്ടിടങ്ങളുടെ ഒന്നാം നില  മണ്ണിനടിയിലാണ്. യുദ്ധകാലടിസ്ഥാനത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തിയാൽ പോലും വർഷമേറെ എടുക്കുമെന്നതിൽ തർക്കമില്ല. ഇനി പമ്പയിലെ ഇപ്പോഴത്തെ സ്ഥിതി കാണുക. അടിഞ്ഞുകൂടിയ മണ്ണ് ഒരു പരിധിവരെ നീക്കം ചെയ്തു എന്ന് ഒഴിച്ചാൽ പഴയപടി തന്നെ. 

താൽക്കാലികമായി സ്ഥാപിച്ച പാലങ്ങൾ ഒന്നും മണഡലകാലത്ത് പ്രായോഗികമല്ല. സാധാരണ ഗതിയിലുള്ള തിരക്ക് പോലും താങ്ങാൻ ഇന്ന് പമ്പയ്ക്കും പരിസരങ്ങൾക്കും ആകില്ല. എപ്പോൾ വേണമെങ്കിലും നിലംപതിക്കാമെന്ന അവസ്ഥയിലാണ് കെട്ടിടങ്ങൾ പലതും. കനത്ത മഴയിൽ വാട്ടർ ടാങ്കും ഡ്രൈനേജുമെല്ലാം തകർന്നുപോയിരിക്കുന്നു. ഒഴുകി എത്തുന്ന ഭക്തർക്ക് പ്രാഥമിക കൃത്യങ്ങൾ നടത്താൻ സൗകര്യമൊരുക്കുക പോലും വലിയ വെല്ലുവിളിയാണ്. ബയോ ടോയ്‌ലറ്റുകൾ കൊണ്ടുവന്നാൽ പോലും അവ പ്രായോഗികമാണോ എന്ന കണ്ടറിയേണ്ടതുണ്ട്. ബേസ് ക്യാമ്പായ നിലയ്ക്കലും പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ കാര്യമായി നടക്കുന്നില്ല. പത്തനംതിട്ട പമ്പ റൂട്ടിൽ പലയിടങ്ങളിലും റോഡ് അറ്റകുറ്റപ്പണി നടത്താനുണ്ട്. ഇടിഞ്ഞു താഴ്ന്ന റോഡുകൾ പുനർനിർമ്മിക്കാൻ വൈകുന്നതോടെ രൂക്ഷമായ ഗതാഗത കുരുക്കിനും ഇടയാക്കും. സുരക്ഷയുടെ കാര്യമെടുത്താൽ സാധാരണ ഗതിയിൽ 1500 ഓളം പൊലീസുകാരെ സന്നിദാനത്തും 500 വീതം പേരെ പമ്പയിലും നിലയ്ക്കലുമായി വിനിയോഗിക്കുകയാണ് പതിവ്. പ്രായഭേദമന്യ സ്ത്രീ പ്രവേശനം വന്നതോടെ വനിതാ പൊലീസുകാരുടെ വിനിയോഗമാണ് സർക്കാരിനെ കുഴപ്പിക്കുന്ന മറ്റൊരു ഘടകം. 

ശബരിമലയിൽ സമത്വം ഉറപ്പാക്കി സ്ത്രീ പ്രവേശനത്തിൽ അനുകൂല നിലപാട് സ്വീകരിച്ച അതേ സർക്കാരിന് തന്നെയാണ് അതിന് വഴിയൊരുക്കേണ്ട ഉത്തരവാദിത്തവും. സർക്കാരിന് മുന്നിലുള്ളത് 40 ൽ താഴെ ദിനങ്ങളാണ്. നിലവിലെ അടിസ്ഥാന സൗകര്യങ്ങൾ നിലനിറുത്തി പ്രായഭേദമന്യ  എല്ലാ ഭക്തർക്കും സുരക്ഷയും സേവനങ്ങളും നൽകാൻ സർക്കാരിന് കഴിയുമോ, കൗമുദി ചാനലിൽ സംപ്രേഷണം ചെയ്യുന്ന നേർക്കണ്ണ് ഈ ആഴ്ച അന്വേഷിക്കുന്നു...ഇനി 40ൽ താഴെ ദിനങ്ങൾ, ശബരിമലയിൽ എല്ലാം ശരിയാക്കുമോ സർക്കാർ?