munroe-thuruth

കണ്ണിന് കുളിർമയേകാനും മനസിന് സന്തോഷം പകരാനും ഒരു യാത്ര പോകാൻ തീരുമാനിച്ചാൽ കൊല്ലം മൺറോ തുരുത്തിലേക്ക് വന്നോളൂ.. അവിടെ നിങ്ങളാഗ്രഹിക്കുന്ന ഒരുപാട് കാഴ്ചകൾ കാണാനുണ്ട്. നീണ്ട പച്ചപ്പും തെങ്ങിൻതോപ്പുകളും വള്ളത്തിലൂടെയുള്ള സവാരിയും കാട്ടു വള്ളികൾക്കിടയിലൂടെയുള്ള യാത്രയും ഒക്കെയായി ആകെ നിങ്ങളുടെ ഹൃദയത്തെ കീഴടക്കുക തന്നെ ചെയ്യും. അഷ്ടമുടിക്കായലിനും കല്ലടയാറിനും മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന പച്ച തുരുത്താണ് മൺറോ തുരുത്ത്.

ഇരുവശങ്ങളിലേക്കും ഉയർന്നു നിൽക്കുന്ന ഇടത്തോടുകളും കൊച്ചു വള്ളങ്ങളും ഇര പിടിക്കുന്ന നീർകാക്കകളും അപൂർവയിനം പക്ഷിക്കൂട്ടങ്ങളും ഒക്കെ ഇവിടെ സർവ്വസാധാരണമാണ്. ഇവയെ തേടിയെത്തുന്ന സഞ്ചാരികളുടെ എണ്ണവും കുറവല്ല. ഈ മേഖലയിൽ കനാലുകൾ നിർമ്മിക്കുന്നതിനും കായൽപ്പാതകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനും മുൻകൈ എടുത്ത ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ കേണൽ ജോൺ മൺറോയുടെ പേരിലാണ് ഈ ദ്വീപസമൂഹം അറിയപ്പെടുന്നത്. എട്ട് ദ്വീപുകുളും അവയെ ചുറ്റിപ്പുണർന്ന് കിടക്കുന്ന നൂറുകണക്കിന് ഇടത്തോടുകളുമാണ് മൺറോ തുരുത്തിന്റെ ഭംഗി. ഇപ്പോൾ പലതും നികത്തപ്പെട്ടു. എങ്കിലും പഴയ ഗ്രാമകാഴ്ചകൾ ഇപ്പോഴും മൺറോതുരുത്തിൽ ഉണ്ട്.

munroe-thuruth

 

 

 

 

ഓരോ മഴക്കാലത്തും കുതിച്ചുകുത്തിയൊഴുകുന്ന കല്ലടയാർ കൊണ്ടുവന്നു അടിയ്ക്കുന്ന ചെളിയും മണ്ണും എക്കലും ചേർന്ന് രൂപംകൊണ്ട കരഭൂമിയാണ് ഇവിടെയുള്ള ഓരോ തുരുത്തും. വില്ലിമംഗലം, പെരുങ്ങാലം പാട്ടംതുരുത്ത്, പേഴുംതുരുത്ത് എന്നിവയാണ് മൺറോതുരുത്തിലെ പ്രധാനഭാഗങ്ങൾ. ആറും കായലും പുഴയും തമ്മിൽ ലിങ്ക് ചെയ്യുന്ന സ്ഥലം ആയതുകൊണ്ട് ഇവിടെ നിറയെ മത്സ്യസമ്പത്തുണ്ട്. മൂന്നു മണിക്കൂറെങ്കിലും യാത്ര ചെയ്താൽ മാത്രമേ മൺറോ തുരുത്തിലെ കാഴ്ചകൾ കണ്ടു തീർക്കാൻ കഴിയൂ. മൺറോതുരുത്തിന്റെ പച്ചപ്പിലൂടെ ട്രെയിനിൽ ചീറിപ്പായുന്നത് മാത്രമാക്കേണ്ട ഇനി ധൈര്യമായി അവിടം ഒന്നു സന്ദർശിച്ചോളൂ.. മനസിൽ കാത്തു സൂക്ഷിക്കാൻ പറ്റിയ ഒരുപാട് കാഴ്ചകൾ മൺറോതുരുത്ത് സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്.