പ്രണയിനിയുടെ കൈകോർത്ത് ലോകം ചുറ്റി സഞ്ചരിക്കാൻ കൊതിക്കാത്തവർ ആരുണ്ട്?വിദേശയാത്രകൾ പണച്ചെലവേറിയതാണെന്ന മുൻവിധിയിൽ യാത്രകളോടുള്ള അഭിനിവേശം ഉള്ളിലൊതുക്കുന്ന മലയാളികൾക്ക് മുന്നിൽ കൃത്യമായ പ്ലാനിംഗ് ഉണ്ടെങ്കിൽ ആർക്കും വിദേശത്ത് ഉല്ലാസയാത്ര നടത്താമെന്ന് തെളിയിക്കുകയാണ് ബംഗ്ലൂർ നിവാസികളായ ഗൗതം, താര ദമ്പതികൾ. 'ക്ലൂലെസ് കോമ്പസ്.' എന്ന വെബ്‌സൈറ്റിലും സമൂഹമാധ്യമങ്ങളിലും ഗൗതമും താരയും പങ്കുവയ്ക്കുന്ന കുറിപ്പുകളും ചിത്രങ്ങളും ആരെയും യാത്രകൾക്ക് പ്രേരിപ്പിക്കുന്നവയാണ്. തങ്ങളുടെ യാത്രകളെക്കുറിച്ചും എങ്ങനെ ചെലവ് കുറഞ്ഞ യാത്രകൾ നടത്താം എന്നതിനെക്കുറിച്ചും ഗൗതവും താരയും മനസു തുറക്കുന്നു.
യാത്ര ഇങ്ങനെ തുടങ്ങി
ഒരുമിച്ചുള്ള യാത്രകളുടെ തുടക്കം വിവാഹത്തിനും മുൻപാണ്. ഫേസ്ബുക്കിൽ പങ്കുവച്ച യാത്രാ വിശേഷങ്ങളിലൂടെയും ചർച്ചകളിലൂടെയുമാണ് തമ്മിലടുത്തത്. 2014 ഏപ്രിലിൽ ഗൗതവും കുടുംബവും കാശ്മീർ യാത്ര പ്ലാൻ ചെയ്യുന്ന സമയത്ത് താരയേയും കൂടെക്കൂട്ടി. ഗൗതമിന്റെ കുടുംബത്തോടൊപ്പം നടത്തിയ ആ യാത്ര തന്നെയാണ് ഒരുമിച്ചുള്ള ആദ്യയാത്രയും. കാശ്മീർ യാത്ര കഴിഞ്ഞ് ആ വർഷം ഡിസംബറിലാണ് ഇവർ വിവാഹിതരാകുന്നത്.
എങ്ങോട്ടാണ് യാത്ര
സന്തോഷ് ജോർജ് കുളങ്ങരയുടെ യാത്രാവിവരണ പരമ്പരയും ലോകസിനിമകളുമൊക്കെ കാണുമ്പോൾ ഇതിലെല്ലാം കാണുന്ന സ്ഥലങ്ങൾ നേരിട്ട് സന്ദർശിക്കണം എന്നാഗ്രഹിക്കും. പല സമയത്തായി,പല സ്ഥലങ്ങളിൽ നിന്നായി കണ്ടും കേട്ടും അറിഞ്ഞ സ്ഥലങ്ങളാണ് യാത്രക്കായി തിരഞ്ഞെടുക്കാറുള്ളത്. ഒന്നും അറിഞ്ഞു കൂടാത്ത സ്ഥലങ്ങൾ തിരഞ്ഞെടുക്കാറില്ല.
പ്ലാനിംഗിലാണ് കാര്യം
പോകേണ്ട രാജ്യം തീരുമാനിച്ചു കഴിഞ്ഞാൽ പിന്നെ ട്രാവൽ ഫോറങ്ങളും, ഇന്റർനെറ്റിലെ ചിത്രങ്ങളും സുഹൃത്തുക്കളും വഴി, അവിടെ എവിടെയൊക്കെ പോകണം എന്നൊരു ധാരണ ഉണ്ടാക്കും. ആ സ്ഥലങ്ങൾ തമ്മിലുള്ള ദൂരം ഗൂഗിൾ മാപ്പിൽ നോക്കി, യാത്ര എങ്ങനെ വേണം എന്ന് തീരുമാനിക്കും. അതിനനുസരിച്ച് ബസ്, ട്രെയിൻ, വിമാനം എന്നിവ നേരത്തേ ബുക്ക് ചെയ്യും. ഫ്രീ കാൻസലേഷൻ സൗകര്യമുള്ള ഹോട്ടലുകൾ ആണ് താമസത്തിന് തിരഞ്ഞെടുക്കാറുള്ളത്. പോകുന്ന രാജ്യത്ത് 'On arrival visa" ഉണ്ടെങ്കിൽ സൗകര്യമാണ്. ഇല്ലെങ്കിൽ ആവശ്യമായ രേഖകൾ യാത്രയ്ക്ക് രണ്ടു മാസം മുൻപ് അടുത്തുള്ള കോൺസുലേറ്റിൽ നൽകും.രേഖകൾ എല്ലാം ശരിയാണെങ്കിൽ രണ്ടാഴ്ചക്കുള്ളിൽ വിസ കിട്ടും. ട്രിപ് അഡ്വൈസർ പോലുള്ള ഓൺലൈൻ ഫോറങ്ങളിലെ കുറിപ്പുകൾ വെബ്‌സൈറ്റിൽ നിന്ന് കിട്ടുന്ന വിവരങ്ങളേക്കാൾ സഹായകമാണ്. ഞങ്ങളും ഒരു സ്ഥലത്ത് പോയി വന്നാൽ അതേക്കുറിച്ച് ഓൺലൈൻ ഫോറങ്ങളിൽ എഴുതാറുണ്ട്. മറ്റാർക്കെങ്കിലും ഗുണമാകുമല്ലോ...
ഏറെയിഷ്ടം ഇസ്താംബുൾ
ഇസ്താംബുൾ ആണ് ഞങ്ങളുടെ ഇഷ്ടനഗരം. പലതരം കാഴ്ചകളുടെയും അനുഭവങ്ങളുടെയും നാടാണ് ഇസ്താംബുൾ. പൗരാണികതയും ആധുനികതയും ഒരു പോലെ പടർന്ന് കിടക്കുന്നൊരു സ്വപ്നഭൂമി. യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന ഇടമായതിനാൽ രണ്ട് വൻകരകളുടെയും ജീവിതരീതികൾ അവിടെ കാണാം. പാചകരീതികളിലും, പള്ളികളിലും, നൃത്തരൂപങ്ങളിലും, ഷോപ്പിംഗ് തെരുവുകളിലും എല്ലാം ഈ വൈവിധ്യം കാണാം.
ഭാഷ പ്രശ്നമാണോ?
യാത്ര പ്ലാൻ ചെയ്യുമ്പോൾ ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ പലതാണ്. എങ്ങനെയാണ് എത്തിപ്പെടേണ്ടത്, ഏതൊക്കെ യാത്രാസംവിധാനങ്ങൾ പ്രയോജനപ്പെടുത്തണം, ചെല്ലുന്ന സ്ഥലത്ത് കാർഡെടുക്കുമോ അതോ അവിടുത്തെ കറൻസി തന്നെ ഉപയോഗിക്കണോ മുതലായ സംശയങ്ങൾ ഉണ്ടാവും. യൂറോപ്പിലും ചൈനയിലും ഭാഷയുടെ പ്രശ്നമാണ് പ്രധാനമായും വരുന്നത്. അങ്ങനെയുള്ള സന്ദർഭങ്ങളിൽ പറ്റുന്ന പോലെ സംവദിക്കാൻ ശ്രമിക്കുകയെന്നതാണ് പോംവഴി. ചിത്രങ്ങൾ വരച്ചോ ആംഗ്യഭാഷയിലോ സംവദിക്കാൻ ശ്രമിക്കാം. കാര്യം മനസ്സിലായാൽ എല്ലാവരും സഹായിക്കാൻ മനസുള്ളവരാണ്.
സദാചാരക്കാരും തട്ടിപ്പുകാരും
സദാചാരവാദികളുടെ പ്രശ്നം നേരിടേണ്ടി വന്നിട്ടുള്ളത് ഇന്ത്യയിലാണ്. ഗൗതം ജോലി ചെയ്യുന്ന ഹോസൂരിലെ ഹോട്ടലിൽ ചെന്നപ്പോഴാണ് നിങ്ങൾ വിവാഹിതരാണോ തുടങ്ങിയ ചോദ്യങ്ങൾ നേരിടേണ്ടി വന്നിട്ടുള്ളത്. മറ്റിടങ്ങളിൽ ഒന്നും ഈ പ്രശ്നമില്ല. പലയിടത്തും ടൂറിസ്റ്റുകളെ പറ്റിക്കാൻ വേണ്ടി മാത്രമുള്ള സംഘങ്ങൾ ഉണ്ട്. റോമിൽ ബസലിക്കയുടെ ചുറ്റുമൊക്കെ ഇക്കൂട്ടരെ ധാരാളമായി കാണാം. ഇത്തരം തട്ടിപ്പുകളിൽ വീഴാതെ സൂക്ഷിക്കണം. പോവാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെക്കുറിച്ച് നല്ല ഗവേഷണം നടത്തണം. പലരും ഇത്തരം തട്ടിപ്പുകളെ കുറിച്ചും മറ്റും ബ്ലോഗുകൾ ഒക്കെ എഴുതിയിട്ടുണ്ടാവും. അതൊക്കെ യാത്രക്ക് മുൻപ് വായിക്കുന്നത് നല്ലതായിരിക്കും. യാത്രയ്ക്ക് കൃത്യമായ രൂപരേഖയില്ലെങ്കിൽ വിദേശത്ത് അക്രമങ്ങൾ നേരിടാനോ, നിയമലംഘനത്തിന് ജയിലിലാവാനോ സാധ്യതയുണ്ട്.
എങ്ങനെ ചെലവ് ചുരുക്കാം
വിമാനടിക്കറ്റ് ആറുമാസം മുമ്പെങ്കിലും ബുക്ക് ചെയ്യണം. ബുക്കിംഗ് സൈറ്റുകളിലെ ഫ്‌ളൈറ്റ് അലർട്ട് സൗകര്യം ഉപയോഗിച്ചാൽ ബുക്ക് ചെയ്യാനുദേശിക്കുന്ന റൂട്ടിൽ നിരക്ക് കുറയുമ്പോൾ നമുക്ക് മെയിൽ വരും. യൂറോപ്യൻ രാജ്യങ്ങളിലെല്ലാം താമസത്തിന് ചെലവ് കുറഞ്ഞ ഹോസ്റ്റലുകളും ഡോർമിറ്ററികളും ഉണ്ട്. നാലോ അതിലധികമോ പേർക്ക് തങ്ങാൻ സൗകര്യങ്ങൾ ഉണ്ടാവും. ചെലവ് കുറക്കാമെന്ന് മാത്രമല്ല, പലരോടും അടുത്തിടപഴകാനും പറ്റും. അവധിക്കാലയാത്രകളിൽ വലിയ റിസോർട്ടുകൾ തിരഞ്ഞെടുക്കുന്നവരുണ്ട്. ഞങ്ങൾക്ക് റൂമിലിരിക്കാതെ പുറത്തിറങ്ങി സ്ഥലങ്ങൾ കാണുന്നതാണ് താത്പര്യം. കുളിക്കാനും കിടക്കാനും സൗകര്യമുള്ള ചെലവ് കുറഞ്ഞ ഹോട്ടൽ ഞങ്ങളെ സംബന്ധിച്ച് സ്വർഗമാണ്.വൃത്തി വേണമെന്ന് മാത്രം. യാത്രയ്ക്ക് ട്രെയിനുകളാണ് നല്ലത്. യാത്ര രാത്രിയിലാക്കിയാൽ പകൽ കറങ്ങാൻ കൂടുതൽ സമയം കിട്ടുമെന്ന് മാത്രമല്ല രാത്രികളിൽ തങ്ങാൻ വേറെ ഇടവും വേണ്ട. ഒരുപാട് തവണ ട്രെയിൻ യാത്രയെ ആശ്രയിക്കേണ്ട അവസരങ്ങളിലെല്ലാം ട്രെയിൻ പാസ്സുകൾ ആണ് ലാഭം. ടാക്സികൾ ഒഴിവാക്കി പൊതുവാഹനങ്ങൾ ആണ് ഉപയോഗിക്കാറുള്ളത്.
എന്ത് കഴിക്കണം
ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കണ്ടം തിന്നണമല്ലോ. വിവിധ രാജ്യങ്ങളിലെ രുചിഭേദങ്ങളും അറിയുന്നതും യാത്രയുടെ ഭാഗമാണല്ലോ. എന്നാൽ ചെലവ് കുറയ്ക്കാൻ ഞങ്ങൾ പ്രാദേശികമായ വിലകൂടിയ ഭക്ഷണം ഒറ്റ നേരത്തേക്ക് മാത്രമാക്കും. ബാക്കി രണ്ട് നേരം സൂപ്പർമാർക്കറ്റുകളിൽ നിന്ന് സാൻഡ് വിച്ച്, ബ്രഡ് അങ്ങനെ എന്തെങ്കിലുമൊക്കെ വാങ്ങി കഴിക്കും. നട്ട്സും മറ്റു ചില സ്നാക്കുകളും എപ്പോഴും കൈയിലുണ്ടാകും. 2016 ൽ ആറ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് പതിനാലുദിവസം നീണ്ട യാത്രയ്ക്ക് ഞങ്ങൾക്ക് ചെലവായത് ഒരാൾക്ക് ഒരുലക്ഷം രൂപ മാത്രമാണ്.
ക്ലൂലെസ്സ് കോമ്പസ്
വെബ്‌സൈറ്റ് തുടങ്ങും മുൻപ് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും സജീവമാണ്. സമൂഹമാധ്യമങ്ങളിലെ മികച്ച പ്രതികരണങ്ങളിൽ നിന്ന് ലഭിച്ച പോസിറ്റീവ് എനർജിയാണ് വെബ്‌സൈറ്റിലെത്തിച്ചത്. മുഖ്യധാരയിൽ നിന്നും ഒഴിഞ്ഞ് കിടക്കുന്ന ഉൾനാടുകളിലേക്കും മറ്റുമാണ് ഞങ്ങൾ ആദ്യം യാത്ര ചെയ്തിരുന്നത്. അവിടെയൊന്നും മൊബൈൽ ഫോണിനു റേഞ്ചോ ഇന്റർനെറ്റോ ഒന്നും ഉണ്ടാവില്ല. ഭൂപടവും മറ്റും നോക്കി ധാരണ ഉണ്ടാക്കിയിട്ടാണ് യാത്രകൾ നടത്താറുള്ളത്. 'എങ്ങോട്ടാണ് പോകുന്നതെന്ന് മുൻകൂട്ടി ധാരണയില്ലാത്ത' എന്ന അർത്ഥത്തിലാണ് 'ക്ലൂലെസ് കോമ്പസ്' എന്ന പേര് തിരഞ്ഞെടുക്കുന്നത്. യുട്യൂബ് ചാനൽ തുടങ്ങണമെന്നുണ്ട്. സ്വന്തമായി യാത്ര ചെയ്യാനാഗ്രഹിക്കുന്നവർക്ക് യാത്രകൾ പ്ലാൻ ചെയ്തുകൊടുക്കുന്ന സർവീസ് തുടങ്ങാനും പദ്ധതിയുണ്ട്.
വീടാണ് സ്വർഗം
ഓരോ യാത്രയും ഒരുപാട് നല്ല അനുഭവങ്ങൾ ആണ് തന്നിട്ടുളളത്. ഒരു രാജ്യത്ത് രണ്ടാഴ്ച നിന്ന് ആ രാജ്യത്തെ പൂർണമായും വിലയിരുത്താനാവില്ല. അവിടെ ജീവിക്കാൻ തുടങ്ങുമ്പോഴാണ് പ്രശ്നങ്ങൾ മനസിലാവുക. എല്ലാറ്റിനും നല്ല വശവും ചീത്ത വശവുമുണ്ട്. എന്തൊക്കെ പറഞ്ഞാലും യാത്ര ചെയ്ത് തളർന്ന് സ്വന്തം വീട്ടിൽ വന്നു കയറുന്ന നിമിഷത്തെ വികാരം ഒന്നു വേറെ തന്നെയാണ്.
(Website: cluelesscompass.com)