ശ്രീ നാരായണ ഗുരുദേവന്റെ മഹാസമാധി നവതി ആചരണം നടക്കുന്ന ഈ സാഹചര്യത്തിൽ ഗുരു പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളുടെ പ്രസക്തിയും വർദ്ധിച്ചുവരികയാണ്. ക്ഷേത്ര പ്രതിഷ്ഠയ്ക്കുള്ള കുത്തക ഒരു പ്രത്യേക വിഭാഗത്തിനില്ലെന്ന് അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ഗുരു കാട്ടിക്കൊടുത്തു. അനാചാരങ്ങൾ ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യവും ഗുരുവിനുണ്ടായിരുന്നു. അരുവിപ്പുറം പ്രതിഷ്ഠയ്ക്കുശേഷം കുളത്തൂർ കോലത്തുകരയിൽ ഗുരു ഒരു മഠം സ്ഥാപിച്ച് ഏകാന്ത ധ്യാനത്തിൽ കഴിയുമായിരുന്നു. ആദ്യകാലത്ത് ഇവിടെ ഭദ്രകാളി ക്ഷേത്രമായിരുന്നു. കുടുംബകാരണവരുമായി ആലോചിച്ച് ഭദ്രകാളി പ്രതിഷ്ഠ മാറ്റി ഗുരു ശിവപ്രതിഷ്ഠ നടത്തുകയായിരുന്നു. ജന്തുബലി അവസാനിപ്പിക്കുകയെന്നതായിരുന്നു ഗുരുവിന്റെ ഉദ്ദേശ്യം. ഏതാനും വർഷങ്ങൾക്കു ശേഷമാണ് തിരുവിതാംകൂറിൽ റീജന്റ് മഹാറാണി ജന്തുബലി നിരോധിച്ചത്. കടയ്ക്കാവൂർ ഊട്ടുപറമ്പ് ക്ഷേത്രം ഗുരു സന്ദർശിച്ച ശേഷം പക്ഷിമൃഗാദികളെ ബലികഴിച്ചുള്ള ആരാധന നിറുത്തലാക്കണമെന്നും ഗുരു ആവശ്യപ്പെട്ടു. അതു ശിരസാവഹിച്ച ഭക്തരുടെ അഭ്യർത്ഥന പ്രകാരം ശിവപ്രതിഷ്ഠ നടത്തിയെന്നതും ചരിത്രം. ഓരോ ക്ഷേത്ര പ്രതിഷ്ഠയ്ക്കും ഇത്തരത്തിൽ ഓരോ പ്രാധാന്യമുണ്ട്. ഗുരു പ്രതിഷ്ഠ നടത്തിയ കുന്നുംപാറ ക്ഷേത്രത്തിനുമുണ്ട് മഹത്വം.
എ. സീതമ്മാൾ , നെയ്യാറ്റിൻകര