ലക്ഷക്കണക്കിന് ഇടത്തരക്കാരായ കമ്പനി തൊഴിലാളികൾക്ക് ചികിത്സാരംഗത്ത് ഉപകാരപ്പെടുന്ന സ്ഥാപനമാണ് ഇ.എസ്.ഐ അനുബന്ധ ആശുപത്രികൾ. ഇ.എസ്.ഐ സ്കീമിൽ രോഗികൾക്ക് അടിയന്തര ഘട്ടങ്ങളിലുള്ള ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ടി വരുമ്പോൾ മെഡിക്കൽ റീ-ഇംബേഴ്സ്മെന്റ് സൗകര്യം ഗുണഭോക്താക്കൾക്ക് അനുവദിക്കപ്പെട്ടിട്ടുള്ളതാണ്. മാനദണ്ഡം സെപെഷ്യാലിറ്റി ചികിത്സയ്ക്ക് തൊഴിലാളിയും തൊഴിലുടമയും തുടർച്ചയായി ആറു മാസത്തെ ഇ.എസ്.ഐ വിഹിതവും സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സയ്ക്ക് തുടർച്ചയായി രണ്ടു വർഷത്തെ ഇ.എസ്.ഐ വിഹിതവും അടയ്ക്കണമെന്നാണ്. വർഷങ്ങളായി ഇങ്ങനെയാണ് സ്വകാര്യ ആശുപത്രി ചികിത്സകൾക്ക് റീ-ഇംബേഴ്സ്മെന്റ് അനുവദിച്ചുകൊണ്ടിരുന്നത്. എന്നാൽ കഴിഞ്ഞ നാലുമാസമായി ഡയറക്ടർ ഓഫ് ഇൻഷ്വറൻസ് മെഡിക്കൽ സർവീസസിൽ നിന്ന് സൂപ്പർ സ്പെഷ്യാലിറ്റി അർഹതയുള്ളവർക്ക് മാത്രമേ റീ-ഇംബേഴ്സ്മെന്റ് ക്ലെയിം പാസാക്കാൻസാധിക്കൂ എന്ന് പറഞ്ഞ് കേരളത്തിലൊട്ടാകെ നൂറുകണക്കിന് ക്ലെയിമുകൾ നിരസിക്കുന്നു. അർഹതയുള്ള പാവപ്പെട്ട ഇ.എസ്.ഐ ഗുണഭോക്താക്കൾക്ക് റീ-ഇംബേഴ്സ്മെന്റ് സൗകര്യം ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇപ്പോഴുണ്ടായ പ്രളയം ഇ.എസ്.ഐ ഉദ്യോഗമണ്ഡൽ ആശുപത്രിയെയും ബാധിച്ചിരുന്നു. ആ ദിവസങ്ങളിൽ ഉദ്യോഗമണ്ഡൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രോഗികളെയും ചികിൽസയ്ക്ക് എത്തിയ രോഗികളെയും അധികൃതരുടെ നിർദ്ദേശ പ്രകാരം വിവിധ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. ഇവർക്ക് സ്വകാര്യ ആശുപത്രിയിൽ ചെലവായ തുകയുടെ റീ-ഇംബേഴ്സ്മെന്റ് ലഭിക്കുന്നതിന് പ്രത്യേക അനുമതി നൽകണമെന്നും അഭ്യർത്ഥിക്കുന്നു.
പി.ടി.തോമസ് എം.എൽ.എ