ഓർമ്മകളിൽ കുരുങ്ങിക്കിടക്കുന്ന നഷ്ടപ്രണയത്തിന്റെ കഥ പലർക്കും പറയാനുണ്ടാവും. ക്ലാസ്‌മുറികളിലും സ്കൂൾ വരാന്തയിലുമൊക്കെ വച്ച് പ്രണയം പറഞ്ഞ്, ഹൃദയങ്ങൾ കൈമാറി, പിന്നീടെപ്പോഴോ വിധിയുടെ കറുത്ത കരങ്ങളിലകപ്പെട്ട് ബന്ധം മുറിഞ്ഞുപോയവർ, വേർപിരിയലിന്റെ വേദനയും പേറി കാലങ്ങൾ തള്ളിനീക്കുന്നവർ! അങ്ങനെയുളള ഓരോരുത്തരുടെയും കഥയാണ് സി.പ്രേംകുമാർ സംവിധാനം ചെയ്ത 96.
ട്രാവൽ ഫോട്ടോഗ്രാഫറായ രാമചന്ദ്രൻ എന്ന റാം (വിജയ് സേതുപതി) തന്റെ ജോലിയിൽ ആഹ്ലാദം കണ്ടെത്തുന്ന ആളാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് ഫോട്ടോകൾ എടുക്കുന്ന ഒരു ഫോട്ടോഗ്രാഫി അദ്ധ്യാപകൻ കൂടിയായ റാം അവിചാരിതമായി തന്റെ നാടായ തഞ്ചാവൂർ എത്തുകയും, പഠിച്ച സ്കൂളിൽ ഒരു വട്ടം കൂടി പോകാനിടവരികയും ചെയ്യുന്നു. തുടർന്ന്, റാം 1996 കാലഘട്ടത്തിൽ സ്കൂളിൽ കൂടെ പഠിച്ച സുഹൃത്തുക്കളുടെ ഒരു ഒത്തുചേരൽ ആസൂത്രണം ചെയ്യുകയും, ആ ഒത്തുചേരലിലേക്ക് അപ്രതീക്ഷിതമായി, അയാളുടെ പഴയ കാമുകി ജാനകി (തൃഷ കൃഷ്ണൻ) വരികയും ചെയ്യുന്നു. ഒരു രാത്രി ഒരുമിച്ച് ചെന്നൈ നഗരത്തിൽ സമയം ചെലവഴിക്കാൻ തീരുമാനിക്കുന്ന അവരുടെ ജീവിതത്തിലെ തുടർന്നുണ്ടാകുന്ന നിർണായക നിമിഷങ്ങളാണ് സിനിമ കാണിച്ചുതരുന്നത്.
'മക്കൾ സെൽവൻ' എന്നറിയപ്പെടുന്ന വിജയ് സേതുപതിയുടെ കരിയറിലെ വളരെ വ്യത്യസ്തമായ കഥാപാത്രമാണ് റാം. പ്രായം നാൽപതിനോടടുത്തെങ്കിലും പുറമേയ്ക്ക് ഗൗരവക്കാരനായി തോന്നുമെങ്കിലും മനസുകൊണ്ട് അയാൾ ഇപ്പോഴും ആ പഴയ പത്താം ക്ലാസ്സുകാരനാണ്. ജാനകിയോട് സംസാരിക്കാൻ അയാൾക്കിപ്പോഴും പഴയ ഭയവും വിറയലുമുണ്ട്. വളരെ കൈയടക്കത്തോടെ വിജയ് സേതുപതി ഈ കഥാപാത്രത്തെ കൈകാര്യം ചെയ്തിരിക്കുന്നു.
എന്നാൽ, സിനിമയുടെ സൗന്ദര്യം എല്ലാ അർത്ഥത്തിലും ഒരു പടി ഉയർത്തുന്നത് തൃഷയുടെ സാന്നിദ്ധ്യമാണ് എന്ന് നിസംശയം പറയാം. തൃഷയുടെ തന്നെ കരിയറിലെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട കഥാപാത്രം ആയിരുന്നു 'വിണ്ണൈ താണ്ടി വരുവായാ' യിലെ ജെസി. ജെസിയോളമോ, അതിനേക്കാളേറെയോ പ്രേക്ഷകരുടെ മനം കവരുന്ന കഥാപാത്രമാണ് ജാനകി.ഇവരെക്കഴിഞ്ഞാൽ സിനിമയിലുടനീളം തങ്ങിനിൽക്കുന്നത് ഗോവിന്ദ് മേനോന്റെ സംഗീതമാണ്. ചിൻമയി ആലപിച്ച 'കാതലേ കാതലേ' എന്നു തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിയിട്ടുണ്ട്. അതിനോടൊപ്പം ചിത്രത്തിലെ മറ്റു ഗാനങ്ങളും ഒന്നിനൊന്ന് മികച്ചുനിൽക്കുന്നു. അതോടൊപ്പം, ഇളയരാജയുടെ ഹിറ്റ് ഗാനങ്ങളുടെ സാന്നിദ്ധ്യവും എടുത്തുപറയേണ്ടതാണ്. തൊണ്ണൂറുകളിലെ പ്രണയങ്ങൾക്കെല്ലാം ഒരുപക്ഷേ, പശ്ചാത്തലത്തിൽ കൂടുതൽ നിറം നൽകിയിരുന്നത് ഇളയരാജയുടെ ഗാനങ്ങൾ ആയിരുന്നിരിക്കണം. അവയെ സമർത്ഥമായി ഉപയോഗിക്കാനും ഗോവിന്ദിന് കഴിഞ്ഞിട്ടുണ്ട്. തമിഴിൽ കൂടുതൽ അവസരങ്ങൾ ഗോവിന്ദിനെ തേടിയെത്തുമെന്നുറപ്പാണ്.
റാമിന്റെയും ജാനകിയുടെയും കുട്ടിക്കാലം അവതരിപ്പിച്ച ആദിത്യ ഭാസ്കർ, ഗൗരി. ജി.കിഷൻ എന്നിവരുടെ പ്രകടനവും എടുത്ത് പറയേണ്ടതാണ്. സിനിമയിൽ ഫ്ലാഷ് ബാക്ക് രംഗങ്ങൾ ഒരൽപം കൂടുതൽ മികച്ചു നിന്നതു തന്നെ ഇവരുടെ മനോഹരമായ പ്രകടനം കൊണ്ടാണ്.
റാമിന്റെയും ജാനകിയുടെയും സുഹൃത്തുക്കളായി ദേവദർശിനി, ഭഗവതി പെരുമാൾ, ആടുകളം മുരുഗദോസ് എന്നിവരും അവരുടെ കുട്ടിക്കാലം അവതരിപ്പിച്ച ബാലതാരങ്ങളും ഒന്നിനൊന്ന് മികച്ചു നിൽക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് എൻ.ഷൺമുഖ സുന്ദരമാണ്. ആദ്യ പത്ത് മിനിട്ടിനുളളിൽ തന്നെ അദ്ദേഹത്തിന്റെ ഫ്രെയിമുകൾ പ്രേക്ഷകമനസിനെ കൈയിലെടുക്കുന്നുണ്ട്.
96 എന്ന ഈ പ്രണയകാവ്യത്തിന് എന്തെങ്കിലും ഒരു ന്യൂനത ഉണ്ടെങ്കിൽ, അത് അതിന്റെ നീളമാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് അതിമനോഹരമായി പറഞ്ഞുപോകാവുന്ന ഒരു കഥയെ അൽപം വലിച്ചു നീട്ടിയത് ചില നേരത്തെങ്കിലും ആസ്വാദനത്തെ ബാധിക്കുന്നുണ്ട്. പ്രത്യേകിച്ച്, രണ്ടാം പകുതിയിൽ റാം - ജാനകി കഥാപാത്രങ്ങളിലേക്ക് മാത്രമായി കഥ ചുരുങ്ങി മറ്റു കഥാപാത്രങ്ങളുടെ സാന്നിദ്ധ്യം കുറവായിരിക്കുന്ന സമയങ്ങളിൽ. എന്നിരുന്നാലും, കാലമെത്ര കഴിഞ്ഞാലും ഓർമ്മകളെയും ഗൃഹാതുരത്വത്തെയും നഷ്ടപ്രണയത്തെയുമെല്ലാം താലോലിച്ച്, ഒരിക്കലെങ്കിലും ഭൂതകാലത്തിലേക്ക് മടങ്ങിപ്പോവാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന ഓരോരുത്തരും, കണ്ടിരിക്കേണ്ട സിനിമയാണ് 96. ഒരു പിടി നല്ല ഓർമ്മകളും മനസിലിന്നും പൂവിട്ടുനിൽക്കുന്ന പ്രണയവുമുളള ആർക്കും മനം നിറഞ്ഞ് ആസ്വദിക്കാവുന്ന ഒരു സിനിമ.
ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് 'തൈക്കുടം ബ്രിഡ്ജ്' ബാന്റിലെ മുഖ്യഗായകന്മാരിലൊരാൾ കൂടിയായ വയലിനിസ്റ്റ് ഗോവിന്ദ് മേനോൻ ആണ്.മദ്രാസ് എന്റർപ്രൈസസിന്റെ ബാനറിൽ നന്ദഗോപാലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.