ന്യൂഡൽഹി: 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മുഖ്യശത്രുവായ ബി.ജെ.പിയെ നേരിടാൻ ദേശീയ തലത്തിൽ വിശാല സഖ്യത്തിനില്ലെന്ന് സി.പി.എം. സംസ്ഥാനങ്ങളിൽ സാഹചര്യങ്ങൾക്ക് അനുസരിച്ച് നയം സ്വീകരിക്കും. എന്നാൽ പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി ബന്ധം സ്ഥാപിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇക്കാര്യത്തിൽ കേന്ദ്രകമ്മിറ്റിയിൽ രൂക്ഷമായ തർക്കം നടന്നുവെന്നാണ് റിപ്പോർട്ട്. തമിഴ്നാട്ടിൽ കോൺഗ്രസ് ഉണ്ടെങ്കിലും ഡി.എം.കെ നേതൃത്വം നൽകുന്ന മുന്നണിയുമായി സഹകരിക്കാനും സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തിൽ തീരുമാനമായി.
തിരഞ്ഞെടുപ്പ് കമ്മിഷൻ തിയതി പ്രഖ്യാപിച്ച മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മിസോറാം, തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി-കോൺഗ്രസ് ഇതര സഖ്യത്തിന് പിന്തുണ നൽകാൻ ഡൽഹിയിൽ ചേർന്ന സി.പി.എം കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കേരള സർക്കാരിന് കേന്ദ്ര കമ്മിറ്റി പിന്തുണ നൽകും. മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ബി.ജെ.പി, കോൺഗ്രസ് ഒഴികെയുള്ള കക്ഷികൾ രൂപീകരിക്കുന്ന മുന്നണിയിൽ ചേരും. ബി.ജെ.പിയെ തടയാൻ പാർട്ടി സ്ഥാനാർത്ഥി ഇല്ലാത്ത മണ്ഡലങ്ങളിൽ വിജയ സാദ്ധ്യതയുള്ള സ്ഥാനാർത്ഥികൾക്ക് പിന്തുണ നൽകും. തെലങ്കാനയിൽ സി.പി.ഐ അടക്കമുള്ള പാർട്ടികൾ അടങ്ങിയ ഇടത് ബഹുജന മുന്നണിയിൽ മത്സരിക്കും.
ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന് കേന്ദ്രകമ്മിറ്റി എല്ലാ പിന്തുണയും നൽകും. ക്ഷേത്ര ആരാധനയിൽ സ്ത്രീകൾക്ക് തുല്ല്യ അവകാശമുണ്ടെന്നും വിവേചനം പാടില്ലെന്നും യോഗം വിലയിരുത്തി.