sabarimala-women-entry

തിരുവനന്തപുരം: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിലെത്തുന്ന യുവതികൾക്ക് സുരക്ഷയൊരുക്കാനായി സന്നിധാനത്ത് വനിതാ പൊലീസിനെ നിയോഗിക്കില്ല. ആദ്യഘട്ടത്തിൽ പമ്പയിൽ കൂടുതൽ വനിതാ പൊലീസിനെ നിയോഗിക്കാനാണ് ആലോചിക്കുന്നത്. കൂടുതൽ സ്ത്രീകൾ എത്തിയാൽ മാത്രം സന്നിധാനത്ത് വനിതാ പൊലീസിനെ എത്തിക്കും. തത്കാലം നിലവിലെ സംവിധാനങ്ങൾ തുടരാനും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ തീരുമാനമായി. അന്തിമ തീരുമാനം നാളെ ദേവസ്വം ബോർഡ് അധികൃതരുമായി നടത്തുന്ന യോഗത്തിന് ശേഷം സ്വീകരിക്കാനും ധാരണയായി.

ശബരിമലയിലെ സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ സന്നിധാനത്തേക്ക് സുരക്ഷയ്‌ക്ക് വനിതാ പൊലീസിനെ എത്തിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിരുന്നു. സുരക്ഷയ്‌ക്ക് കേരളാ പൊലീസിലെ ഉദ്യോഗസ്ഥർ അപര്യാപ്‌തമാണെങ്കിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഉദ്യോഗസ്ഥരെ എത്തിക്കുമെന്ന് ബെഹ്‌റ അറിയിച്ചിരുന്നു. സന്നിധാനത്തേക്ക് വനിതാ ഉദ്യോഗസ്ഥരെ നിയോഗിച്ച് ദേവസ്വം ബോർഡും ഉത്തരവിറക്കി. എന്നാൽ സന്നിധാനത്തേക്ക് ഡ്യൂട്ടിക്ക് പോകാൻ വനിതാ ജീവനക്കാർക്ക് പൊതുവെ താത്പര്യമില്ലെന്നാണ് വിവരം. ഇക്കാര്യം മുതിർന്ന ഉദ്യോഗസ്ഥരെ വനിതാ ജീവനക്കാർ ധരിപ്പിച്ചതായാണ് വിവരം.