അഹമ്മദാബാദ്: ഇതര സംസ്ഥാന തൊഴിലാളികൾക്കുനേരെയുള്ള അതിക്രമം വർദ്ധിച്ചു വരുന്നതിനെ തുടർന്ന് തൊഴിലാളികൾ കൂട്ടത്തോടെ ഗുജറാത്ത് വിടുന്നു. ഹിമ്മത്‌നഗറിൽ 14 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ബീഹാർ സ്വദേശി ലൈംഗിക പീഡനത്തിനിരയാക്കിയതിനു പിന്നാലെ ശക്തമായ പ്രതിഷേധമുയർന്നിരുന്നു. തുടർന്ന് വടക്കൻ ഗുജറാത്തിൽ ജോലി ചെയ്തിരുന്ന ബീഹാർ, ഉത്തർപ്രദേശ് സ്വദേശികളാണ് തിരിച്ചു പോകുന്നത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഗാന്ധിനഗർ, അഹമ്മദാബാദ്, സബർകന്ത, മെഹ്സാന തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രക്ഷോഭങ്ങളുണ്ടായത്. ഇതര സംസ്ഥാന തൊഴിലാളികളെ ആക്രമിക്കാൻ പദ്ധതിയിട്ട മുന്നൂറിലേറെപ്പേരെ സബർകന്തയിൽ പൊലീസ് അറസ്റ്റു ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ഇത്തരം ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നും ഗുജറാത്ത് ഡി.ജി.പി ശിവാനന്ദ് ഝാ പ്രതികരിച്ചു.സംഭവവുമായി ബന്ധപ്പെട്ട് ഇനിയും അറസ്‌റ്റുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അക്രമസംഭവങ്ങൾ നടന്ന പ്രദേശത്ത് കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
എന്നാൽ,സംസ്ഥാനത്ത് അതിക്രമങ്ങൾ വർദ്ധിച്ചത് കൊണ്ടല്ല മറിച്ച് ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് ഇതര സംസ്ഥാന തൊഴിലാളികൾ ഗുജറാത്ത് വിടുന്നതെന്നാണ് പൊലീസിന്റെ വാദം. ഭയം കാരണം നാടുവിടുന്നവരെ തിരിച്ചെത്തിക്കാൻ ബസ്‌റ്റാൻഡിലും താമസസ്ഥലങ്ങളിലും ക്യാംപയിൻ നടത്തുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അതേസമയം, തന്റെ അനുയായികൾക്ക് എതിരെയുള്ള കേസുകൾ പിൻവലിച്ചില്ലെങ്കിൽ ഒക്‌ടോബർ 11 മുതൽ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്ന് കോൺഗ്രസ് എം.എൽ.എ അൽപേഷ് താക്കൂർ അറിയിച്ചു. താക്കൂറിന്റെ സമുദായംഗമായ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന് ആരോപിച്ചാണ് ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ അക്രമണം തുടങ്ങിയത്.