നീലു തിരിച്ചുവന്നു. ദിവസങ്ങളോളമുള്ള കാത്തിരിപ്പിനുശേഷമാണ് ബാലുവിന്റെയും മക്കളുടെയും മുമ്പിലേക്ക് നീലു തിരിച്ചെത്തിയത്. മലയാളി പ്രേക്ഷകരുടെ ഇഷ്ടപരമ്പര പോയവാരം കടന്നുപോയത് ഈ ഒരു സീനിലൂടെയാണ്. എന്നാൽ ഈ ഒരു രംഗത്തിന് യാഥാർത്ഥ്യത്തിന്റെ നിഴലാട്ടം കൂടുതലായിരുന്നു. പ്രതിസന്ധികളെ മറികടന്ന് തിരിച്ചെത്തിയത് നീലു എന്ന കഥാപാത്രം മാത്രമായിരുന്നില്ല, ആ കഥാപാത്രത്തിന്റെ സർവ്വവികാരങ്ങളെയും യഥാർത്ഥ സ്‌ക്രീനിൽ അവതരിപ്പിക്കുന്ന നിഷ സാരംഗ് എന്ന അഭിനേത്രി കൂടിയായിരുന്നു. സാധാരണക്കാരിയായ ഒരു സ്ത്രീയാണ് നിഷ. മനസുനിറയെ ആത്മാർത്ഥതയും അർപ്പണബോധവും കാത്തുസൂക്ഷിക്കുന്ന നിഷയുടെ വാക്കിലും പ്രവർത്തിയിലും ഒട്ടുംതന്നെ കലർപ്പോ കളങ്കമോ ഇല്ല. അതെല്ലാം കൊണ്ടുതന്നെ എല്ലാവർക്കും പ്രിയങ്കരിയാണവർ. ഏതൊരു കഥാപാത്രമായി മാറുമ്പോഴും അടർത്തിമാറ്റാനാവാത്തവിധം ആ കഥാപാത്രത്തിനുപോലും നിഷയിലെ കലാകാരിയോട് അടുപ്പം തോന്നും.
കലാകാരിയെന്നതിനപ്പുറം നിഷ സാധാരണക്കാരിലേക്ക് പെട്ടെന്നിറങ്ങിച്ചെല്ലുന്ന ഒരു സ്ത്രീമുഖം ആണ്. താരജാഡയൊട്ടുമില്ലാതെ എന്നും നാട്ടുകാർക്കും കൂട്ടുകാർക്കുമൊപ്പമാണ് നിഷ. ഇന്ന് പ്രേക്ഷകർക്കുമുമ്പിൽ മിനിസ്‌ക്രീനിലെ ലേഡി സൂപ്പർസ്റ്റാറായി മാറിയിരിക്കുകയാണ് നിഷ സാരംഗ്. അഭിനയവഴികളിലെ പ്രതിസന്ധികളെ മറികടക്കാൻ അവരെ സഹായിച്ചത് കരുത്തുറ്റ ആത്മവിശ്വാസവും അതിലേറെ സർവ്വവും സമർപ്പിച്ചുള്ള ഈശ്വരവിശ്വാസവും തന്നെ. പിന്നിട്ട വഴികളിലെ പ്രതിസന്ധികളല്ല, മറിച്ച് മുന്നോട്ടുള്ള യാത്ര തന്നെയാണ് നിഷ സാരംഗിന്റെ മനസിൽ ഇപ്പോഴുള്ളത്. ഇത്രയും ക്ഷമിച്ച് എങ്ങനെ മുന്നോട്ടുപോകാൻ സാധിക്കുന്നു എന്നതിന് തന്റെ ബാല്യവും മാതാപിതാക്കളും എന്നു തന്നെയാണ് ഉത്തരം.
''കുട്ടിക്കാലത്ത് എന്നെ അമ്മ പഠിപ്പിച്ചത് ക്ഷമിക്കാൻ ആയിരുന്നു. ഞാൻ ഒറ്റ മകളായിരുന്നു. സഹോദരന്മാരാണ് ഉണ്ടായിരുന്നത്. വീട്ടിൽ ചെറുതായി തല്ലുപിടിക്കുമ്പോഴൊക്കെ അമ്മ എന്നോട് പറയും, നീ ക്ഷമിച്ചുകൊടുക്കാൻ... അങ്ങനെ അവിടെ മുതൽതന്നെ ക്ഷമിക്കാൻ എനിക്ക് മടിയില്ലായിരുന്നു. ഞാൻ കുറച്ചുകൂടി വലുതായപ്പോൾ അമ്മതന്നെ എന്നോട് പറഞ്ഞു, 'ഞാൻ നിന്നോട് ക്ഷമിക്കാൻ പറഞ്ഞെങ്കിലും ഇത്രയും പാവമായിപ്പോകരുതെന്ന്' അന്നേ എന്റെ സ്വഭാവത്തിലുണ്ടായിരുന്നതാണ് ക്ഷമാശീലം. പക്ഷേ ക്ഷമയ്ക്കും സഹനത്തിനുമൊക്കെ ഒരതിരുണ്ട്. അത് കഴിയുമ്പോൾ നമ്മൾ പോലുമറിയാതെ പൊട്ടിത്തെറിച്ചുപോകും.'
ജീവിതത്തെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടാണ് നിഷയ്ക്കുള്ളത്.
''നമ്മുടെയൊക്കെ ജീവിതം ഒരു പുഴ പോലെയാണ്. ഒഴുക്കിനനുസരിച്ചുള്ള സഞ്ചാരമാണ് ജീവിതത്തിൽ നമുക്കുള്ളത്. തോറ്റു കൊടുക്കാതിരിക്കുന്നതും ശക്തമായി മുന്നോട്ടുപോകുന്നതും പലപ്പോഴും നിലനില്പിനു വേണ്ടി കൂടിയാണ്.' ജീവിതത്തെക്കുറിച്ചുമാത്രമല്ല മറ്റെല്ലാ വിഷയങ്ങളിലും നിഷയ്ക്ക് സ്വന്തമായ കാഴ്ചപ്പാടുണ്ട്. ഒരു കലാകാരി എന്ന നിലയിൽ എന്നും പ്രേക്ഷകരുടെ പിന്തുണയാണ് നിഷയ്ക്ക് ഏറ്റവും വലുത്.
''എനിക്കൊപ്പം എന്നുമുള്ളത് പ്രേക്ഷകർ തന്നെയാണ്. ഞാൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന നീലു എന്ന കഥാപാത്രം ഏറെ പ്രേക്ഷക പിന്തുണ നേടിത്തന്നിട്ടുള്ളതാണ്. എന്നെ കൂടുതൽ ആളുകൾ തിരിച്ചറിയൻ തുടങ്ങിയതും എവിടെ ചെന്നാലും അഭിനന്ദനങ്ങൾ എന്നെത്തേടിയെത്തിയതുമെല്ലാം ഈ ഒരു കഥാപാത്രത്തിലേക്ക് ഞാൻ എത്തിയ നാൾ മുതലാണ്.'
കഥാപാത്രത്തെ ഏറെ അറിഞ്ഞ് ഓരോ സീനും അഭിനയിച്ചുതുടങ്ങുന്ന നിഷയ്ക്ക് അഭിനയകല വെറുമൊരു ഹോബിയല്ല, മറിച്ച് ജീവിതത്തെ കരുപ്പിടിപ്പിക്കാനുള്ള ഉപാധി കൂടിയാണ്.
''അഭിനയം എന്റെ തൊഴിലാണ്. നാട്ടിൻപുറത്തെ ഒരു സാധാരണകുടുംബത്തിൽ ജനിച്ചുവളർന്ന അവസ്ഥയിൽ നിന്നും ഇന്നത്തെ കലാജീവിതത്തിലേക്ക് എത്തിനിൽക്കുമ്പോഴും സ്വപ്നങ്ങളും ആഗ്രഹങ്ങളുമല്ല ഞാൻ കൂടെക്കൊണ്ടുനടക്കുന്നത്. എനിക്ക് എന്റേതായ ഉത്തരവാദിത്തങ്ങളുണ്ട്. അത് പൂർത്തിയാക്കണമെങ്കിൽ തൊഴിൽ ചെയ്‌തേ പറ്റൂ. രണ്ട് പെൺമക്കളാണ് എനിക്കുള്ളത്. ഒരാളുടെ വിവാഹം കഴിഞ്ഞു. ഇനി ഒരാൾ കൂടിയുണ്ട്. എന്റെ പ്രതീക്ഷയും സ്വപ്നങ്ങളും ആഗ്രഹങ്ങളുമെല്ലാം അവരിൽ ഒതുങ്ങുന്നതാണ്.'
ഏതു പ്രതിസന്ധിയിലും തളരാതെ മുന്നോട്ടു പോകാൻ നിഷയ്‌ക്കെപ്പോഴും ഈശ്വരസാന്നിദ്ധ്യം കൂടെയുണ്ട്
''ഞാൻ തികഞ്ഞ ഒരു ഈശ്വരവിശ്വാസിയാണ്. എല്ലാം ദെവത്തിൽ സമർപ്പിച്ചുള്ള യാത്രയാണ് എന്റേത്. എല്ലാ ദിവസവും തുടങ്ങുന്നത് ഈശ്വരനു മുമ്പിൽ നിന്നുള്ള പ്രാർത്ഥനയോടെയാണ്. ഷൂട്ടിംഗിനു വേണ്ടി എത്രദൂരെ പോകേണ്ടിവന്നാലും ഈ ദിനചര്യയ്‌ക്കൊന്നും ഒരു മാറ്റവുമുണ്ടാവില്ല.''
ഈശ്വരവിശ്വാസത്തോടൊപ്പം നിഷയുടെ യാത്രയിൽ തുണയാവുന്നത് ആത്മവിശ്വാസം തന്നെയാണ്. മനസിൽ കാത്തുസൂക്ഷിക്കുന്ന നന്മയിൽ നിന്നുതന്നെയാവണം ആത്മവിശ്വാസം പ്രകാശിക്കപ്പെടുന്നതും. ഈയിടെ ഉണ്ടായ പ്രതിസന്ധിയിൽ തനിക്കൊപ്പം കൂടെ നിന്നവരെ നന്ദിയോടെയാണ് നിഷ ഓർക്കുന്നത്.
''ഒരു പ്രശ്നമുണ്ടാവുമ്പോൾ കൂടെ നിൽക്കുക എന്ന് പറയുന്നത് വലിയൊരു കാര്യം തന്നെയാണ്.നമ്മുടെ ആത്മവിശ്വാസം ഇരട്ടിയാക്കുന്നതും സാന്ത്വനമേകുന്നതും ഇത്തരത്തിലുള്ള പിന്തുണയേകുന്നവരാണ്. ഞാൻ പോലുമറിയാതെ കടന്നുപോയ ആ പ്രതിസന്ധിയെ തരണം ചെയ്യാനൊരുങ്ങുന്ന സമയത്ത് ഒരുപാടുപേർ പിന്തുണയുമായി എനിക്കൊപ്പം നിന്നു. സിനിമാരംഗത്തുനിന്നും ബാബുരാജേട്ടനാണ് ആദ്യം വിളിച്ച് ആശ്വസിപ്പിച്ചത്.പിന്നെ മമ്മൂക്കയും വിളിച്ച് ആത്മധൈര്യമേകി. ഏറെ ആശ്വാസമേകിയത് സിനിമ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യും സീരിയൽ നടീനടന്മാരുടെ കൂട്ടായ്മയായ'ആത്മ'യും ഒരേപോലെ എനിക്കുതന്ന പിന്തുണയാണ്. ഡബ്ല്യു.സി.സിയുടെ പ്രതിനിധികളും വീട്ടിലെത്തി പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ് അവരുടെ സഹായം ഉണ്ടാകുമെന്ന് ഉറപ്പുതന്നിരുന്നു. 'അമ്മ'യുടെ പിന്തുണ ഏറെ വലുതായിരുന്നു. ഒരു നടി എന്ന നിലയിൽ അത് വളരെ ആശ്വാസകരമായ ഒന്നുതന്നെയായിരുന്നു. ആത്മയിൽ നിന്നു ദിനേശേട്ടൻ (ദിനേശ് പണിക്കർ) ഉൾപ്പെടെ പലരും വിളിച്ച് പൂർണപിന്തുണ വാഗ്ദാനം ചെയ്തു.'
കലാജീവിതത്തിൽ തന്റെ നല്ലൊരു സുഹൃത്തായ ബിജു സോപാനം എന്ന കലാകാരനെക്കുറിച്ചും നിഷയ്ക്ക് പറയാനുണ്ട്
''ബിജു ചേട്ടൻ ഒരു നല്ല സുഹൃത്താണ്. ഞങ്ങൾ ഒരുമിച്ച് അഭിനയിക്കുമ്പോൾ അത് പ്രേക്ഷകരെ കൂടുതൽ ഇഷ്ടമുള്ളതാക്കുന്നു എന്നത് സന്തോഷം തരുന്ന കാര്യമാണ്. സീരിയലിന്റെ ആദ്യഷെഡ്യൂളുകളിലാണ് പരിചയപ്പെടുന്നത്. വളരെ പെട്ടെന്ന് നമ്മളെ മനസിലാക്കാൻ കഴിവുള്ള ഒരു കാരക്ടറാണ് ബിജുചേട്ടന്റേത്. അഭിനയത്തിൽ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ ബിജുചേട്ടനും സഹായിച്ചു.
ഞാൻ എന്റെ കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിക്കുന്നുണ്ടെങ്കിൽ അതിന്റെ ഒരു കാരണം ബിജുചേട്ടൻ തന്നെയാണ്. പരസ്പരം മനസിലാക്കിയുള്ള അഭിനയമാണ് ഞങ്ങളുടേത്. മറിച്ച് ആർട്ടിസ്റ്റുകൾ എന്ന രീതിയിൽ ആർക്കെങ്കിലും ഒരാൾക്ക് ഒരു ചെറിയ ഈഗോ എങ്കിലും ഉണ്ടായിരുന്നെങ്കിൽ ഇപ്പോഴുള്ള കെമിസ്ട്രി ഒട്ടുംതന്നെ ഉണ്ടാവില്ലായിരുന്നു. അഭിനയത്തിനപ്പുറം ഞാൻ കടന്നുപോയിരുന്ന പ്രശ്നങ്ങളെല്ലാം ബിജുചേട്ടന് അറിയാം. ഓരോ ഘട്ടത്തിലും എനിക്ക് യുക്തിപരമായ തീരുമാനങ്ങളെടുക്കാൻ ബിജുചേട്ടൻ ഏറെ സഹായിച്ചിട്ടുണ്ട്. ഞങ്ങൾ സീരിയലിലെ എല്ലാവരും ഒരു കുടുംബം പോലെ തന്നെയാണ്. അതു പ്രത്യേകം പറയാതെ തന്നെ പ്രേക്ഷകർക്ക് അറിയാവുന്ന കാര്യമാണ്. മക്കളായി അഭിനയിക്കുന്ന കുട്ടികളെല്ലാം തന്നെ ഞങ്ങളുമായി വളരെ നല്ല അടുപ്പത്തിലാണ്. സെറ്റിലെത്തിയാൽ വളരെ ശക്തമായ ഒരു കുടുംബാന്തരീക്ഷമാണുണ്ടാവുക.'
'ഉപ്പും മുളകും' എന്ന പരമ്പരയിലെ ഓരോ സംഭാഷണങ്ങൾക്കും പ്രത്യേകതയുണ്ടെന്ന് ശ്രദ്ധിച്ചാൽ അറിയാം. അതിന് സീരിയലിന്റെ സെറ്റുമായും ബന്ധമുണ്ട്. ഓൺ ദ സ്‌പോട്ട് ഡബ്ബിംഗ് ചെയ്യുന്ന ഒരു പരമ്പരയിലാണ് നിഷ തകർത്തഭിനയിക്കുന്നത്.
''സീരിയലിൽ ഓൺ ദ സ്‌പോട്ട് ഡബ്ബിംഗാണുള്ളത്. എനിക്ക് അത് നല്ലതാണെന്നാണ് തോന്നിയിട്ടുള്ളത്. അഭിനയകല ജീവിതത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഷൂട്ടിംഗും ഡബ്ബിംഗും രണ്ടായി ചെയ്യുമ്പോഴുണ്ടാകുന്ന ആ ചെറിയ കൃത്രിമത്വം പോലും ഇവിടെ ഉണ്ടാവുന്നില്ല എന്നതാണ് പ്രത്യേകത. പൂർണമായും പച്ചയായ ജീവിതം അതേപോലെ ഒപ്പിയെടുത്താണ് പ്രേക്ഷകർക്ക് മുമ്പിൽ അവതരിപ്പിക്കുന്നത്. ചില അവസരങ്ങളിലെങ്കിലും തിരക്കഥയ്‌ക്കൊപ്പം നമ്മുടേതായ ചില ഡയലോഗുകളും മറ്റും ഉപയോഗിക്കാനുള്ള സാഹചര്യങ്ങളുമുണ്ടാവും. ഒരു അഭിനേത്രി എന്ന നിലയിൽ അതൊരു നല്ല കാര്യമല്ലേ?' എന്തിലും ഏതിലും ഒരു പോസിറ്റീവ് എനർജി കാത്തുസൂക്ഷിക്കുന്നുണ്ട് നിഷ. ഈ കലാകാരിയുടെ വ്യക്തിത്വം ഏറെ ശോഭിക്കപ്പെടുന്നതും ആ പോസിറ്റീവ് എനർജിയിൽ നിന്നാണ്
''പോസിറ്റീവ് എനർജി എന്നുപറഞ്ഞാൽ ജീവിക്കാനുള്ള തത്രപ്പാടിൽ എപ്പോഴും തിന്മയിൽ നിന്നും ചീത്തവശങ്ങളിൽ നിന്നു മനഃപൂർവം മാറി നിൽക്കാൻ ശ്രമിക്കും. ജീവിതത്തിന്റെ തത്രപ്പാടിൽ എന്നല്ല, മറിച്ച് ഞാൻ വളർന്നുവന്ന സാഹചര്യങ്ങളും എന്റെ മാതാപിതാക്കളുമെല്ലാം എപ്പോഴും എന്നെ പഠിപ്പിച്ചത് നന്മയുടെ വഴിയേ സഞ്ചരിക്കണമെന്നുതന്നെയാണ്. ഇതൊക്കെ തന്നെയാവാം ആ പോസിറ്റീവ് എനർജിയുടെ കാരണം. അത് സ്വയം ഉണ്ടാവുന്നതാണ്. ഞാൻ പോസിറ്റീവായി എപ്പോഴും ചിന്തിക്കണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീയാണ്. ഏതു കാര്യത്തിന്റെയും നെഗറ്റീവ് വശം മാത്രം നോക്കിക്കൊണ്ടിരുന്നാൽ മുന്നോട്ടുള്ള യാത്ര വിഷമകരമായി മാറിയേക്കും.'
സൗഹൃദങ്ങൾ എത്രത്തോളം നിഷയെ പിന്തുണയ്ക്കുന്നു?
''ഒരുപാട് വലിയ സൗഹൃദങ്ങളൊന്നും കാത്തുസൂക്ഷിക്കുന്ന ആളല്ല ഞാൻ. അതിന്റെ പ്രധാനകാരണം ഒരുപക്ഷേ ഞാൻ എപ്പോഴം തിരക്കാണെന്നത് തന്നെയാണ്. തിരക്ക് എന്നു പറയുമ്പോൾ തെറ്റിദ്ധരിക്കരുത്. എനിക്കെപ്പോഴുംഎന്റെ മുമ്പിൽ ചില കർത്തവ്യങ്ങൾ ബാക്കിയുണ്ടായിരുന്നു. അതിന്റെ മുമ്പിൽ മറ്റൊന്നിനും സമയം കണ്ടെത്താൻ സാധിച്ചിരുന്നില്ല എന്നതാണ് സത്യം. ഫീൽഡിൽ എല്ലാവരുമായും സൗഹൃദമാണ്. പക്ഷേ അതൊന്നും എന്നും ഫോൺ വിളിക്കുകയോ എപ്പോഴും നേരിട്ട് കാണുകയോ ചെയ്യുന്ന തരത്തിലുള്ള ഒന്നല്ല. നേരിട്ട് കാണുമ്പോഴും ഫോണിൽ സംസാരിക്കുമ്പോഴുമെല്ലാം എല്ലാവരുമായും സൗഹൃദം പുതുക്കും. പിന്നെ സൗഹൃദം എന്നുപറയുന്നത് പലപ്പോഴും മാനസികമായി ഉണ്ടാവേണ്ടത് കൂടിയാണല്ലോ. കുട്ടിക്കാലത്തുള്ള സൗഹൃദങ്ങളിൽ പലതും നിലനിറുത്താൻ സാധിച്ചിട്ടില്ല. ചിലരുമായി മാത്രം ഇപ്പോഴും അതേ സൗഹൃദം കാത്തുസൂക്ഷിക്കാൻ സാധിക്കുന്നുമുണ്ട്. പഠിക്കുമ്പോഴോ അതിനുശേഷമോ വിനോദയാത്രയ്‌ക്കോ കൂട്ടമായി സിനിമയ്ക്കു പോകുന്നതോ ഒന്നും അധികം ആസ്വദിച്ചിട്ടില്ല. ജീവിതത്തിൽ ആദ്യമായി ഒരു ടൂറിനുപോകുന്നത് ഇപ്പോൾ ചെയ്യുന്ന സീരിയലിൽ ഞങ്ങളുടെ കുടുംബം നടത്തുന്ന വിനോദയാത്രയുടെ ഷൂട്ടിംഗിന് വേണ്ടിയായിരുന്നു.''
ഓരോ മറുപടിക്കുശേഷവും നിഷയുടെ മുഖത്ത് തെളിഞ്ഞത് ഇനിയും തനിക്ക് മുമ്പിൽ ബാക്കിയുള്ള ഉത്തരവാദിത്തങ്ങൾ ചെയ്തുതീർക്കാൻ വെമ്പുന്ന ഒരമ്മയുടെ ഭാവമായിരുന്നു. മക്കളുമായുള്ള നിഷയുടെ യാത്രയിൽ നടന്നുകയറിയ ഓരോ ചുവടുവയ്പ്പിലും വിജയിച്ചുനിന്നത് നിഷ എന്ന സ്ത്രീയുടെ അടിയുറച്ച അർപ്പണബോധമായിരുന്നു. ഒരുകലാകാരി എന്ന നിലയിലുള്ള ആ അർപ്പണബോധത്തിനുള്ള അംഗീകാരം ഏറ്റുവാങ്ങാനായിരുന്നു ജൂലായ് ആദ്യവാരം നിഷ അമേരിക്കയിലേക്ക് യാത്ര തിരിച്ചത്.
'' നാസ അവാർഡ് ഷോയിൽ മികച്ചഹാസ്യനടിക്കുള്ള അവാർഡ് എനിക്കായിരുന്നു. അത് എന്നെ സംബന്ധിച്ചിടത്തോളം വലിയ ഒരു അംഗീകാരം തന്നെയായിരുന്നു. സിനിമ, ടെലിവിഷൻ രംഗത്തുനിന്നുള്ള ഒരുപാടുപേർ ഉണ്ടായിരുന്നു ഷോയ്ക്ക്. ആ പ്രോഗ്രാമിൽ വ്യത്യസ്തമായ ഒരു വൺമാൻഷോയും അവതരിപ്പിച്ചാണ് തിരിച്ചുപോന്നത്.''
സീരിയലിന്റെ തിരക്കുകൾക്കിടയിലും സിനിമയിലും ഒത്തിരി നല്ല വേഷങ്ങൾ ചെയ്യുന്നുണ്ട് നിഷ.
സിനിമകൾ ചെയ്യുന്നുണ്ട്. 'ലഡു' ആണ് ഏറ്റവും പുതിയ ചിത്രം. കോമഡിയിൽനിന്ന് മാറി വളരെ സ്ട്രിക്ട് ആയ ഒരു അമ്മയുടെ വേഷമാണ് ആ സിനിമയിൽ ചെയ്തത്. കോമഡിയാണ് ഇപ്പോൾ. എനിക്ക് ബ്രേക്ക് തന്നിരിക്കുന്നതെങ്കിലും മറ്റു കഥാപാത്രങ്ങളും ചെയ്യാൻ വളരെ താത്പര്യമുണ്ട്. കലാകാരി എന്നുപറയുന്നത് എപ്പോഴും പ്രേക്ഷകരുടെതാത്പര്യങ്ങൾക്കൊപ്പം കൂടിനിൽക്കാൻ തയ്യാറാവേണ്ടതാണ്. ലഡുവിനൊപ്പം വേറെയും സിനിമകളിൽ ഈയിടെ അഭിനയിച്ചിരുന്നു. ഇപ്പോൾ സിനിമയിൽ ഓഫറുകൾ വരുന്നുണ്ട്. നീലു എന്ന എന്റെ ടെലിവിഷൻ കഥാപാത്രത്തിന് ഒരുമാസത്തിലെ പതിനഞ്ചുദിവസം ഞാൻ മാറ്റിവച്ചിരിക്കുകയാണ്. ബാക്കിയുള്ള ദിവസങ്ങളിൽ സിനിമയും മറ്റു ഷോകളുമാണ് ചെയ്യുന്നത്.''
നടി എന്ന നിലയിൽ തനിക്ക് ഇനിയും പഠിക്കാൻ ഒരുപാടുണ്ട് എന്നാണ് നിഷയുടെ സ്വയം വിലയിരുത്തൽ.
''ഞാൻ ചെയ്യുന്നത് നന്നാവുന്നുണ്ട് എന്ന് പ്രേക്ഷകർ പറയുമ്പോഴും എനിക്ക് പേടിയുണ്ടാവാറുണ്ട്. പ്രേക്ഷകരുടെ പ്രതീക്ഷയും ഇഷ്ടവും എന്റെ കഥാപാത്രത്തിനൊപ്പമുണ്ടാവുമ്പോൾ എന്റെ ഉത്തരവാദിത്തം കൂടുതൽ വർദ്ധിക്കുകയാണ് ചെയ്യുന്നത്. ഓരോ ഷൂട്ടിംഗ് ഷെഡ്യൂളിലും ഒരേ ടെൻഷനാണ് എനിക്കുള്ളത്. ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലെത്തിയാലും എന്റെ ചിന്ത കുറച്ചുകൂടി ആ സീനുകൾ നന്നാക്കാമായിരുന്നല്ലോ എന്നത് തന്നെയാണ്. കഴിഞ്ഞ സീനുകൾ എന്റെ മനസിലൂടെ വീണ്ടും കടന്നുപോകും. എവിടെയൊക്കെ എങ്ങനെയൊക്കെ മെച്ചപ്പെടുത്താമായിരുന്നു എന്ന് ചിന്തിക്കും. പിന്നെപിന്നെ ഞാൻ സ്വയം മോട്ടിവേറ്റ് ചെയ്തുതുടങ്ങി. ഇനിയുള്ള സീനുകളെ ക്കുറിച്ച് സ്വയം ചിന്തിച്ച് പ്ലാൻ ചെയ്യാൻ ശ്രമിക്കും.''
സ്വന്തമായ അഭിപ്രായങ്ങൾ തുറന്നുപറയുന്ന നിഷയ്ക്ക് മറ്റുള്ളവരുടെ അഭിപ്രായങ്ങളെ മാനിക്കാൻ ഒട്ടുംതന്നെ മടിയില്ല.
''നമ്മുടെ അഭിപ്രായങ്ങൾ പോലെ തന്നെ പ്രധാനപ്പെട്ടതാണ് മറ്റുള്ളവരുടെതും. ചിലപ്പോൾ ഞാൻ ചിന്തിക്കുന്നതിനപ്പുറം ഒരു നല്ല വശം ഉണ്ടായേക്കും ആ വശത്തുനിന്നുള്ള അഭിപ്രായത്തെ ബഹുമാനിക്കുകതന്നെ ചെയ്യണം. പക്ഷേ ഇന്നത്തെ കാലത്ത് പലരും നമ്മളോട് പറയുന്ന വസ്തുകളെയും അഭിപ്രായങ്ങളെയുംപൂർണമായും ശരിവയ്ക്കുന്നത് നല്ലതല്ല എന്നാണ് അനുഭവങ്ങൾ പറയുന്നത്. പലരും പറയുന്ന അഭിപ്രായങ്ങൾ കേൾക്കുമ്പോൾ നമുക്കുതോന്നും അത് നമ്മുടെ നല്ലതിന് വേണ്ടിയായിരിക്കും എന്ന് പക്ഷേ അതിനുമപ്പുറം അവരെ സ്വയം സംരക്ഷിക്കാൻ കൂടിയായിരിക്കും അത്തരം അഭിപ്രായങ്ങൾ അതുകൊണ്ട് എപ്പോഴും നമ്മുടേതായ ശക്തമായ ഒരു അഭിപ്രായം ഉള്ളിൽ കരുതുന്നത് നന്നായിരിക്കും. അഭിപ്രായങ്ങൾ കാത്തുസൂക്ഷിക്കുന്നതിൽ മാത്രമല്ല, സത്യത്തെ മുറുകെ പിടിക്കുന്നതിലും ശ്രദ്ധാലുവാണ്.''
ഒരു കലാകാരിക്കു വേണ്ട ഏറ്റവും വലിയ ഗുണം എന്താണ് ചോദ്യത്തിന് നിഷയുടെ ഉത്തരവും വളരെ പെട്ടെന്നായിരുന്നു. ''എന്റെ അഭിപ്രായത്തിൽ ഏതൊരു കലാകാരിക്കും ഉണ്ടാവേണ്ട അടിസ്ഥാനഗുണം എന്നു പറയുന്നത് താരജാഡ ഒട്ടും തന്നെ ഇല്ലാതെ പ്രേക്ഷകർക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് ജീവിക്കുക എന്നതാണ്. ഒരു കലാകാരിക്ക് മുന്നോട്ടുള്ള യാത്രയിൽ എപ്പോഴും ഊർജമേകുന്നത് പ്രേക്ഷകരുടെ പിന്തുണ തന്നെയാണ്. താരജാഡ ഇല്ലാതെ ജീവിക്കുക എന്നു പറയുന്നതാണ് വലിയ കാര്യമെന്ന് പറയുമ്പോഴും നിഷ ഒന്നു കൂടെ പറയുന്നു, ''ഇത് എന്റെ മാത്രം അഭിപ്രായമാണ്, മറ്റുള്ളവരുടെ ഉത്തരം എന്തായിരിക്കുമെന്ന് അറിയില്ല. പ്രേക്ഷകർ ഒന്നു വിചാരിച്ചാൽ ഏതു വലിപ്പത്തിലുള്ള താരമൂല്യവും വളരെ പെട്ടെന്ന് തന്നെ ഇല്ലാതാകും. ഷൂട്ടിംഗ് പൂർത്തിയായി തിരിച്ചുപോരുമ്പോൾ മുതൽ ഞാൻ എന്റെ കഥാപാത്രത്തിൽ നിന്നും മാറി നിഷ എന്ന സാധാരണക്കാരിയായ സ്ത്രീയായി മാറുകയാണ്. എന്റെ ആഗ്രഹം പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട കലാകാരിയായി സാധാരണക്കാരിയായ നിഷ എന്ന സ്ത്രീയായി ജീവിക്കാനാണ്. അതിന് ഈശ്വരനോടുള്ള പ്രാർത്ഥന മാത്രമാണ് കൂടെയുള്ളത്.''
നിഷയുടെ ജീവിതത്തിൽ കൂടെയുള്ള കുടുംബത്തിനായാണ് പ്രതിസന്ധികളെ പൊരുതി ജയിച്ചുള്ള ഈ യാത്ര. രണ്ടു പെൺമക്കളാണ് നിഷയുടെ സർവസ്വവും. മൂത്തമകൾ രേവതി വിവാഹിതയാണ്. ഭർത്താവ് റോണിക്കൊപ്പമാണ് രേവതി. ഇളയമകൾ രേവിതയാണ് നിഷയ്‌ക്കൊപ്പം.