പക്ഷാഘാതത്തെക്കുറിച്ചുള്ള അവബോധം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ സ്ട്രോക്ക് അസോസിയേഷൻ (ഐ.എസ്.എ) ദേശീയ തലത്തിൽ വീഡിയോ മത്സരം സംഘടിപ്പിക്കുന്നു.
രാജ്യത്തെ എണ്ണൂറിലധികം വരുന്ന പക്ഷാഘാത വിദഗ്ധരുടെ കൂട്ടായ്മയായ ഐ.എസ്.എ ഒക്ടോബർ 29ലെ ലോക പക്ഷാഘാത ദിനത്തിനു മുന്നോടിയായി കോളേജ് വിദ്യാർത്ഥികൾക്കായാണ് മത്സരം സംഘടിപ്പിക്കുന്നത്. 'പക്ഷാഘാതം ലക്ഷണങ്ങളും മുൻനിർണയവും' , 'ജീവിതശൈലീ ഘടകങ്ങളും പക്ഷാഘാതവും', 'പക്ഷാഘാതത്തിനു ശേഷമുളള ജീവിതം', 'പക്ഷാഘാതവും നിലനിൽപും' , 'പക്ഷാഘാതം തടയൽ', 'എഫ്.എ.എസ്.ടി' (ഫെയ്സ്,ആം,സ്പീച്ച്,ടൈം) എന്നീ ആറു വിഷയങ്ങളിൽ ഏതെങ്കിലും ഒന്ന് വീഡിയോയ്ക്ക് പ്രമേയമാക്കാം. ഇംഗ്ലിഷിലോ ഹിന്ദിയിലോ അയിരിക്കണം എൻട്രികൾ. 30 സെക്കൻഡു മുതൽ ഒരു മിനിറ്റ് വരെ ദൈർഘ്യമാകാം. ബിരുദ, ബിരുദാനന്തര ബിരുദ തലത്തിലുള്ള വിദ്യാർത്ഥികൾക്ക് ഗ്രൂപ്പുകളായോ വ്യക്തിഗതമായോ മത്സരത്തിൽ പങ്കെടുക്കാം.
മത്സരത്തെക്കുറിച്ചുള്ള നിയമങ്ങളും മാർഗ നിർദേശങ്ങളും ഐ.എസ്.എ വെബ്സൈറ്റിൽ http://www.stroke-india.org/short-vid eo-rules.php ലഭിക്കും. എൻട്രികൾ സമർപ്പിക്കേണ്ട അവസാന തിയതി ഒക്ടോബർ 5 വെള്ളിയാഴ്ച. ആദ്യം ലഭിക്കുന്ന 100 എൻട്രികൾ മാത്രമേ പരിഗണിക്കുകയുള്ളൂ. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് യഥാക്രമം 5000 രൂപ, 3000 രൂപ, 1500 എന്നിങ്ങനെ സമ്മാനങ്ങൾ ലഭിക്കും. സർട്ടിഫിക്കറ്റും വിതരണം ചെയ്യും. മെഡിക്കൽ വിഗ്ദധർ അടങ്ങുന്ന സമിതിയാണ് ജേതാക്കളെ തിരഞ്ഞെടുക്കുക. ഇതു കൂടാതെ ഏറ്റവും കൂടുതൽ ഫെയ്സ്ബുക്ക് ലൈക്ക് ലഭിക്കുന്ന എൻട്രിക്ക് 2500 രൂപയുടെ പ്രത്യേക സമ്മാനവും നൽകും. ചുരുക്ക പട്ടികയിലുള്ള എൻട്രികൾ ഐഎസ്എയുടെ ഔദ്യോഗിക ഫേസ്ബുക്കിൽ ഒക്ടോബർ 24 ന് പ്രദർശിപ്പിക്കും.
ആഗോള പക്ഷാഘാത സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി വേൾഡ് സ്ട്രോക്ക് അസോസിയേഷന്റെയും (ഡബ്ല്യു.എസ്.ഒ) യൂറോപ്യൻ സ്ട്രോക്ക് ഓർഗനൈസേഷന്റെയും (ഇ.എസ്.ഒ) ഏഷ്യ പെസഫിക് സ്ട്രോക്ക് അസോസിയേഷന്റെയും (എപിഎസ്ഒ) സഹകരണത്തോടെ ഐഎസ്എ പ്രവർത്തിക്കുന്നത്. 'പക്ഷാഘാതത്തിനു ശേഷമുള്ള ജീവിതത്തിന് ഒരു പിൻതാങ്ങ് ' എന്നതാണ് ഇക്കൊല്ലത്തെ ലോക പക്ഷാഘാതദിന പ്രമേയം. ഡോ.പി.എൻ.ഷൈലജ പ്രസിഡന്റ് ഡോ.പ്രദീപ്കുമാർ , സെക്രട്ടറി ഇന്ത്യൻ സ്ട്രോക്ക് അസോസിയേഷൻ