പ്രളയശേഷമുള്ള പുനരുദ്ധാരണത്തിനായി സർക്കാർ നേരിട്ടു ശമ്പളം നൽകുന്ന എല്ലാവരും ഒരു മാസത്തെ മൊത്തം ശമ്പളം സംഭാവന നൽകണമെന്ന നിർദേശത്തിൽ പക്ഷപാതിത്വം ഏറെയുണ്ട്. ഓരോ ജീവനക്കാരനുമുള്ള ആകെ ശമ്പളത്തിൽ നിന്ന് പിഎഫ്., ഇൻഷുറൻസ്, വായ്പ തിരിച്ചടവുകൾ എല്ലാം കിഴിച്ച ശേഷമുള്ള തുക മാത്രമാണ് കൈയിൽ കിട്ടുന്നത്. ഈ പണം കൊണ്ട് ഒരു മാസം കുടുംബം പുലർത്താൻ കഷ്ടപ്പെടുന്ന പതിനായിരങ്ങളുണ്ട്; പ്രത്യേകിച്ചും താഴ്ന്ന ശമ്പളക്കാരും തുടക്കക്കാരും. ഒരു മാസത്തെ ശമ്പളം പിടിക്കണമെന്ന നിർദേശം അവരോടുള്ള ദ്റോഹമാണ്.
ഉയർന്ന വരുമാനമുള്ളവർ കൂടുതൽ തുക നൽകുന്നതല്ലേ പ്രായോഗികം? മാസം 50,000 രൂപയിൽ കൂടുതൽ ആകെ ശമ്പളമുള്ളവർ അധികമുള്ള തുക പൂർണമായും നൽകട്ടെ. ഇത് അടുത്ത ഒരു വർഷത്തേക്ക് ഈടാക്കിയാൽ പ്രതിസന്ധി ഏറക്കുറെ പരിഹരിക്കാം. 50000 രൂപയിൽ താഴെയുള്ളവർ യോഗ്യമായ രീതിയിൽ 10000 അല്ലെങ്കിൽ 20000 ഗഡുക്കളായി നൽകട്ടെ. സർക്കാരിന്റേതല്ലാത്ത ശമ്പളം വാങ്ങുന്നവരും വിഹിതം നൽകേണ്ടതല്ലേ? വിദേശത്തു നിന്നുള്ള പണത്തിൽ നിന്നും ഒരു മാസത്തെ തുക എടുക്കേണ്ടതല്ലേ ?
ജോഷി ബി. ജോൺ മണപ്പള്ളി, കൊല്ലം