ന്യൂഡൽഹി: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന വിധിക്കെതിരെ നൽകുന്ന പുനപരിശോധനാ ഹർജികൾ സുപ്രീം കോടതി പരിഗണിക്കുന്നത് വൈകുമെന്ന് റിപ്പോർട്ട്. പൂജ അവധിക്ക് ശേഷമേ ശബരിമല വിഷയത്തിലെ പുനപരിശോധന ഹർജികൾ കോടതി പരിഗണിക്കുകയുള്ളൂ. ഒക്‌ടോബർ 12ന് പൂജ അവധിക്കായി സുപ്രീം കോടതി പിരിഞ്ഞാൽ പിന്നീട് 22ന് ശേഷമേ തുറക്കുകയുള്ളൂ.
അതേസമയം, ശബരിമല വിഷയത്തിൽ പുനപരിശോധന നൽകുന്ന വിഷയത്തിൽ ദേവസ്വം ബോർഡിന്റെ തീരുമാനം ഉടനുണ്ടാകുമെന്നാണ് വിവരം. കേസിൽ പുനപരിശോധന ഹർജി നൽകുമെന്ന് ആദ്യം പറഞ്ഞ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്‌മകുമാർ പിന്നീട് നിലപാട് മാറ്റുകയും സർക്കാർ നിലപാടിനൊപ്പം ബോർഡ് നിൽക്കുമെന്ന് അറിയിക്കുകയും ചെയ്‌തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷമായിരുന്നു പ്രസിഡന്റിന്റെ നിലപാട് മാറ്റം. എന്നാൽ പുനപരിശോധന ഹർജി നൽകണമെന്ന നിർദ്ദേശം ബോർഡ് തള്ളിയിട്ടില്ലെന്നാണ് അറിയുന്നത്. എന്നാൽ ശബരിമല വിധിക്കെതിരെ പ്രതിഷേധം ഉന്നയിക്കുന്ന രാഷ്ട്രീയ പാർട്ടികളൊന്നും തന്നെ കേസിൽ പുനപരിശോധന ഹർജി നൽകില്ലെന്നാണ് വിവരം. എന്നാൽ ചില ഹിന്ദു സംഘടനകൾ പുനപരിശോധനയുമായി കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.