ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങളും ദർശനങ്ങളും പത്രത്തിലൂടെ പ്രചരിപ്പിച്ച കേരളകൗമുദി പത്രാധിപർ കെ. സുകുമാരന്റെ പ്രസിദ്ധമായ കുളത്തൂർ പ്രസംഗം കേരള ചരിത്രത്തിലെ അവിസ്മരണീയമായൊരു മുഹൂർത്തമാണ്. മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാടിനെ വേദിയിലിരുത്തിക്കൊണ്ട് പിന്നാക്ക സംവരണത്തിനെതിരെയുള്ള ഗൂഢതന്ത്രങ്ങളും നീക്കങ്ങളും ധീരമായി തുറന്നു കാട്ടിയ പത്രാധിപരുടെ ശൈലി വാക്കിന്റെ തീപ്പന്തമെന്ന് വാഴ്ത്തപ്പെടുന്നു.
കുളത്തൂർ പ്രസംഗ വജ്രജൂബിലി
കുളത്തൂർ പ്രസംഗത്തിന്റെ വജ്രജൂബിലി ആഘോഷിക്കുന്ന പശ്ചാത്തലത്തിൽ കുളത്തൂർ പ്രസംഗത്തിന്റെ പ്രസക്തമായ ചില ഭാഗങ്ങൾ.
നാരായണഗുരു കമ്മ്യൂണിസ്റ്റ്
നാരായണ ഗുരുകർമ്മണാ ഒരു കമ്മ്യൂണിസ്റ്റായിരുന്നു. ഒരുപക്ഷേ ജന്മനാലും അദ്ദേഹം ഒരു കമ്മ്യൂണിസ്റ്റായിരുന്നിരിക്കണം. അല്ലെങ്കിലുണ്ടോ അദ്ദേഹത്തിന്റെ ശിഷ്യ സന്തതികളിൽ ഭൂരിഭാഗവും കമ്മ്യൂണിസ്റ്റുകളായി മാറുന്നു. ലോകത്ത് ജീവിച്ചിരുന്നിട്ടുള്ള മനുഷ്യസ്നേഹികൾ എല്ലാവരും കമ്മ്യൂണിസ്റ്റുകളായിരുന്നു. ശ്രീബുദ്ധൻ, ശ്രീയേശു, മുഹമ്മദ് നബി, മഹാത്മാഗാന്ധി തുടങ്ങിയവരെല്ലാം അതു പ്രചരിപ്പിക്കുകയും ചെയ്തവരായിരുന്നു.
ഇ.എം.എസിന്റെ ഒളിപ്പോര്
1940 നമ്മുടെ മുഖ്യമന്ത്രി (ഇ.എം.എസ് അന്ന് മുഖ്യമന്ത്രിയല്ല) ഒളിവിൽ പോയി നാലുവഴിക്കും അന്വേഷണം നടത്തിയശേഷം അദ്ദേഹത്തിന്റെ പൊടിപോലും കാണാനില്ലെന്ന് കണ്ട് ഇ.എം.എസിനെ ബന്ധിക്കുവാൻ വിവരം നൽകുന്നവർക്ക് 1000 രൂപ പാരിതോഷികം നൽകുമെന്ന് ബ്രിട്ടീഷ് സിംഹാസനം വിളംബരം ചെയ്തു. കണ്ണൂരിന് സമീപമുള്ള കുന്നുകളും കല്ലുകളും നിറഞ്ഞ ചെറുമാവിലായി എന്ന മനോഹരമായ ഗ്രാമപ്രദേശമാണ് സഖാവ് ഇ.എം.എസിന് ഒളിപ്പോരിന് പറ്റിയ നികുംഭിലയായി സഖാവ് പി. കൃഷ്ണപിള്ള തിരഞ്ഞെടുത്തത്. അവിടെ മദ്ധ്യപ്രായം കഴിഞ്ഞിരുന്ന പോക്കൻ എന്നൊരു ചെത്തുകാരനും അദ്ദേഹത്തിന്റെ ഭാര്യയും താമസിച്ചിരുന്നു. ഓടുമേഞ്ഞതെങ്കിലും മൂന്നുമുറികൾ മാത്രമുള്ള ഒരു ചെറിയ ഭവനമുണ്ടായിരുന്നു.അതിൽ 7 അടി നീളം 5 അടിവീതി, 6 അടി പൊക്കമുള്ള ഒരു മുറിയിലാണ് എല്ലാമനുഷ്യാവകാശങ്ങളും നിർവഹിച്ചുകൊണ്ട് നമ്മുടെ മുഖ്യമന്ത്രി രണ്ട് കൊല്ലം താമസിച്ച് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിസ്ഥാന ശില പാകിയത്. ചെത്തുകാരന്റെ വംശപരമ്പരയിൽപെട്ട പോക്കനും പോക്കിയും കാത്തുസൂക്ഷിച്ചതുകൊണ്ടായിരിക്കാം ബ്രിട്ടീഷ് സിംഹാസനം വാഗ്ദാനം ചെയ്ത ആ ആയിരം രൂപ പാരിതോഷികം ഇന്നും ചെലവാകാതെ സർക്കാർ ഖജനാവിൽ തന്നെ കിടക്കുന്നത്. അങ്ങനെയുള്ള ഇ.എം.എസ് മണ്ടയിലിരിക്കുന്ന കമ്മിറ്റി അതിൽ ഈഴവനില്ലാത്ത തക്കം നോക്കി നീതികേട് കാണിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചതുമില്ല.
മഹാത്മാഗാന്ധിയുടെ വാക്കുകൾ
ശിവഗിരിയിൽ വച്ച് ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ച ശേഷം തിരുവനന്തപുരത്ത് കൂടിയ യോഗത്തിൽ ഗാന്ധിജി ഇങ്ങനെ പറഞ്ഞു: മനോഹരമായ തിരുവിതാംകൂർ രാജ്യം സന്ദർശിക്കാനിടയായതും പുണ്യാത്മാവായ ശ്രീനാരായണ ഗുരുസ്വാമി തൃപ്പാദങ്ങളെ സന്ദർശിക്കാനിടയായതും എന്റെ ജീവിതത്തിന്റെ പരമഭാഗ്യമായി ഞാൻവിചാരിക്കുന്നു. ഗുരുസ്വാമിയുടെ മാഹാത്മ്യത്തെക്കുറിച്ച് മഹാറാണി തിരുമനസും എന്നോട് സംസാരിക്കുകയുണ്ടായി.
ടാഗോറിന്റെ വാക്കുകൾ
1922 നവംബർ 22 നാണ് ടാഗോർ ശിവഗിരിയിലെത്തി ഗുരുദേവനെ സന്ദർശിച്ചത്. നാനാദിക്കുകളിൽ നിന്നും ജനപ്രവാഹം അന്നേദിവസം ശിവഗിരിയിലേക്ക് ഒഴുകുവാൻ തുടങ്ങി. ടാഗോർ ഗുരുദേവനെ നമസ്കരിച്ചതുകൊണ്ട് മാത്രം തൃപ്തിയാകാതെ കൈപ്പത്തികൾക്കുള്ളിൽ കുനിഞ്ഞു ചുംബിക്കുകയും ചെയ്തു.
ടാഗോർ ഇപ്രകാരം പറഞ്ഞു: ഭാരതഭൂമിയിൽ ജീവിച്ചിരിക്കുന്ന പരമഹംസന്മാരിൽ സ്വാമി തൃപ്പാദങ്ങളെപ്പോലെ പാവനചരിതനായ ഒരു മഹാത്മാവിനെ ഞാൻ കണ്ടിട്ടില്ല. അനന്തതയിലേക്ക് നീളുന്ന അദ്ദേഹത്തിന്റെ യോഗനയനങ്ങളും ഈശ്വരചൈതന്യം തുളുമ്പുന്ന മുഖതേജസും മറ്റ് വൈശിഷ്ട്യങ്ങളും അവിസ്മരണീയമാണ്.
പത്രാധിപരുടെ സവിശേഷത
പത്രാധിപർ എന്ന് പറഞ്ഞാൽ അന്നുംഇന്നും ആദ്യം തെളിയുന്നത് പത്രാധിപർ കെ. സുകുമാരന്റെ നാമമാണ്. താൻ ഉയർത്തിപ്പിടിക്കുന്ന വിശ്വാസപ്രമാണങ്ങൾക്ക് വേണ്ടി അദ്ദേഹം തൂലിക ചലിപ്പിച്ചു. അതേസമയം അതിനെതിരായ അഭിപ്രായങ്ങൾക്കും സ്ഥാനം നൽകി. മലയാള പത്രപ്രവർത്തനരംഗത്ത് ഇത് പുതിയൊരു അനുഭവമായിരുന്നു. കേരളകൗമുദിയിൽ വരുന്ന വാർത്തകൾ സത്യസന്ധമായിരിക്കണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഈ വിശ്വാസ്യത കേരളകൗമുദിയുടെ സവിശേഷതയായി.
പത്രാധിപരുടെ പ്രസംഗങ്ങൾ
പന്ത്രണ്ടാമത്തെ വയസിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ 12-ാം വാർഷിക സമ്മേളനത്തിലായിരുന്നു കെ. സുകുമാരന്റെ കന്നിപ്രസംഗം. മഹത്തായ എസ്.എൻ.ഡി.പിയോഗം പിറവിയെടുത്ത അതേ പുണ്യനാളിലാണ് ഭൂജാതനായത്. സമുദായത്തോടൊപ്പം വളർന്ന് സമുദായത്തിന്റെ ആശയും ആവേശവുമായി മാറി.
കുളത്തൂർ പ്രസംഗ പശ്ചാത്തലം
ചരിത്രപ്രസിദ്ധമായ കുളത്തൂർ പ്രസംഗത്തിലെ അലകൾ ഇന്നും മാറ്റൊലികൊള്ളുന്നു. പിന്നാക്ക സമുദായങ്ങളുടെ അവകാശങ്ങളിൽ കത്തിവയ്ക്കുന്നതിന് പര്യാപ്തമായ അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് കമ്മിറ്റിയുടെ റിപ്പോർട്ട് അതിന്റെ സൂത്രധാരനായ ഇ.എം.എസിന്റെ സാന്നിദ്ധ്യത്തിൽ പത്രാധിപർ പിച്ചിച്ചീന്തിയെറിഞ്ഞു. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിൽ ഒരു കൊടുങ്കാറ്റായി മാറി ഈ പ്രസംഗം.