കേരളത്തിലെ നവോത്ഥാന പ്രക്ഷോഭങ്ങളെക്കുറിച്ച് മനസിലാക്കിയല്ലോ. കേരളത്തിൽ നിലനിന്നിരുന്ന ദുരാചാരങ്ങളെയും ജാതി വ്യത്യാസങ്ങളെയും ഇല്ലാതാക്കി ഒരു നവകേരളത്തിന് രൂപം കൊടുക്കാൻ നമ്മുടെ നവോത്ഥാന നായകർക്ക് കഴിഞ്ഞു. സംഘടനകൾ സ്ഥാപിച്ചും പ്രക്ഷോഭങ്ങൾ നടത്തിയും ജനങ്ങളെ വിദ്യാഭ്യാസത്തിന്റെ വെളിച്ചത്തിലൂടെ നടത്തിയും അവർ കേരളത്തിന് കൃത്യമായ ദിശാബോധം നൽകാൻ അഹോരാത്രം പരിശ്രമിച്ചു. കേരളം 'പ്രബുദ്ധകേരള"മാകുന്നതിന് ഇവർ വഹിച്ച പങ്ക് നിസ്തുലമാണ്.
ചാവറ കുര്യാക്കോസ് ഏലിയാസ് (അച്ചൻ - 1805 - 1871)
'സാക്ഷരതയുടെ പിതാവ്" എന്നറിയപ്പെടുന്ന ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ സന്യാസ ജീവിതത്തിൽ നിന്നുകൊണ്ട് സാമൂഹ്യ പ്രവർത്തനത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും മാതൃകയായി.1805 ഫെബ്രുവരി 10 ന് ആലപ്പുഴയിലെ കൈനകരിയിലായിരുന്നു ജനനം. ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെയും ഏക സഹോദരനെയും നഷ്ടമായി. പാരമ്പര്യ വിദ്യാഭ്യാസത്തിനുശേഷം വൈദികനാവാൻ അദ്ദേഹം തീരുമാനിച്ചു. വൈദിക പഠനത്തിൽ നിന്നും പിന്തിരിയാൻ കുടുംബക്കാർ നിർബന്ധിച്ചെങ്കിലും ചാവറയച്ചൻ അതിന് തയ്യാറായില്ല.
സി.എം.ഐ സഭ
1829ൽ പൗരോഹിത്യം സ്വീകരിച്ചു. 1831 ഇന്ത്യയിലെ ആദ്യത്തെ ക്രൈസ്തവ സന്യാസി സഭയ്ക്ക് മാന്നാനത്ത് ചാവറയച്ചൻ തുടക്കമിട്ടു. ഇതിന് അദ്ദേഹത്തെ സഹായിച്ചത് പാലയ്ക്കൽ തോമാ മൽപാനും പോരുക്കര തോമാ മൽപാനുമായിരുന്നു. ഈ സഭയാണ് പിന്നീട് സി.എം.ഐ എന്ന സഭയായി മാറിയത്. ഭാരതത്തിലെ ക്രിസ്തീയ സഭകൾ തങ്ങളുടെ തനിമ നിലനിറുത്തണമെന്ന് ആഗ്രഹിച്ച അദ്ദേഹം പലയിടത്തും സെമിനാരികൾ സ്ഥാപിച്ചു. പള്ളിക്കൂട വിദ്യാഭ്യാസ സമ്പ്രദായം കൊണ്ടുവന്നത് ചാവറയച്ചനാണ്. ഓരോ പള്ളിയോടൊപ്പം ഒരു പള്ളിക്കൂടവും സ്ഥാപിക്കണമെന്ന് അദ്ദേഹം നിഷ്കർഷിച്ചു. വിദ്യാഭ്യാസത്തിലൂടെ നവോത്ഥാനത്തിന്റെ പാത തുറന്ന അദ്ദേഹം 1846ൽ മാന്നാനത്ത് ഒരു സംസ്കൃത വിദ്യാലയം സ്ഥാപിച്ചു. ഈ വിദ്യാലയത്തിൽ പിന്നാക്കക്കാർക്കും ദളിതർക്കും അദ്ദേഹം സ്ഥാനം നൽകി. സർക്കാർ വിദ്യാലയങ്ങളിൽ പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന അധഃകൃതർക്ക് വേണ്ടി മാന്നാനത്തും ആർപ്പൂക്കരയിലും പ്രാഥമിക വിദ്യാഭ്യാസ ശാലകൾ തുടങ്ങി.
മാന്നാനത്തെ അച്ചടിശാല
കേരളത്തിലെ മൂന്നാമത്തെ അച്ചടി ശാലയും ഒരു മലയാളി സ്ഥാപിച്ച ആദ്യത്തെ അച്ചടിശാലയും ചാവറയച്ചൻ 1844ൽ തുടങ്ങിയ മാന്നാനത്തെ അച്ചടിശാലയാണ്. ജ്ഞാനപീയുഷം എന്ന പുസ്തകമാണ് ഇവിടെ നിന്നും ആദ്യമായി അച്ചടിക്കപ്പെട്ടത്. 1887ൽ ദീപിക പത്രം ഇവിടെ നിന്നാണ് ആദ്യമായി പ്രസിദ്ധീകരിച്ചുതുടങ്ങിയത്.ബഹുഭാഷാ പണ്ഡിതനായിരുന്നു ചാവറയച്ചൻ. മലയാളത്തിന് പുറമേ ഇംഗ്ളീഷ്, തമിഴ്, സംസ്കൃതം, സുറിയാനി, ലത്തീൻ, പോർച്ചുഗീസ്, ഇറ്റാലിയൻ ഭാഷകളിലും പ്രാവീണ്യം നേടി.
വിശുദ്ധ പദവിയിൽ
1871 ന് കൂനമ്മാവിൽ വച്ച് അദ്ദേഹം അന്തരിച്ചു. അദ്ദേഹത്തിന്റെ ഭൗതിക ശരീരം മാന്നാനത്തെ പള്ളിയിലാണ്.
1986ൽ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ട ചാവറയച്ചനെ 2014 നവംബറിൽ കത്തോലിക്കാ സഭ വിശുദ്ധ പദവിയിലേക്കുയർത്തി.
വൈകുണ്ഠ സ്വാമികൾ (1809 - 1851)
കേരളത്തിലെ ആദ്യത്തെ സാമൂഹ്യ സംഘടനയായ സമത്വസമാജം സ്ഥാപിച്ച വൈകുണ്ഠ സ്വാമികളാണ് ദക്ഷിണേന്ത്യയിലാദ്യമായി കണ്ണാടി പ്രതിഷ്ഠകൾ നടത്തിയത്.കന്യാകുമാരി ജില്ലയിലെ നാഗർകോവിലിനടുത്തുള്ള സ്വാമിത്തോപ്പിൽ പൊന്നുനാടാർ, വെയിലാൾ എന്നിവരുടെ മകനായി ജനനം. മൂടിചൂടും പെരുമാൾ എന്ന പേര് ഉന്നത ജാതിക്കാരുടെ എതിർപ്പ് മൂലം മുത്തുക്കുട്ടി എന്നാക്കേണ്ടിവന്നു.
ജാതിവിവേചനത്തിനെതിരെ അദ്ദേഹം ശക്തമായി പോരാടി. പൊതുകിണറുകളിൽ നിന്നും വെള്ളമെടുക്കാൻ താഴ്ന്ന ജാതിക്കാരെ അനുവദിക്കാത്ത ആ കാലഘട്ടത്തിൽ എല്ലാവർക്കും ഒരുപോലെ ഉപയോഗിക്കുവാൻ കഴിയുന്ന കിണറുകൾ കുഴിപ്പിച്ചു. സ്വാമിക്കിണർ, മുതിരിക്കിണർ എന്നിങ്ങനെ അറിയപ്പെട്ടത് സ്വാമിത്തോപ്പിലെ വൈകുണ്ഠം ക്ഷേത്രത്തിനടുത്തെ കിണറുകളാണ്. ബ്രാഹ്മണ പൂജാരിമാർ ഭക്തർക്ക് നൈവേദ്യങ്ങൾ എറിഞ്ഞ് കൊടുക്കുകയായിരുന്നു പതിവ്. ഈ പതിവ് മാറ്റിയത് വൈകുണ്ഠ സ്വാമികളാണ്.
തിരുവിതാംകൂർ രാജാവിന്റെ മരണത്തെ 'നീചന്റെ ഭരണ"മെന്നും ബ്രിട്ടീഷുകാരുടെ ഭരണത്തെ 'പെൺനീചന്റെ" ഭരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്വാതിതിരുനാൾ വൈകുണ്ഠ സ്വാമികളെ തിരുവനന്തപുരത്തെ ശിങ്കാരത്തോപ്പ് ജയിലിലടച്ചു.
ബ്രഹ്മാനന്ദ ശിവയോഗി (1852 - 1929)
മനസാണ് ദൈവമെന്ന് ഉദ്ഘോഷിച്ച ശിവയോഗി മനുഷ്യന്റെ നന്മയിലാണ് യഥാർത്ഥ സന്തോഷമെന്ന് പ്രസ്താവിച്ചു. ഹിന്ദുമതത്തിലെ ജാതിസമ്പ്രദായത്തെ എതിർത്ത അദ്ദേഹം മതപരമായ വേർതിരിവുകൾക്കെതിരായിരുന്ന ശിവയോഗി അനാവശ്യമായ ആചാരങ്ങൾ ഒഴിവാക്കാനും നിർദ്ദേശിച്ചു. പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് രാവുണ്യാരത്ത് കുഞ്ഞികൃഷ്ണമേനോന്റെയും കാരാട്ട് നാണിയമ്മയുടെയും മകനായി കാരാട്ട് ഗോവിന്ദമേനോൻ ജനിച്ചു.
നിരീശ്വരവാദിയായ ഇദ്ദേഹം വിഗ്രഹാരധനയെ എതിർത്തു. 'ആനന്ദമതം" സ്ഥാപിച്ച അദ്ദേഹം ഇതിലൂടെ തന്റെ ആശയങ്ങൾ പ്രചരിപ്പിച്ചു. മതഗ്രന്ഥങ്ങളിലെ ആനന്ദ പ്രദമാക്കുന്ന ഭാഗങ്ങൾ ചേർന്ന് ക്രോഡീകരിച്ചതാണ് ആനന്ദമതം. സ്ത്രീവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ച അദ്ദേഹം മദ്യം, മാംസം എന്നിവ ഉപയോഗിക്കുന്നതിനെതിരായിരുന്നു. 1918ൽ ആനന്ദ മഹാസഭ സ്ഥാപിച്ചു. ഇതിന്റെ ആശയ പ്രചാരണത്തിനായി ആരംഭിച്ചതാണ് സാരഗ്രാഹി എന്ന പ്രസിദ്ധീകരണം. 1907ൽ സിദ്ധാശ്രമം സ്ഥാപിച്ച ഇദ്ദേഹം വിഗ്രഹരാരാധനയെ എതിർത്തിരുന്നു.
ആറാട്ടുപുഴ വേലായുധ പണിക്കർ (1825 - 74)
താഴ്ന്ന ജാതിക്കാർക്കുവേണ്ടി ക്ഷേത്രം നിർമ്മിക്കുകയും അവരുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുകയും ചെയ്ത സാമൂഹ്യ പരിഷ്കർത്താവ്.
വേലായുധ ചേകവർ എന്നാണ് യഥാർത്ഥ പേര്. ആലപ്പുഴയിലെ കാർത്തികപ്പള്ളിയിൽ ജനനം. ജ്യോതിഷം, ആയുർവേദം, കളരിപ്പയറ്റ് എന്നിവയിൽ അഗ്രഗണ്യരായിരുന്ന പൂർവികരുടെ പരമ്പരയിൽപ്പെട്ട വേലായുധ പണിക്കർക്ക് സംസ്കൃതവും കളരിയുടെ ബാലപാഠങ്ങളും മുത്തച്ഛൻ പഠിപ്പിച്ചുകൊടുത്തു.
1852ൽ മംഗലം എന്ന സ്ഥലത്ത് ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠ നടത്തി. 1853ൽ തണ്ണീർമുക്കം എന്ന സ്ഥലത്ത് രണ്ടാമത്തെ ശിവക്ഷേത്രം സ്ഥാപിച്ചു. അവർണർക്ക് ക്ഷേത്രത്തിൽ പ്രവേശനമില്ലാത്തതിനാലായിരുന്നു അദ്ദേഹം ക്ഷേത്രങ്ങൾ നിർമ്മിച്ചത്. സവർണർക്ക് മാത്രം നല്ല വസ്ത്രങ്ങൾ ധരിക്കാൻ അനുവാദമുണ്ടായിരുന്നില്ല. സവർണ സ്ത്രീകൾ ധരിക്കുന്ന അച്ചിപ്പുടവ, ഉടുത്ത ഈഴവ യുവതിയുടെ പുടവ സവർണർ കീറി. ഇതറിഞ്ഞ വേലായുധ പണിക്കർ ഏതാനും ഈഴവയുവതികളെ അച്ചിപ്പുടവ അണിയിപ്പിച്ച് പ്രശ്നം നടന്ന കായംകുളത്ത് നടത്തിപ്പിച്ചു. മാന്യമായ വസ്ത്രധാരണത്തിനായി പണിമുടക്ക് നടത്തി. സവർണർ ഒത്തുതീർപ്പിന് ശ്രമിക്കുകയും അച്ചിപ്പുടവ ഉടുക്കാൻ അനുവാദം നൽകുകയും ചെയ്തു.
വസ്ത്രധാരണത്തിലെന്നതുപോലെ തന്നെ ആഭരണങ്ങൾ ധരിക്കുന്നതിലും അവർണ സ്ത്രീകൾക്ക് നിയന്ത്രണമുണ്ടായിരുന്നു. പന്തളത്ത് സ്വർണമൂക്കുത്തി ധരിച്ച ഒരു അവർണ യുവതി ചന്തയിലെത്തി. പ്രമാണിമാർ മൂക്കുകുത്തി പറിച്ചുകളഞ്ഞു. ഇതിൽ കുപിതനായ വേലായുധ പണിക്കർ സ്വർണമൂക്കുത്തികളുമായി പിറ്റേന്ന് ചന്തയിലെത്തി സ്വർണമൂക്കുത്തികൾ അവർക്ക് നൽകി. മംഗലം ക്ഷേത്രത്തിൽ കഥകളി പഠിപ്പിക്കുവാൻ സൗര്യമൊരുക്കി. സുഹൃത്തും കഥകളി വിദഗ്ദ്ധനുമായ അമ്പലപ്പുഴ മാധവക്കുറുപ്പിന്റെ സഹായത്താലാണ് ഇതാരംഭിച്ചത്. തോണിയിൽ രാത്രി സഞ്ചരിക്കവെ ഇരുട്ടിന്റെ മറവിൽ ആരോ അദ്ദേഹത്തെ വധിച്ചു.
തൈക്കാട് അയ്യ
ടിപ്പുവിന്റെ പടയോട്ടക്കാലത്ത് മലബാറിൽ നിന്നും തമിഴ്നാട്ടിലേക്ക് കുടിയേറി പാർത്തവരാണ് ഇദ്ദേഹത്തിന്റെ പൂർവികർ. തമിഴ്നാട്ടിലെ നകലപുരത്ത് മുത്തുകുമാരന്റെയും രുക്മിണി അമ്മാളുടെയും മകനായാണ് ജനനം. സുബ്ബരായൻ എന്നാണ് യഥാർത്ഥ പേര്.
ശ്രീനാരായണ ഗുരുവിനും ചട്ടമ്പി സ്വാമികൾക്കും മാർഗ്ഗദർശിയായിരുന്ന തൈക്കാട് അയ്യ കുടുംബജീവിതം നയിച്ചിരുന്ന യോഗിയായിരുന്നു. യോഗ വിദ്യയിൽ നൈപുണ്യം നേടിയ അദ്ദേഹം അഷ്ടസിദ്ധി എന്ന വിദ്യ സ്വായത്തമാക്കി. സ്വാതിതിരുനാൾ ഇദ്ദേഹത്തിന്റെ ആത്മീയ പ്രഭാവത്തെക്കുറിച്ച് അറിഞ്ഞ് കൊട്ടാരത്തിലേക്ക് ക്ഷണിച്ച് ശിഷ്യത്വം സ്വീകരിച്ചു.
തിരുവനന്തപുരത്തെ തൈക്കാട് എന്ന സ്ഥലത്ത് വച്ച് ദേവി പ്രത്യക്ഷയാവുകയും തുടർന്ന് അദ്ദേഹം അവിടെത്തന്നെ സ്ഥിരതാമസമാക്കുകയും ചെയ്തു. കമലമ്മാളെ വിവാഹം കഴിച്ച അദ്ദേഹത്തിന് അഞ്ച് മക്കളുണ്ടായിരുന്നു.
ചെന്നൈയിലെ പട്ടാള ക്യാമ്പിലേക്ക് സാധനങ്ങൾ എത്തിച്ചുകൊടുക്കുന്ന ജോലി ചെയ്യുമ്പോൾ മക്ഗ്രിഗറുമായി പരിചയപ്പെടുകയും പിന്നീട് മക്ഗ്രിഗർ തിരുവിതാംകൂറിലെ റസിഡന്റായി നിയമിതനായപ്പോൾ അയ്യ തൈക്കാട് റസിഡൻസിയുടെ മാനേജരായി നിയമിതനായി. സൂപ്രണ്ട് അയ്യ എന്നാണ് സഹപ്രവർത്തകർ അദ്ദേഹത്തെ വിളിച്ചിരുന്നത്. സമാധിയാകുംവരെ മാനേജർ പദവിയിൽ അദ്ദേഹം തുടർന്നു.
ഉന്ത ഉലകിലേ ഒരേ ഒരു ജാതി താൻ ഒരേ ഒരു മതം താൻ, ഒരേ ഒരു കടവിൽ താൻ എന്ന് അദ്ദേഹം ഉദ്ഘോഷിച്ചു. ആദ്യമായി പന്തിഭോജനം നടത്തിയത് തൈക്കാട് അയ്യയായിരുന്നു. പല ജാതി മതത്തിൽപ്പെട്ടവർ ഇദ്ദേഹത്തിന്റെ ശിഷ്യരായിരുന്നു. മനോൻമണിയം സുന്ദരം പിള്ളയോടൊപ്പം തിരുവനന്തപുരത്ത് ശൈവപ്രകാശിക സഭ സ്ഥാപിച്ചു. പേട്ടയിലെ ജ്ഞാനപ്രകാശിക സഭയിൽ പ്രഭാഷണങ്ങൾ നടത്തിയിരുന്നു. തൈക്കാട് അയ്യയുടെ സ്മരണാർത്ഥം തിരുവനന്തപുരത്ത് ശിവപ്രതിഷ്ഠയുള്ള ക്ഷേത്രമുണ്ട്.
മേൽമുണ്ട് സമരം
താഴ്ന്ന ജാതിക്കാർ മേൽമുണ്ട് ധരിക്കുന്നത് വിലക്കിയിരുന്നതിനെതിരെ ശബ്ദമുയർത്തിയ വൈകുണ്ഠസ്വാമികൾ ഭരണകൂടത്തിനെതിരെ സമരത്തിനിറങ്ങി. മേൽമുണ്ട് സമരത്തിന് പ്രചോദനം നൽകിയത് ഇദ്ദേഹമായിരുന്നു. അയിത്തോച്ചാടന പ്രക്ഷോഭത്തിന് തുടക്കം കുറിച്ച സ്വാമികൾ അവർണ വിഭാഗങ്ങൾ അനാചാരങ്ങൾക്കെതിരെ ശബ്ദമുയർത്തണമെന്നാവശ്യപ്പെട്ടു. അയ്യാവഴി എന്ന ചിന്താപദ്ധതി അദ്ദേഹം മുന്നോട്ട് വച്ചു. 'നിഴൽ താങ്കൽ" എന്നത് സ്വാമികൾ സ്ഥാപിച്ച ക്ഷേത്രങ്ങളാണ്. വേല ചെയ്താൽ കൂലി കിട്ടണം എന്ന മുദ്രാവാക്യമുയർത്തി. തുവയൽ പന്തികൾ എന്ന കൂട്ടായ്മ രൂപീകരിച്ചതിലൂടെ സ്വാമികൾ ലക്ഷ്യമിട്ടത് ചിട്ടയോടുകൂടിയ ഒരു ജനജീവിതമായിരുന്നു. 'ജാതി ഒന്ന്, മതം ഒന്ന്, കുലം ഒന്ന്, ദൈവം ഒന്ന്" എന്ന സന്ദേശം സമൂഹത്തിന് നൽകി.